കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കിയേക്കുമെന്ന സൂചന നല്‍കി നായകന്‍ സൂര്യകുമാര്‍ യാദവ്. രണ്ടാം ട്വന്റി 20യില്‍ ആദ്യ പന്തില്‍ പുറത്തായെങ്കിലും മലയാളി താരം സഞ്ജു സാംസണെ മൂന്നാം മത്സരത്തിനുള്ള ടീമിലും നിലനിര്‍ത്തിയേക്കും. മത്സരശേഷം സംസാരിക്കുകയായിരുന്നു സൂര്യ. മഹീഷ് തീക്ഷണയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരമാണ് സഞ്ജു ഇന്നലെ കളിച്ചത്. ലഭിച്ച അവസരം മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. എങ്കിലും ഇന്ത്യ ജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു.

സൂര്യയുടെ വാക്കുകള്‍... "ഞങ്ങള്‍ കളിക്കുന്ന ക്രിക്കറ്റ് ബ്രാന്‍ഡിനെ കുറിച്ച് നേരത്തെ സംസാരിച്ചതാണ്. ചെറിയ വിജയലക്ഷ്യമാണെങ്കില്‍ പോലും അതിന് മാറ്റമുണ്ടാവില്ല. ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണ് ലക്ഷ്യം. 160നടുത്തുള്ള വിജയലക്ഷ്യം ചെറിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. മഴ പെയ്തത് സഹായിച്ചു. എല്ലാവരും നല്ല രീതിയില്‍ ബാറ്റ് ചെയ്തു. അടുത്ത മത്സരത്തില്‍ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കുന്ന കാര്യം പരിഗണിക്കും." സൂര്യ മത്സരശേഷം പറഞ്ഞു. സൂര്യയുടെ വാക്കുകള്‍ കണക്കിലെടുത്താല്‍ സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചേക്കും. ദേശീയ ടീമില്‍ സ്ഥിരമായി അവസരങ്ങള്‍ ലഭിക്കാതെ വലയുകയാണ് സഞ്ജു.

സഞ്ജു നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. പല്ലെകെലേ, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 162 റണ്‍സ് വിജയക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സായി പുനര്‍നിശ്ചയിച്ചു. ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു. 30 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് 26 റണ്‍സെടുത്തു. ഇനി ഒരു മത്സരം കൂടിയാണ് ശേഷിക്കുന്നത്.

അതേസമയം യുവതാരം റയാന്‍ പരാഗിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ ആവശ്യപ്പെട്ടു. എക്സിലൂടെയാണ് പരാഗിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കൂയെന്നു ഇര്‍ഫാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു താരങ്ങളില്‍ നിന്നും അദ്ദേഹത്തെ സ്പെഷ്യലാക്കി മാറ്റുന്നത് എന്താണെന്നു ഇര്‍ഫാന്‍ ഇതില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ സിംബാബ്വെ പര്യടനത്തിലെ ടി20 പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് പരാഗ്. ഈ പരമ്പരയില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും ലങ്കയ്ക്കെതിരേ അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും ബൗളിങില്‍ പരാഗ് തിളങ്ങുകയും ചെയ്തു.

ലങ്കയ്ക്കെതിരേ ആദ്യ ടി20യില്‍ ഏഴു റണ്‍സെടുത്ത് പുറത്തായ പരാഗിനു രണ്ടാമങ്കത്തില്‍ ബാറ്റ് ചെയ്യാനുള്ള അവസരവും ലഭിച്ചില്ല. എന്നാല്‍ ബൗളിങില്‍ യുവതാരം ഈ ക്ഷീണം തീര്‍ക്കുകയായിരുന്നു. ആദ്യ കളിയില്‍ ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടായി പരാഗ് മാറിയിരുന്നു. മൂന്നു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. രണ്ടാമത്തെ കളിയില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയിരുന്നു. 7.5 ഇക്കോണമി റേറ്റില്‍ 30 റണ്‍സാണ് പരാഗ് വിട്ടുകൊടുത്തത്.

ബൗളിങിലെ കഴിവ് കാരണം പരാഗിനു ഇന്ത്യന്‍ ടീമിനോടൊപ്പം കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് ഇര്‍ഫാന്റെ നിരീക്ഷണം. റിയാന്‍ പരാഗിനു ഇന്ത്യന്‍ ടീമിനോടൊപ്പം ഒരുപാട് അവസരങ്ങള്‍ ലഭിക്കുന്നത് നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന മുന്‍നിര ബാറ്റര്‍മാര്‍ രാജ്യത്തു അധികമില്ല. ഇവിടെയാണ് റിയാന്‍ പരാഗിനു ഒരു അധികം മുന്‍തൂക്കം ലഭിക്കുകയെന്നും ഇര്‍ഫാന്‍ എക്സില്‍ കുറിച്ചു.

ആദ്യ ടി20യിലെ മിന്നുന്ന ബൗളിങ് പ്രകടനത്തിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരാഗിനെ പുകഴ്ത്തിയിരുന്നു. റിയാന്‍ പരാഗ് വളരെ സ്പെഷ്യലായിട്ടുള്ള താരമാണ്. കാരണം അവന്‍ നെറ്റ്സില്‍ ബൗള്‍ ചെയ്യുന്നത് ഐപിഎല്ലിനു മുമ്പ് ഞാന്‍ കണ്ടിരുന്നു. പരാഗില്‍ ഒരു എക്സ് ഫാക്ടറുണ്ടെന്നു വാര്‍ത്താസമ്മേളനത്തിലും താന്‍ പറഞ്ഞിരുന്നതായും സൂര്യ വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര ടി20യില്‍ നിന്നും വിരമിച്ച സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി പരാഗിനെ വളര്‍ത്തിയെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ബൗളിങില്‍ അദ്ദേഹം വേണ്ടത്ര പരീക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ അസ്സമിനു വേണ്ടി സ്ഥിരമായി ബൗള്‍ ചെയ്യുകയും വിക്കറ്റുകളെടുക്കുകയും ചെയ്തിട്ടുള്ള താരമാണ് പരാഗ്.