ചെന്നൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടേറ്റ നാണംകെട്ട തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിങ്‌സ് മാനേജ്‌മെന്റിനും താരങ്ങൾക്കുമെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്‌. ചെന്നൈയുടെ ടീം കോമ്പിനേഷൻ അടിമുടി അബദ്ധമാണെന്നും ചില താരങ്ങളെ എന്തിനാണ് ടീമിൽ നിലനിർത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും തന്റെ യുട്യൂബ് ചാനലിലൂടെ ശ്രീകാന്ത് തുറന്നടിച്ചു.

ആർസിബിക്കെതിരായ മത്സരത്തിൽ മൂന്ന് ഓവറിൽ 36 റൺസ് വഴങ്ങി വിക്കറ്റൊന്നും നേടാനാകാതെ പോയ ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറിക്കെതിരെയാണ് ശ്രീകാന്ത് പ്രധാനമായും വിരൽ ചൂണ്ടിയത്. "സിഎസ്‌കെയുടെ ടീം തിരഞ്ഞെടുപ്പ് തുടക്കം മുതൽക്കേ വലിയ അബദ്ധമാണ്. മാറ്റ് ഹെന്‍റിക്ക് പകരം അക്കീൽ ഹൊസൈനെ കളിപ്പിക്കണമെന്നത് ആർക്കും മനസിലാകുന്ന കാര്യമാണ്. എന്നാൽ എന്തിനാണ് ഹെൻറിയെ തന്നെ വീണ്ടും വീണ്ടും പരീക്ഷിക്കുന്നത്? ആർസിബി ബാ ബാറ്റർമാർ അവനെ തല്ലിച്ചതച്ചു. ഇനി ഒരിക്കൽ പോലും ഹെന്‍റിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തരുത്" - ശ്രീകാന്ത് പറഞ്ഞു.

ഈ സീസണിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 13 ഇക്കോണമിയിൽ വെറും രണ്ട് വിക്കറ്റുകൾ മാത്രമാണ് ഹെൻറിയുടെ സമ്പാദ്യം. 2 കോടി രൂപയ്ക്കാണ് ലേലത്തിൽ സിഎസ്‌കെ താരത്തെ സ്വന്തമാക്കിയത്. ബൗളർമാരെ മാത്രമല്ല, ചെന്നൈയുടെ ബാറ്റിങ് നിരയെയും ശ്രീകാന്ത് രൂക്ഷമായി വിമർശിച്ചു. പ്രത്യേകിച്ച് മലയാളി താരം സഞ്ജു സാംസണിന്റെ മോശം ഫോം അദ്ദേഹം എടുത്തുപറഞ്ഞു. ഈ സീസണിൽ രാജസ്ഥാൻ റോയൽസിൽ നിന്നും ട്രേഡിലൂടെ ചെന്നൈയിലെത്തിയ സഞ്ജുവിന് ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിട്ടില്ല.

ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ടീമിലെത്തിയ സഞ്ജുവിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 22 റൺസ് മാത്രമാണ് നേടാനായത് (ശരാശരി 7.33). "ബൗളർമാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ബാറ്റിംഗ് നിര റൺസ് കണ്ടെത്തണം. സഞ്ജു സാംസൺ റൺസ് നേടണം. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് സഞ്ജു പരാജയപ്പെടുന്നത്" - അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാറ്റിംഗിനും ബൗളിംഗിനും പുറമെ ചെന്നൈയുടെ മോശം ഫീൽഡിംഗിനെയും ശ്രീകാന്ത് പരിഹസിച്ചു. ഇത്തരം ഫീൽഡിംഗ് വെച്ച് ടൂർണമെന്റിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും, നിലവിലെ അവസ്ഥ തുടർന്നാൽ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കളിച്ച മൂന്ന് മത്സരങ്ങളിലും തോറ്റ ചെന്നൈ സൂപ്പർ കിംഗ്‌സ് നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.