ലക്‌നൗ: ഐപിഎല്ലില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള അവസരം നഷ്ടമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം 42 റണ്‍സിന് തോറ്റതോടെയാണ് ആര്‍സിബിക്ക് മുന്നേറാന്‍ കഴിയാതെ പോയത്. 232 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 19.5 ഓവറില്‍ 189ന് എല്ലാവരും പുറത്താവുകയായിരുന്നു.

ഹൈദരാബാദ് ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബെംഗളൂരുവിനായി ഫിലിപ് സാള്‍ട്ടും വിരാട് കോലിയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഏഴോവറില്‍ ടീം 80-ലെത്തി.പിന്നാലെ 43 റണ്‍സെടുത്ത് കോലി പുറത്തായി.മായങ്ക് അഗര്‍വാളിനും

(11)കാര്യമായ സംഭാവന നല്‍കാനായില്ല.ഫിലിപ് സാള്‍ട്ട് 32 പന്തില്‍ 62 റണ്‍സെടുത്തു.രജത് പാട്ടിദാറും(18) ജിതേഷ് ശര്‍മയും(24) റൊമാരിയോ ഷെഫേര്‍ഡും(0) പുറത്തായതോടെ ബെംഗളൂരു പ്രതിരോധത്തിലായി.ടീം 174-6 എന്ന നിലയിലേക്ക് വീണു.പിന്നീടാര്‍ക്കും ടീമിനെ കരകയറ്റാനായില്ല. ഒടുക്കം 19.5 ഓവറില്‍ 189 ന് ബെംഗളൂരു പുറത്തായി.

മൂന്ന് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സ്, രണ്ട് വിക്കറ്റ് നേടിയ ഇഷാന്‍ മലിംഗ എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്.നേരത്തേ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഹൈദരാബാദ് ആറുവിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണെടുത്തിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെത് തകര്‍പ്പന്‍ തുടക്കമായിരുന്നു. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ടീമിനെ അതിവേഗം അമ്പതിലെത്തിച്ചു. നാലോവറില്‍ ടീം 54-ലെത്തി. അഭിഷേക് ശര്‍മയും(34) ഹെഡും(17) പുറത്തായെങ്കിലും ഇഷാന്‍ കിഷന്‍ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തി. അതോടെ ഹൈദരാബാദ് സ്‌കോര്‍ കുതിച്ചു.

ഇഷാന്‍ കിഷന്‍ 48 പന്തില്‍ നിന്ന് 94 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.ക്ലാസന്‍(24), അനികേത് വര്‍മ(26) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അര്‍ധസെഞ്ചുറിയോടെ വെടിക്കെട്ട് നടത്തിയ കിഷന്‍ ടീമിനെ 200-കടത്തി. നിതീഷ് കുമാര്‍ റെഡ്ഡി നാല് റണ്‍സും അഭിനവ് മനോഹര്‍ 12 റണ്‍സുമെടുത്ത് പുറത്തായി. ഒടുക്കം ആറുവിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 231 റണ്‍സെടുത്തു.റൊമാരിയോ ഷെപ്പേര്‍ഡ് ആര്‍സിബിക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.