അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ, ഇന്ത്യൻ ആരാധകർ എതിരാളികളെ പരിഹസിക്കുന്ന തരത്തിൽ പുറത്തിറക്കിയ വിവാദ പരസ്യം പിൻവലിച്ച് സ്റ്റാർ സ്പോർട്സ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് ആവേശം കൂട്ടാനും ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം എടുത്തുപറയാനും ലക്ഷ്യമിട്ടാണ് സ്റ്റാർ സ്പോർട്സ് ഈ പ്രൊമോ വീഡിയോ പുറത്തിറക്കിയത്.

ഒരു കഫേയുടെ പശ്ചാത്തലത്തിലുള്ള ഈ വീഡിയോയിൽ, ഒരു കപ്പ് കേക്കിനെ ചൊല്ലി ദക്ഷിണാഫ്രിക്കൻ ആരാധകനെ ഇന്ത്യൻ ആരാധകൻ പരിഹസിക്കുന്നതും 2024-ലെ ടി20 ലോകകപ്പ് ഫൈനലിലേറ്റ തോൽവിയെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതുമാണ് ചിത്രീകരിച്ചിരുന്നത്. എന്നാൽ കായിക സ്പിരിറ്റിനെ തകർക്കുന്നതാണ് ഈ പരസ്യമെന്ന് ചൂണ്ടിക്കാട്ടി പ്രേക്ഷകർ ഇതിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു. ഇതോടെയാണ് ബ്രോഡ്കാസ്റ്റർമാർ എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ നിന്നും പരസ്യം നീക്കം ചെയ്തത്.

ഇതിനിടെ, ദക്ഷിണാഫ്രിക്കൻ നടനും ഇൻഫ്ലുവൻസറുമായ തഞ്ച വുർ, സ്റ്റാർ സ്പോർട്സിനെ പരിഹസിച്ചുകൊണ്ട് പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് തരംഗമായി. ഇന്ത്യയുടെ പരാജയത്തിന്റെ സ്കോർ കാർഡ് സ്ക്രീനിൽ കാണിച്ചുകൊണ്ട് ഒരു കപ്പ് കേക്ക് കഴിക്കുന്ന വീഡിയോയാണ് തഞ്ച വുർ പങ്കുവെച്ചത്. "വളരെ മധുരം" എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ സൂര്യകുമാർ യാദവും സംഘവും ദക്ഷിണാഫ്രിക്കയോട് 76 റൺസിന് പരാജയപ്പെട്ടതോടെ, ഈ പരസ്യം ഇന്ത്യൻ ആരാധകർക്ക് തന്നെ തിരിച്ചടിയായി മാറി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 187 റൺസാണ് അടിച്ചെടുത്തത്. വെറും 35 പന്തുകളിൽ നിന്ന് 63 റൺസ് വാരിക്കൂട്ടിയ ഡേവിഡ് മില്ലറുടെ പ്രകടനമാണ് അവർക്ക് കരുത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 111 റൺസിന് എല്ലാവരും പുറത്തായി. 42 റൺസെടുത്ത ശിവം ദുബെ മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

2023-ലെ ലോകകപ്പ് ഫൈനലിൽ ഇതേ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയോട് തോറ്റതിന് ശേഷം, വിവിധ ഫോർമാറ്റുകളിലായി 18 ഐസിസി മത്സരങ്ങൾക്കിപ്പുറം ഇന്ത്യ നേരിടുന്ന ആദ്യ പരാജയമാണിത്. ഈ തോൽവി ഇന്ത്യയുടെ നെറ്റ് റൺറേറ്റിനെ (-3.800) സാരമായി ബാധിച്ചു. സെമി ഫൈനൽ യോഗ്യതയ്ക്കായി ഫെബ്രുവരി 26-ന് സിംബാബ്‌വെക്കെതിരെയും (ചെന്നൈ), മാർച്ച് 1-ന് വെസ്റ്റ് ഇൻഡീസിനെതിരെയും (കൊൽക്കത്ത) നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.