- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു; പെർത്തിലെ അതിവേഗ പിച്ചിൽ ഒരു ബാറ്ററെ കൂടി ഉൾപ്പെടുത്തി ടീം ഇന്ത്യ; അക്ഷർ പട്ടേലിന് പകരക്കാരനായി ദീപക് ഹൂഡ കളിക്കും
പെർത്ത്: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്ത്യൻ ടീമിൽ അക്ഷർ പട്ടേലിന് പകരം ദീപക് ഹൂഡയെ ഉൾപ്പെടുത്തി. ഗ്രൂപ്പ് രണ്ടിലെ ഒന്നാം സ്ഥാനവും സെമി ഫൈനൽ ബർത്തും ലക്ഷ്യമിട്ടാണ് ഇരു ടീമും കളത്തിലിറങ്ങുന്നത്.
ആദ്യ മത്സരങ്ങളിൽ പാക്കിസ്ഥാനെയും ഹോളണ്ടിനെയും തോൽപ്പിച്ച ഇന്ത്യ ഉജ്ജ്വല ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ 104 റൺസിന് തകർത്താണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. സിംബാബ്വെക്കെതിരേ ഉറപ്പായും ജയിക്കുമായിരുന്ന മത്സരം മഴയെടുത്തതാണ് പോർട്ടീസിന് തിരിച്ചടിയായത്. പേസർമാരെ തുണയ്ക്കുന്ന പിച്ചാണ് പെർത്തിലേത്. കഗിസോ റബാഡയും ആന്റിച്ച് നോർക്യയും അടങ്ങുന്ന ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യൻ ബാറ്റർമാർക്ക് വെല്ലുവിളിയായേക്കും.
ആദ്യ രണ്ട് കളിയിലും അർദ്ധ സെഞ്ചുറി നേടിയ വിരാട് കോലി തന്നെയാണ് പെർത്തിലും ശ്രദ്ധാകേന്ദ്രം. നെതർലൻഡ്സിനെതിരെ അർദ്ധ സെഞ്ചുറിയുമായി നായകൻ രോഹിത് ശർമയും റൺ വരൾച്ചക്ക് അറുതി വരുത്തിയിട്ടുണ്ട്. സൂര്യകുമാർ യാദവ് പതിവ് പോലെ കത്തികയറുമെന്ന് കരുതാം. മോശം ഫോമിന്റെ പേരിൽ എയറിലുള്ള രാഹുലിന് നിലത്തിറങ്ങാൻ ഇന്നൊരു ഉഗ്രൻ ഇന്നിങ്സിന്റെ ആവശ്യമുണ്ട്.
രണ്ടിൽ ഒരു മത്സരം മഴ കൊണ്ടുപോയതോടെ ഒരു ജയം മാത്രമുള്ള ദക്ഷിണാഫ്രിക്ക മൂന്ന് പോയിന്റുമായി രണ്ടാമതാണ്. മുൻ ലോകകപ്പുകളിൽ നിർഭാഗ്യം പലതവണ വിനയായ ദക്ഷിണാഫ്രിക്കയ്ക്ക് സിംബാബ്വെക്കെതിരായ ആദ്യ മത്സരത്തിലെ മഴ കനത്ത ആഘാതം നൽകി. പാക്കിസ്ഥാനെതിരായ അടുത്ത മത്സരവും ദക്ഷിണാഫ്രിക്കയ്ക്ക് നിർണായകമാണ്.
സ്പോർട്സ് ഡെസ്ക്