- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലിൽ ആരും എടുത്തില്ല; ഒറ്റദിവസം കൊണ്ട് പോക്കറ്റിലാക്കിയത് 9.5 കോടി; ക്രിക്കറ്റിലല്ല, സ്റ്റീവ് സ്മിത്ത് പുലിയാണെന്ന് തെളിയിച്ചത് ഓഹരി വിപണിയിൽ

സിഡ്‌നി: ക്രിക്കറ്റ് മൈതാനത്തെ റൺവേട്ടക്കാരൻ മാത്രമല്ല, പണം ബുദ്ധിപരമായി നിക്ഷേപിക്കുന്ന കാര്യത്തിലും താൻ 'ക്ലാസ്' പ്ലെയറാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മുൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത്. പത്തു വർഷം മുമ്പ് നടത്തിയ ഒരു ദീർഘവീക്ഷണ നിക്ഷേപത്തിലൂടെ വെറും 24 മണിക്കൂറിനുള്ളിൽ സ്മിത്തിന്റെ അക്കൗണ്ടിലെത്തിയത് ഒന്നും രണ്ടും കോടിയല്ല, 9.5 കോടി രൂപ (1.4 ദശലക്ഷം ഡോളർ).
ഓൺലൈൻ ഫർണിച്ചർ സ്റ്റാർട്ടപ്പായ 'കോല' ഓസ്‌ട്രേലിയൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തതോടെയാണ് സ്മിത്തിന് ഈ ബമ്പർ ലോട്ടറി അടിച്ചത്. ഇത്തവണ ഐപിഎൽ ലേലത്തിൽ ടീമുകളൊന്നും താൽപ്പര്യം കാട്ടാതിരുന്നതിലൂടെ ഉണ്ടായ നഷ്ടം ഓഹരി വിപണിയിലെ ഈ കുതിച്ചുചാട്ടത്തിലൂടെ സ്മിത്ത് നിഷ്പ്രയാസം മറികടന്നു.
2015-ലാണ് സ്മിത്ത് 'കോല' എന്ന കമ്പനിയിൽ ആദ്യമായി നിക്ഷേപം നടത്തുന്നത്. അന്ന് ഒരു ലക്ഷം ഡോളർ നിക്ഷേപിച്ച് കമ്പനിയുടെ 10 ശതമാനം ഓഹരികൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. നിലവിൽ കമ്പനിയുടെ എട്ടാമത്തെ വലിയ ഓഹരി ഉടമയാണ് സ്മിത്ത്. ചൊവ്വാഴ്ച ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ വ്യാപാരം ആരംഭിക്കുമ്പോൾ സ്മിത്തിന്റെ ഓഹരി മൂല്യം 11.9 ദശലക്ഷം ഡോളറായിരുന്നു. എന്നാൽ വ്യാപാരം അവസാനിച്ചപ്പോഴേക്കും ഇത് 13.2 ദശലക്ഷം ഡോളറായി കുതിച്ചുയർന്നു. അതായത് ഒറ്റ ദിവസം കൊണ്ട് ഏകദേശം 9.5 കോടി രൂപയുടെ ലാഭം.
കളിക്കളത്തിന് പുറത്തും താനൊരു മികച്ച സംരംഭകനാണെന്ന് പലതവണ തെളിയിച്ചിട്ടുള്ള സ്റ്റീവ് സ്മിത്തിന് വിവിധ മേഖലകളിൽ ശ്രദ്ധേയമായ നിക്ഷേപങ്ങളുണ്ട്. ഡിജിറ്റൽ കറൻസികളിൽ നിക്ഷേപം നടത്താൻ സഹായിക്കുന്ന ഫിൻടെക് ആപ്പായ 'ബാംബൂ'വിന്റെ ബ്രാൻഡ് അംബാസഡറായ അദ്ദേഹം, 'ഓട്ട് മിൽക്ക് ഗുഡ്‌നെസ്' എന്ന കമ്പനിയുടെ സഹസ്ഥാപകൻ കൂടിയാണ്. കൂടാതെ, പ്രമുഖ ഓൺലൈൻ ഫോട്ടോഗ്രാഫി പ്ലാറ്റ്‌ഫോമായ 'സ്നാപ്പർ' എന്ന സ്ഥാപനത്തിലും സ്മിത്ത് വലിയൊരു തുക നിക്ഷേപിച്ചിട്ടുണ്ട്. ഇത്തരത്തിൽ വൈവിധ്യമാർന്ന ബിസിനസ് സംരംഭങ്ങളിലൂടെ തന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിലും ഈ മുൻ ഓസീസ് നായകൻ വിജയിച്ചിരിക്കുകയാണ്.
നേരത്തെ രാജസ്ഥാൻ റോയൽസിന്റെ ഓഹരികൾ സ്വന്തമാക്കിയതിലൂടെ അന്തരിച്ച ഇതിഹാസ താരം ഷെയ്ൻ വോൺ 450 കോടി രൂപയുടെ ലാഭമുണ്ടാക്കിയത് വലിയ വാർത്തയായിരുന്നു. അതേ പാതയിലൂടെയാണ് ഇപ്പോൾ സ്മിത്തും സഞ്ചരിക്കുന്നത്. സ്മിത്തിന്റെ ഈ സാമ്പത്തിക വിജയം കായിക താരങ്ങൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.


