ബര്‍മിങ്ഹാം: ഒന്നാം ഇന്നിങ്സിലെ ഇരട്ട സെഞ്ച്വറിക്ക് പിന്നാലെ രണ്ടാം ഇന്നിങ്സില്‍ ഉജ്ജ്വല സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗില്‍ എഡ്ജ്ബാസ്റ്റണില്‍ കുറിച്ചത്. 129 പന്തില്‍ 9 ഫോറും 3 സിക്സും പറത്തിയാണ് ഗില്‍ ശതകത്തിലെത്തിയത്. ഏകദിന ശൈലയില്‍ ബാറ്റുവീശിയ ഗില്‍ ടീം ഇന്ത്യക്ക് 600 റണ്‍സിന്റെ ലീഡ് സമ്മാനിച്ച ശേഷം പുറത്തായി. 162 പന്തില്‍ 161 റണ്‍സാണ് നേടിയത്. രണ്ടാമിന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലെയര്‍ചെയ്തു. 608 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍.

രവീന്ദ്ര ജഡേജ 69 റണ്‍സുമായി പുറത്താകാതെ നിന്നു. ഒപ്പം വാഷിംഗ്ടണ്‍ സുന്ദറാണ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ ക്രീസില്‍ ഉണ്ടായിരുന്നത്. ഇംഗ്ലീഷ് ബൗളര്‍മാരെ കടന്നാക്രമിച്ച് ബാറ്റ് വീശിയ ഋഷഭ് പന്ത് നാലാം വിക്കറ്റായി മടങ്ങി. താരം 58 പന്തില്‍ 8 ഫോറും 3 സിക്സും സഹിതം പന്ത് 65 റണ്‍സെടുത്ത് ഇന്ത്യക്ക് നിര്‍ണായക സംഭാവന നല്‍കിയാണ് പുറത്തായത്. പിന്നാലെ എത്തിയ ജഡേജ രണ്ടാം ഇന്നിങ്സിലും കരുതലോടെ ബാറ്റ് വീശി.

ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡി എന്നിവരും പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സെടുത്ത ഇന്ത്യ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 407 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. 180 റണ്‍സിന്റെ നിര്‍ണായക ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്. തുടക്കത്തില്‍ മികച്ച രീതിയിലാണ് കെഎല്‍ രാഹുല്‍- കരുണ്‍ നായര്‍ സഖ്യം മുന്നേറിയത്. അതിനിടെയാണ് കരുണ്‍ മടങ്ങിയത്. ഒന്നാം ഇന്നിങ്സിലേതിനു സമാനമായി നന്നായി തുടങ്ങിയെങ്കിലും ഇത്തവണയും കരുണ്‍ ഷോര്‍ട്ട് പന്തില്‍ ബാറ്റ് വച്ച് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിനു പിടി നല്‍കി മടങ്ങി. താരം 46 പന്തില്‍ 5 ഫോറുകള്‍ സഹിതം 26 റണ്‍സൈടുത്തു. ബ്രയ്ഡന്‍ കര്‍സിനാണ് വിക്കറ്റ്.

മൂന്നാം ദിനത്തില്‍ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് യശസ്വി ജയ്സ്വാളിനെയാണ് ആദ്യം നഷ്ടമായത്. താരം 22 പന്തില്‍ 28 റണ്‍സെടുത്തു മടങ്ങി. ജോഷ് ടോംഗിന്റെ പന്തില്‍ ജയ്സ്വാള്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. പിന്നീട് നഷ്ടങ്ങളില്ലാതെയാണ് മൂന്നാം ദിനം ഇന്ത്യ അവസാനിപ്പിച്ചത്.

ഒന്നാം ഇന്നിങ്സില്‍ 84 റണ്‍സ് ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ഇംഗ്ലണ്ടിനെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹാരി ബ്രൂക്ക്- ജാമി സ്മിത്ത് സഖ്യം അവിശ്വസനീയമാം വിധം കരകയറ്റുകയായിരുന്നു. ഇരുവരും സെഞ്ച്വറി നേടി ഇന്ത്യന്‍ ബൗളര്‍മാരെ ഏറെനേരം വശംകെടുത്തി. ഈ കൂട്ടുകെട്ട് പൊളിച്ചതിനു പിന്നാലെ ശേഷിച്ച നാല് വിക്കറ്റുകള്‍ ഇന്ത്യ അതിവേഗം വീഴ്ത്തിയാണ് ഇന്ത്യ ഭേദപ്പെട്ട ലീഡ് സ്വന്തമാക്കിയത്.

ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജാണ് പോരാട്ടം ഏറ്റെടുത്തത്. ഒപ്പം ബുംറയുടെ പകരം പ്ലെയിങ് ഇലവനില്‍ എത്തിയ ആകാശ് ദീപും ചേര്‍ന്നതോടെ ഇംഗ്ലണ്ടിന്റെ കൗണ്ടര്‍ അറ്റാക്ക് മൂന്നാം ദിനത്തില്‍ മൂന്നാം സെഷനില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി. സിറാജ് 6 വിക്കറ്റുകളും ആകാശ് ദീപ് 4 വിക്കറ്റുകളും സ്വന്തമാക്കി.

184 റണ്‍സുമായി പുറത്താകാതെ നിന്നു പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ച ജാമി സ്മിത്തിന് പിന്തുണയ്ക്കാന്‍ ആളില്ലാതെ കന്നി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാകാത്ത സ്വപ്നമായി അവശേഷിപ്പിക്കേണ്ടി വന്നു. എങ്കിലും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഇന്നിങ്‌സാണ് താരം എഡ്ജ്ബാസ്റ്റണില്‍ കളിച്ചത്. കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് 24കാരന്‍ കുറിച്ചത്.

207 പന്തില്‍ 21 ഫോറും 4 സിക്‌സും സഹിതം സ്മിത്ത് 184 റണ്‍സെടുത്തു. ബ്രൂക്ക് 234 പന്തില്‍ 17 ഫോറും ഒരു സിക്‌സും സഹിതം 158 റണ്‍സും കണ്ടെത്തി. ഇരുവരും ചേര്‍ന്നു ആറാം വിക്കറ്റില്‍ 303 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഒടുവില്‍ ഹാരി ബ്രൂക്കിനെ ക്ലീന്‍ ബൗള്‍ഡാക്കി ആകാശ് ദീപാണ് ഇന്ത്യക്ക് ബ്രെയ്ക്ക് ത്രൂ നല്‍കിയത്. പിന്നാലെ താരം ക്രിസ് വോക്‌സിനേയും (5) മടക്കി. അവസാന മൂന്ന് ബാറ്റര്‍മാരായ ബ്രയ്ഡന്‍ കര്‍സ്, ജോഷ് ടോംഗ്, ഷൊയ്ബ് ബഷീര്‍ എന്നിവരെ സിറാജ് റണ്ണെടുക്കാന്‍ പോലും അനുവദിക്കാതെ കൂടാരം കയറ്റി ഇംഗ്ലീഷ് ഇന്നിങ്‌സിനു തിരശ്ശീലയിട്ടു.

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയതിനു പിന്നാലെ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ആകാശ് ദീപ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചെങ്കില്‍ മൂന്നാം ദിനത്തില്‍ മുഹമ്മദ് സിറാജായിരുന്നു തുടരെ രണ്ട് പേരെ മടക്കി അവരെ വന്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടത്. 3 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിന് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീടാണ് ബ്രൂക്കും സ്മിത്തും ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഐതിഹാസിക ഇന്നിങ്‌സാണ് ഒന്നാം ഇന്നിങ്‌സിലെ ഇന്ത്യന്‍ ബാറ്റിങിന്റെ ഹൈലൈറ്റ്. അവിസ്മരണീയ ബാറ്റിങുമായി കളം വാണ ക്യാപ്റ്റന്‍ ഗില്‍ കന്നി ഇരട്ട സെഞ്ച്വറി നേട്ടത്തോടെയാണ് ക്രീസ് വിട്ടത്. താരം 387 പന്തുകള്‍ നേരിട്ട് 30 ഫോറും 3 സിക്‌സും സഹിതം 269 റണ്‍സെടുത്തു മടങ്ങി. ഒരുവേള ട്രിപ്പിള്‍ സെഞ്ച്വറി നേട്ടത്തിലേക്ക് ക്യാപ്റ്റന്‍ എത്തുമെന്നു തോന്നിച്ചു. എന്നാല്‍ ജോഷ് ടോംഗ് ഗില്ലിനെ ഒലി പോപ്പിന്റെ കൈകളില്‍ എത്തിച്ചു. ഒന്നാം ദിനം ക്രീസിലെത്തിയ ഗില്‍ രണ്ടാം ദിനത്തില്‍ ഒന്‍പതാമനായാണ് മടങ്ങിയത്. ക്യാപ്റ്റന്‍ പുറത്തായതിനു പിന്നാലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സും അധികം നീണ്ടില്ല.