ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം പരിക്കേറ്റ കാലുമായി ക്രീസിലിറങ്ങി ആരാധകരുടെ കയ്യടി ഏറ്റുവാങ്ങിയ ഋഷഭ് പന്തിന് അവസാന ടെസ്റ്റ് നഷ്ടമാകും. പന്തിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ എൻ. ജഗദീശനെ ടീമിൽ ഉൾപ്പെടുത്തി. നാലാം ടെസ്റ്റിന്റെ ആദ്യദിനം ക്രിസ് വോക്സിന്റെ പന്തിലാണ് താരത്തിന് പരിക്കേറ്റത്. കാലിനു പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പന്തിന് വിശ്രമം അനുവദിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാട് താരമാണ് ഇരുപത്തിയൊമ്പതുകാരൻ ജഗദീശൻ.

37 റണ്‍സെടുത്തു നില്‍ക്കെ പരിക്കേറ്റ് മടങ്ങിയ ഋഷഭ് പന്തിന് നാലാം ടെസ്റ്റില്‍ കളിക്കാനാവില്ലെന്നായിരുന്നു കരുതിയത്. കാല്‍പ്പാദത്തില്‍ പൊട്ടലുള്ളതിനാല്‍ പന്തിന് പരമ്പര തന്നെ നഷ്ടമാവുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ദിനം ആരാധകരെ അമ്പരപ്പിച്ച് പന്ത് ക്രീസിലെത്തുകയായിരുന്നു. വേദന കടിച്ചമർത്തി അർധ ശതകം പൂർത്തിയാക്കിയ ശേഷമാണ് വ്യാഴാഴ്ച പുറത്തായത്. നാലാം ടെസ്റ്റിൽ പ്രത്യേക ഷൂസ് അണിഞ്ഞാണ് പന്ത് ബാറ്റിങ്ങിന് തിരിച്ചെത്തിയത്. സ്കാനിങ്ങിൽ കാലിനു പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെ അഞ്ചാം ടെസ്റ്റിൽ ഇരുപത്തിയേഴുകാരൻ താരത്തിന് വിശ്രമം അനുവദിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് വലതുകൈയൻ വിക്കറ്റ് കീപ്പർ ബാറ്ററായ ജഗദീശനെ ടീമിലെടുത്തത്. എന്നാൽ പന്തിനു പകരം ധ്രുവ് ജുറലായിരിക്കും അഞ്ചാം ടെസ്റ്റിലെ ഒന്നാം വിക്കറ്റ് കീപ്പർ. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ജഗദീശൻ. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്. പന്തിന് പകരം ഇശാൻ കിഷനെത്തുമെന്നായിരുന്നു റിപ്പോർട്ടെങ്കിലും അവസാന നിമിഷം ജഗദീശനാണ് അവസരം ലഭിച്ചത്.

നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചറി നേടിയ ഋഷഭ് പന്ത് 75 പന്തുകളിൽ 54 റൺസടിച്ചു. ആദ്യ ദിവസം പരുക്കേറ്റു പുറത്തായ ഋഷഭ് പന്ത്, രണ്ടാം ദിനം വീണ്ടും ബാറ്റിങ്ങിനിറങ്ങി അർധ സെഞ്ചറി തികച്ച ശേഷമാണു പുറത്തായത്. 113–ാം ഓവറിൽ ജോഫ്ര ആർച്ചറുടെ ബാളിൽ ഋഷഭ് ബൗൾഡാവുകയായിരുന്നു. എന്നാൽ ഈ ഇന്നിങ്സോടെ ഇന്ത്യക്കായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് ഋഷഭ് പന്ത് സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 40 മത്സരങ്ങളില്‍ നിന്ന് നേടിയ 2717 റണ്‍സാണ് 38 മത്സരങ്ങളില്‍ പന്ത് മറികടന്നത്.