ഇംഗ്ലണ്ട് ഇന്ത്യ ടി 20 ഇന്ന് തുടങ്ങാന്‍ ഇരിക്കുകയാണ്. മത്സരത്തില്‍ സഞ്ജു സാംസണ്‍ തന്റെ സ്ഥാനം ഉറപ്പിച്ചെന്ന് പറഞ്ഞിരിക്കുകയാണ് സൂര്യകുമാര്‍ യാദവ് . കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള തര്‍ക്കത്തിനിടയിലും വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും, ജനുവരി 22 ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ കീപ്പര്‍-ബാറ്റര്‍ ഭാഗമാകും. ടി 20 യില്‍ റെഡ് ഹോട്ട് ഫോമില്‍ കളിക്കുന്ന സാഹചര്യത്തില്‍ സഞ്ജുവിന് പകരം ഇന്ത്യക്ക് മറ്റൊരു ഓപ്ഷന്‍ നോക്കേണ്ട ആവശ്യമില്ല.

കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, വിക്കറ്റ് കീപ്പര്‍ സാംസണെ കുറിച്ച് ഒരു ചോദ്യചിഹ്നവുമില്ലെന്ന് സൂര്യകുമാര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ കേരള കീപ്പര്‍-ബാറ്റര്‍ അസാധാരണമായ പ്രകടനമാണ് നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റമ്പിന് പിന്നിലെ മികച്ച പ്രകടനങ്ങള്‍ക്ക് പുറമെ, ബാറ്റുകൊണ്ടും സാംസണ്‍ മികവ് കാണിച്ചു. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ടി 20 യില്‍ മൂന്ന് ടി20 സെഞ്ചുറികള്‍ അടിച്ച ശേഷം ഈ നേട്ടം ഒരു കലണ്ടര്‍ വര്‍ഷം സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ താരമായി. ''നിലവില്‍ വിക്കറ്റ് കീപ്പറെ സംബന്ധിച്ച് ചോദ്യചിഹ്നമില്ല. കഴിഞ്ഞ ഏഴ്-എട്ട് മത്സരങ്ങളില്‍ സഞ്ജു മികച്ച പ്രകടനമാണ് നടത്തിയത്. തന്റെ കഴിവ് എന്താണെന്ന് അദ്ദേഹം കാണിച്ചു തന്നു, സൂര്യ പറഞ്ഞു.''

അതേസമയം ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയില്‍ ഇതിഹാസ താരം എംഎസ് ധോണിയുടെ മികച്ച ബാറ്റിംഗ് റെക്കോര്‍ഡ് മറികടക്കാനുള്ള വക്കിലാണ് കീപ്പര്‍-ബാറ്റര്‍ സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന പരമ്പരയില്‍ 3- 1 ന്റെ ക്ലിനിക്കല്‍ വിജയം ഉറപ്പിച്ച ഇന്ത്യ, സ്വന്തം മണ്ണില്‍ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. അതേസമയം, ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ സഞ്ജു സാംസണിന് എലൈറ്റ് ലിസ്റ്റില്‍ എംഎസ് ധോണിയെ മറികടക്കാനുള്ള സുവര്‍ണാവസരം ആണ് ഇപ്പോള്‍ മുന്നില്‍ ഉള്ളത്. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും ക്ലീന്‍ സ്‌ട്രൈക്കര്‍മാരില്‍ ഒരാളായാണ് സഞ്ജു സാംസണ്‍ അറിയപ്പെടുന്നത്. രോഹിത് ശര്‍മ്മയുടെ വിരമിക്കലിന് ശേഷം, ടി 20 യില്‍ പണ്ട് അദ്ദേഹം ചെയ്തിരുന്ന തരത്തിലുള്ള എല്ലാ പ്രകടനവും ആവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള താരവും നമ്മുടെ സഞ്ജു സാംസണ്‍ തന്നെയാണ്.

പവര്‍ ഹിറ്റിങ് മികവിലൂടെ എതിര്‍ നിരയുടെ ആത്മവിശ്വാസം തകര്‍ക്കുന്നതില്‍ മാസ്റ്റര്‍ ആയിരുന്ന രോഹിത്തിന്റെ അതെ ശൈലി തന്നെയാണ് തനിക്കും ഉള്ളതെന്ന് സഞ്ജു പലതവണ തെളിയിച്ചുകഴിഞ്ഞ കാര്യമാണ്. എന്നിരുന്നാലും, ഇംഗ്ലണ്ട് പരമ്പരയില്‍ ആറ് സിക്സറുകള്‍ കൂടി നേടിയാല്‍ സഞ്ജു സാംസണ്‍ ധോണിയുടെ ഒരു പ്രധാന ബാറ്റിംഗ് റെക്കോര്‍ഡ് തകര്‍ക്കും. ടി20യില്‍ ധോണി 52 സിക്സറുകള്‍ നേടിയപ്പോള്‍ സാംസണ്‍ 33 ഇന്നിംഗ്സുകളില്‍ നിന്ന് 46 സിക്സറുകള്‍ നേടിയിട്ടുണ്ട്. അതിനാല്‍, അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഏഴ് സിക്സറുകള്‍ അടിച്ചാല്‍, കീപ്പര്‍-ബാറ്റര്‍ പട്ടികയില്‍ ധോണിയെ മറികടക്കും. എന്തായാലും ടി 20 ക്രിക്കറ്റിലെ സ്ഥിരതയുള്ള പ്രകടനത്തിലൂടെ ഇന്ത്യയുടെ ഏകദിന ടീമിലും സ്ഥാനം ഉറപ്പിക്കാന്‍ ആയിരിക്കും ഇനി സഞ്ജു ശ്രമിക്കുക.