- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
5 വിക്കറ്റുകൾ ശേഷിക്കെ അവസാന ഓവറിൽ വേണ്ടത് 9 റൺസ്; ആദ്യ നാല് പന്തിലും വിക്കറ്റ്; ത്രില്ലർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ അവിശ്വസനീയ വിജയം; വനിതാ ഏകദിന ലോകകപ്പിൽ സെമി സാധ്യത നിലനിർത്തി ശ്രീലങ്ക
നവി മുംബൈ: 2025 വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെ 7 റൺസിന് പരാജയപ്പെടുത്തി സെമി ഫൈനൽ സാധ്യതകൾ നിലനിർത്തി ശ്രീലങ്ക. ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിന്റെ അവസാന ഓവറിലെ മിന്നും പ്രകടനമാണ് ശ്രീലങ്കയ്ക്ക് വിജയത്തിൽ നിർണായകമായത്. 5 വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം മതിയായിരുന്ന ബംഗ്ലാദേശ് ആദ്യ നാലു പന്തുകളില്‍ നാലു വിക്കറ്റുകള്‍ നഷ്ടമാക്കിയാണ് ഏഴ് റണ്‍സ് തോല്‍വി വഴങ്ങിയത്. ഇതോടെ വനിതാ ലോകകപ്പില്‍ സെമി കാണാതെ പുറത്താവുന്ന ആദ്യ ടീമായി ബംഗ്ലാദേശ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 48.4 ഓവറിൽ 202 റൺസിന് ഓൾ ഔട്ട് ആയി. ബംഗ്ലാദേശ് 9 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് വരെ എത്തിയിട്ടും മല്സരം വിജയിക്കാനായില്ല. മത്സരത്തിന്റെ അവസാന രണ്ടോവറിൽ 12 റൺസായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ ആവശ്യമായിരുന്നത്. 48 ഓവറുകൾ പൂർത്തിയാകുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. ശേഷിച്ച 12 പന്തുകളിൽ വെറും 4 റൺസ് മാത്രം നേടാനേ അവർക്ക് സാധിച്ചുള്ളൂ, ഇതിനിടെ 5 വിക്കറ്റുകൾ അവർക്ക് നഷ്ടമായി.
49-ാം ഓവറിൽ സുഗന്ധിക കുമാരി 3 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അവസാന ഓവറിൽ ബംഗ്ലാദേശിന് ജയിക്കാൻ 9 റൺസ് വേണ്ടിയിരുന്നു. 50-ാം ഓവർ എറിഞ്ഞ ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു ആദ്യ പന്തിൽ റെബയ ഖാനെ പുറത്താക്കി. രണ്ടാം പന്തിൽ നഹിദ അക്തർ റണ്ണൗട്ടായി. മൂന്നാം പന്തിൽ നിഗർ സുൽത്താനയെയും നാലാം പന്തിൽ മറുഫ അക്തറിനെയും പുറത്താക്കിയതോടെ ശ്രീലങ്ക വിജയമുറപ്പിച്ചു. അഞ്ചാം പന്തിൽ ഒരു റണ്ണും അവസാന പന്തിൽ റണ്ണൊന്നുമെടുക്കാതെയും ബംഗ്ലാദേശ് നഷ്ടപ്പെടുത്തിയതോടെ ശ്രീലങ്കയ്ക്ക് നാടകീയ വിജയം സ്വന്തമായി.
ബംഗ്ലാദേശിനായി ക്യാപ്റ്റൻ നിഗർ സുൽത്താന 77 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ഷർമിൻ അക്തർ 64 റൺസുമായി പുറത്താകാതെ നിന്നു. ഷോർണ അക്തർ 19 റൺസെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു 4 വിക്കറ്റുകൾ വീഴ്ത്തി. സുഗന്ധിക കുമാരി രണ്ട് വിക്കറ്റും ഉദേശിക പ്രബോധിനി ഒരു വിക്കറ്റും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി ഹസിനി പെരേര 85 (99), ചമരി അട്ടപ്പട്ടു 46(43), നിലാക്ഷി ഡിസിൽവ 37(38) എന്നിവർ മികച്ച ബാറ്റിങ് കാഴ്ചവെച്ചു.