- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിക്കെട്ട് ഫിഫ്റ്റിയുമായി അജിങ്ക്യ രഹാനെ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് അനായാസ ജയം; റെയിൽവേസിനെ തകർത്തത് ഏഴ് വിക്കറ്റിന്; അഷുതോഷ് ശർമ്മയുടെ അർദ്ധസെഞ്ചുറി പാഴായി
ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈക്ക് തകർപ്പൻ വിജയം. ഗ്രൂപ്പ് എ പോരാട്ടത്തിൽ റെയിൽവേസിനെയാണ് മുംബൈ ഏഴ് വിക്കറ്റിന് തകർത്തത്. സീനിയർ താരങ്ങളായ അജിൻക്യ രഹാനെ, സൂര്യകുമാർ യാദവ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. റെയിൽവേസ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം മുംബൈ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് നേടിയത്. ഓപ്പണർമാർ വേഗത്തിൽ പുറത്തായെങ്കിലും, മധ്യനിരയിൽ തകർത്തടിച്ച ആഷുതോഷ് ശർമ്മ (30 പന്തിൽ 61 റൺസ്), മുഹമ്മദ് സെയ്ഫ് (37 പന്തിൽ 48 റൺസ്) എന്നിവരാണ് റെയിൽവേസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മുംബൈക്ക് വേണ്ടി ക്യാപ്റ്റൻ ഷാർദുൽ താക്കൂർ (4 ഓവറിൽ 15 റൺസിന് 1 വിക്കറ്റ്), ശിവം ദുബെ (3 ഓവറിൽ 11 റൺസിന് 1 വിക്കറ്റ്) എന്നിവർ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിംഗിൽ മുംബൈക്ക് വേണ്ടി ഓപ്പണർ അജിൻക്യ രഹാനെ കൊടുങ്കാറ്റായി. വെറും 33 പന്തിൽ നാല് ഫോറും അഞ്ച് സിക്സുമടക്കം 62 റൺസാണ് രഹാനെ അടിച്ചെടുത്തത്. ഓപ്പണിംഗ് വിക്കറ്റിൽ ആയുഷ് മത്രെയുമായി (18) ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ രഹാനെ, പിന്നീട് സൂര്യകുമാർ യാദവിനൊപ്പം (30 പന്തിൽ 47) ചേർന്ന് മുംബൈയെ വിജയത്തോട് അടുപ്പിച്ചു. 25 പന്തുകൾ ബാക്കി നിൽക്കെ മുംബൈ വിജയത്തിലെത്തി. പ്ലെയർ ഓഫ് ദി മാച്ച് അജിൻക്യ രഹാനെയാണ്.




