ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ആതിഥേയരായ ഇംഗ്ലണ്ട് ഉയർത്തിയ 131 റൺസിന്റെ വിജയ ലക്ഷ്യം 20.5 ഓവറിൽ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തു. ഏഴ് വിക്കറ്റുകൾക്കാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് കൂട്ടത്തകർച്ച സംഭവിച്ചു. ഓപ്പണർ ജാമി സ്മിത്ത് (54) അർധസെഞ്ചറിയുടെ പിൻബലത്തിൽ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. 14 ഓവറിൽ 82-2 എന്ന നിലയിലായിരുന്ന ആതിഥേയർ 131-ൽ എല്ലാവരും പുറത്താവുകയായിരുന്നു. 49 റൺസ് നേടുന്നതിനിടെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. കേശവ് മഹാരാജ് നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, വിയാൻ മൾഡർ മൂന്ന് വിക്കറ്റുകളുമായി മികച്ച പ്രകടനം നടത്തി.

132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണർ എയ്ഡൻ മർക്രം 55 പന്തിൽ 86 റൺസെടുത്ത് വിജയത്തിന് അടിത്തറയിട്ടു. റയാൻ റികൽടൻ 31 റൺസെടുത്ത് പുറത്താകാതെ നിന്നു. 121 റൺസെടുക്കുന്നതിനിടയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മർക്രം പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ തെംബ ബവുമ (6), ട്രിസ്റ്റൻ സ്റ്റബ്സ് (0) എന്നിവരും പുറത്തായെങ്കിലും വിജയത്തിന് പിന്നെയധികം സമയം വേണ്ടിവന്നില്ല. പരമ്പരയിലെ രണ്ടാം ഏകദിനം വ്യാഴാഴ്ച നടക്കും.