- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയെ ആവേശ കൊടുമുടിയേറ്റി വിക്ടറി പരേഡ്; രോഹിതിനെയും സംഘത്തെയും ആഹ്ലാദത്തോടെ വരവേറ്റ് ആരാധകര്‍
മുംബൈ: ട്വന്റി 20 ലോകകപ്പ് കിരീടവുമായി ആരാധകരെ അഭിവാദ്യം ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്ടറി പരേഡ് മുംബൈ നഗരത്തില്‍ തുടരുന്നു. നരിമാന്‍ പോയിന്റില്‍നിന്ന് വാങ്കഡെ സ്റ്റേഡിയം വരെയാണ് പ്രത്യേകം തയാറാക്കിയ ബസില്‍ ലോകകപ്പ് ട്രോഫിയുമായി ഇന്ത്യന്‍ താരങ്ങള്‍ സഞ്ചരിക്കുന്നത്. കനത്ത മഴയെ അവഗണിച്ച് ആയിരക്കണക്കിന് ആരാധകരാണ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെത്തിയിട്ടുള്ളത്.
നായകന്‍ രോഹിത് ശര്‍മയടക്കം ഇന്ത്യന്‍ താരങ്ങള്‍ കിരീടവുമായി പ്രത്യേകം തയാറാക്കിയ ബസിന്റെ മുകള്‍ത്തട്ടില്‍ നിന്നുമാണ് ആരാധകരെ അഭിവാദ്യം ചെയ്യുന്നത്. ജയ് ഷാ അടക്കം ബിസിസിഐ അധികൃതരും താരങ്ങള്‍ക്ക് ഒപ്പമുണ്ട്. താരങ്ങളുടെ പേരെടുത്ത് വിളിച്ചാണ് ആരാധകര്‍ വരവേല്‍ക്കുന്നത്. കിരീടമുയര്‍ത്തി രോഹിത് ശര്‍മയും വിരാട് കോലിയും ആരാധകരെ അഭിവാദ്യം ചെയ്തപ്പോള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും ഇതിനിടെ ആഹ്ലാദം പങ്കിടുന്നതും കാണാമായിരുന്നു.
നേരത്തെ മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും വലിയ ആഹ്ലാദാരവങ്ങളോടെയാണ് ആരാധകര്‍ വരവേറ്റത്. രോഹിത്, കോലി, ദ്രാവിഡ്, ബുംറ തുടങ്ങി ഓരോരുത്തര്‍ പുറത്തുവരുമ്പോഴും ആരാധകര്‍ വലിയ ആഘോഷപ്രകടനങ്ങള്‍ നടത്തി.
വിശ്വകിരീടം നേടിയ ടീമിന് ആശംസകളര്‍പ്പിക്കാന്‍ മഴയെ വകവെക്കാതെ ജനസാഗരമാണ് മുംബൈയില്‍ രൂപപ്പെട്ടത്. മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയംവരെ ഓപ്പണ്‍ ബസിലാണ് വിക്ടറി പരേഡ് നടക്കുന്നത്. തുടര്‍ന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ വിജയാഘോഷ പരിപാടികള്‍ നടക്കും. വാംഖഡെ സ്റ്റേഡിയത്തിലേക്ക് സൗജന്യമായി പ്രവേശിക്കാന്‍ ആരാധകര്‍ക്ക് അനുമതിയുണ്ട്.
ഇന്ത്യന്‍ ടീമിനായി ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപ ഇന്നു സമ്മാനിക്കും. വ്യാഴാഴ്ച രാവിലെ ന്യൂഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു.മുംബൈ നഗരത്തിലെ പ്രധാന റോഡുകളുടെ വശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു പൊലീസ് നിരോധനമേര്‍പ്പെടുത്തി. നാലു മണി മുതലാണ് വാങ്കഡെ സ്റ്റേഡിയത്തിലേക്ക് ആരാധകരെ കയറ്റിത്തുടങ്ങിയത്. റോഡ് ഷോ തുടങ്ങും മുന്‍പേ സ്റ്റേഡിയത്തിലെ ഗാലറികള്‍ മുഴുവന്‍ നിറഞ്ഞു. പ്രവേശനം സൗജന്യമാണ്.
അതിനിടെ, വിശ്വകിരീടം ചൂടിയ ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും എയര്‍ലൈന്‍ വിസ്താര ആദരം നല്‍കി. ഡല്‍ഹിയില്‍നിന്ന് ഇന്ത്യന്‍ ടീമംഗങ്ങളെയും വഹിച്ച് മുംബൈയിലെത്തിയ വിസ്താര വിമാനത്തിന്റെ നമ്പര്‍ യു.കെ.1845 എന്നതായിരുന്നു. വിരാട് കോലിയുടെ ജഴ്സി നമ്പറായ പതിനെട്ടും രോഹിത് ശര്‍മയുടെ ജഴസി നമ്പറായ നാല്‍പ്പത്തഞ്ചും പ്രതിനിധാനം ചെയ്യുന്നു ഇത്.
വിമാനത്താവളത്തിലെ അഗ്‌നിശമനസേനാ വിഭാഗമാണ് ഇന്ത്യന്‍ താരങ്ങളെയും വഹിച്ചുകൊണ്ട് വന്ന വിസ്താര വിമാനത്തിന് വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചത്. പിന്നീട് വിമാനത്തിന് മുന്നില്‍ അഗ്‌നിശമനസേനാംഗങ്ങള്‍ വാഹനത്തില്‍ ഇന്ത്യന്‍പതാകയും വഹിച്ച് അകമ്പടി സേവിച്ചു.
ഇന്ന് രാവിലെ ആറരയോടെയാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബോയിംഗ് 777 വിമാനത്തില്‍ ബാര്‍ബഡോസില്‍ നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. നേരെ ഹോട്ടലിലേക്ക് പോയ ടീം അംഗങ്ങള്‍ പിന്നീട് പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണവും കഴിച്ചശേഷമാണ് താരങ്ങള്‍ മുംബൈയിലേക്ക് വിമാനം കയറിയത്. വിക്ടറി പരേഡിനുശേഷം വാംഖഡെയില്‍ താരങ്ങളെ ആദരിക്കുന്ന ചടങ്ങും ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമായതിനാല്‍ ആയിരക്കണക്കിനാരാധകരാണ് ഉച്ചക്ക് രണ്ട് മണി മുതല്‍ തന്നെ സ്റ്റേഡിയത്തിലെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ടി20 ലോകകപ്പ് കീരിടം നേടിയത്. കിരീടനേട്ടത്തിനുശേഷം ബാര്‍ബഡോസിലെ ചുഴലിക്കൊടുങ്കാറ്റ് മൂലം ഇന്ത്യയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലായെങ്കിലും ചൊവ്വാഴ്ച ബിസിസിഐ ചാര്‍ട്ടര്‍ ചെയ്ത് അയച്ച ബോയിംഗ് വിമാനത്തില്‍ ഇന്നലെയാണ് ഇന്ത്യന്‍ ടീം തിരിച്ചുവന്നത്.