ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പ് പ്രാഥമിക റൗണ്ട് അന്തിമ ഘട്ടത്തോട് അടുക്കുമ്പോൾ പാക്കിസ്ഥാനും ഇംഗ്ലണ്ടുമടക്കം ഫേവറേറ്റുകളുടെ സൂപ്പർ 8 പ്രതീക്ഷകൾ തുലാസിൽ. ഇത്തവണ നിരവധി നവാഗതരായ ടീമുകൾ യോഗ്യത നേടിയതിനാൽ തന്നെ രണ്ട് പ്രബല ടീമുകൾ മൂന്ന് പുതിയ ടീമുകൾ എന്ന നിലയിലാണ് ഫിക്സചർ ക്രമീകരിച്ചത് തന്നെ. ഈ കാരണം കൊണ്ട് ടൂർണ്ണമെന്റ് തുടങ്ങും മുൻപ് തന്നെ സൂപ്പർ എട്ട് ടീമുകളെ കുറിച്ച് ഏറെക്കുറെ ധാരണയും ഉണ്ടായിരുന്നു. എന്നാൽ ആ കണക്ക് കൂട്ടലുകളെയെല്ലാം തെറ്റിച്ച് അപ്രതീക്ഷിത കുതിപ്പ് നടത്തുകയാണ് നവാഗതർ.

ടൂർണ്ണമെന്റിൽ സാധാരണ ഒന്നോ രണ്ടോ കറുത്ത കുതിരകൾ ആണ് ഉണ്ടാവാറെങ്കിൽ ഇത്തവണ അത് പിന്നെയും കൂടും. ഒപ്പം അമേരിക്കൻ പിച്ചിന്റെ അപ്രവചനീയതയും കൂടിയാകുമ്പോൾ പ്രാഥമിക റൗണ്ട് ആവേശകരമായ അന്ത്യത്തിലേക്കാണ് കുതിക്കുന്നത്. ഇന്ന് നമീബിയയെ തകർത്തതോടെ ഓസ്ട്രേലിയയും നേരത്തെ ദക്ഷിണാഫ്രിക്കയും മാത്രമാണ് ഇപ്പോൾ സൂപ്പർ എട്ടിലെത്തിയിരിക്കുന്നത്.ആറ് സ്ഥാനങ്ങൾ ഇനിയും തീരുമാനിക്കപ്പെടാൻ പോകുന്നതേ ഉള്ളൂ. ഇടയ്ക്ക് മഴ കൂടി കളിക്കുന്നതോടെ ജയത്തോടൊപ്പം മറ്റ് ടീമുകളുടെ ഫലത്തെ കൂടി ആശ്രയിക്കേണ്ടി വരുന്നത് വരും മത്സരത്തെ കൂടുതൽ ആവേശഭരിതമാക്കും.

പാക്കിസ്ഥാനും ഇംഗ്ലണ്ടും അടക്കം നാല് ടീമുകൾ സൂപ്പർ 8 ൽ എത്താതെ പുറത്താകുമോ?; പോയന്റ് പട്ടികയിൽ മുന്നിൽ ആരൊക്കെ

ബി ഗ്രൂപ്പിൽ മൂന്ന് കളികളിൽ അഞ്ച് പോയന്റുമായി സ്‌കോട്‌ലൻഡ് ആണ് ഒന്നാമത്. മികച്ച നെറ്റ് റൺറേറ്റുള്ള (പ്ലസ് ടു.164) സ്‌കോട്‌ലൻഡ് ഇംഗ്ലണ്ടിനെ മറികടന്ന് സൂപ്പർ 8ൽ എത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ പാക്കിസ്ഥാനും സൂപ്പർ എട്ടിൽ പോലും എത്താതെ പുറത്താകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

അമേരിക്കയും അഫ്ഗാനിസ്ഥാനുമെല്ലാം അട്ടിമറി വിജയങ്ങളുമായി കുതിക്കുമ്പോൾ നാലു ഗ്രൂപ്പിലെയും പോയന്റ് നിലയും ആവേശത്തിന് ആക്കം കൂട്ടുന്നു. എ ഗ്രൂപ്പിൽ രണ്ട് കളികളിൽ നാലു പോയന്റുള്ള ഇന്ത്യയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. നെറ്റ് റൺറേറ്റിലാണ് ഇന്ത്യ(പ്ലസ് വൺ.455) അമേരിക്കയ്ക്ക്(+0.626) മുന്നിൽ നിൽക്കുന്നത്. രണ്ട് തോൽവിയും ഒരു ജയവുമായി പാക്കിസ്ഥാനാണ് മൂന്നാമത്. മൂന്ന് കളികളിൽ രണ്ട് പോയന്റുള്ള കാനഡ നാലാമതും അയർലൻഡ് അഞ്ചാമതുമാണ്.

ബി ഗ്രൂപ്പിൽ ഓസ്ട്രേലിയയാണ് ഒന്നാമത്. മൂന്ന് കളികളിൽ മൂന്ന് ജയത്തോടെ ആറുപോയന്റുമായാണ് ഓസീസ് ഒന്നാമത് നിൽക്കുന്നത്. അഞ്ച് പോയന്റുമായി സ്‌കോട്‌ലൻഡ് ആണ് രണ്ടാമത്.മികച്ച നെറ്റ് റൺറേറ്റുള്ള (പ്ലസ് ടു.164) സ്‌കോട്‌ലൻഡ് ഇംഗ്ലണ്ടിനെ മറികടന്ന് സൂപ്പർ 8ൽ എത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.രണ്ട് കളികളിൽ രണ്ട് പോയന്റുള്ള നമീബിയ ആണ് മൂന്നാമത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് രണ്ട് കളികളിൽ ഒരു പോയന്റും മൈനസ് നെറ്റ് റൺറേറ്റുമായി(1.800) നാലാമതാണ്. മൂന്ന് കളികളും തോറ്റ ഒമാൻ ആണ് സൂപ്പർ 8ൽ എത്താതെ പുറത്തായ ആദ്യ ടീം.

സി ഗ്രൂപ്പിൽ രണ്ട് കളികളും ജയിച്ച അഫ്ഗാനിസ്ഥാൻ നെറ്റ് റൺറേറ്റിന്റെ കരുത്തിൽ(+5.225) നാലു പോയന്റുമായി ഒന്നാമതും നാലു പോയന്റുള്ള വെസ്റ്റ് ഇൻഡീസ്(+3.574) രണ്ടാമതുമാണ്. മൂന്ന് കളികളിൽ രണ്ട് പോയന്റുള്ള ഉഗാണ്ടയാണ് മൂന്നാമത്. പാപുവ ന്യൂ ഗിനിയക്കും പിന്നിൽ അഞ്ചാം സ്ഥാനത്താണ് ന്യൂസിലൻഡ്. മൈനസ് നെറ്റ് റൺറേറ്റ്(4.200) ആണ് കിവീസിന് തിരിച്ചടിയാകുക.

ഗ്രൂപ്പ് ഡിയിൽ മൂന്ന് കളികളിൽ മൂന്ന് ജയവുമായി ദക്ഷിണാഫ്രിക്ക സൂപ്പർ 8ൽ എത്തിയപ്പോൾ രണ്ട് പോയന്റുള്ള ബംഗ്ലാദേശ് രണ്ടാമതും നെതർലൻഡ്സ് മൂന്നാമതുമാണ്.നേപ്പാൾ നാലാമതുള്ള ഗ്രൂപ്പിൽ രണ്ട് കളികളും തോറ്റ മുൻ ചാമ്പ്യന്മാരായ ശ്രീലങ്ക അവസാന സ്ഥാനത്താണ്.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും പാക്കിസ്ഥാനും ഇനി മുന്നോട്ട് പോകണമെങ്കിൽ മറ്റ് ടീമുകളുടെ പ്രകടനവും നിർണായകമാകും. അവശേഷിക്കുന്ന മത്സരങ്ങൾ മികച്ച മാർജ്ജിനിൽ ജയിച്ച് മറ്റ് മത്സരഫലങ്ങൾക്കായി കാത്തിരിക്കാനാവും പാക്കിസ്ഥാന്റയും ഇംഗ്ലണ്ടിന്റെയും പദ്ധതി. പിച്ചിന്റെ അപ്രവചനീയതായാണ് മത്സരഫലത്തെ ബാധിക്കുന്ന മറ്റൊരുഘടകം.ബൗളർമാരെ കൈയഴിച്ചു സഹായിക്കുന്ന പിച്ചിൽ 150 കടന്നത് തന്നെ ചുരുക്കം ചില മത്സരത്തിൽ മാത്രമാണ്.