മെല്‍ബണ്‍:അനാവശ്യഷോട്ടിന് ശ്രമിച്ച് ഇന്ത്യയുടെ വിശ്വസ്തന്‍ പന്തും പുറത്തായതിന് പിന്നാലെയാണ് നിതീഷ് കുമാര്‍ റെഡി ക്രീസിലേക്കെത്തുന്നത്.ജഡേജയുമായി ചേര്‍ന്ന് നിതീഷ് റെഡ്ഡി ഇന്ത്യയെ മെല്ലെ കളിയിലേക്ക് തിരിച്ചുകൊണ്ടുവരുന്ന സമയം.സ്‌കോര്‍ 221 ല്‍ നില്‍ക്കെ ജഡേജയും വീഴുന്നു.ഫോളോഓണ്‍ വരെ ഇന്ത്യ മുഖാമുഖം കാണുന്നു.പക്ഷെ പിന്നീടാണ് ഈ പരമ്പരയിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നിന് മെല്‍ബണിലെ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയാകുന്നത്.വാഷിങ്ങ്ടണ്‍ സുന്ദറുമായി ചേര്‍ന്ന് 127 റണ്‍സിന്റെ അത്യഗ്രന്‍ കൂട്ടുകെട്ട്.സുന്ദര്‍ ബാറ്റിങ്ങിന്റെ താളം കണ്ടെത്തുന്നത് വരെ കൂട്ടുകെട്ടിന്റെ ചുക്കാന്‍ പിടിച്ച നിതീഷ് കുമാര്‍ റെഡ്ഡി പതിയെ സ്ലോ ആക്കി ചുക്കാന്‍ സുന്ദറിന് കൈമാറുന്നു.റണ്‍സ് കൊണ്ട് വലിപ്പം തോന്നില്ലെങ്കിലും കൂട്ടുകെട്ട് പിറന്ന സമയവും രീതിയും ആ 127 റണ്‍സിന് ഇന്ത്യയുടെ വിജയത്തോളം തന്നെ തിളക്കം നല്‍കുന്നുണ്ട്.

സുന്ദര്‍ വീണുപോയ ശേഷം അര്‍ഹിച്ച സെഞ്ച്വറി നിതിഷിന് നഷ്ടപ്പെടുമോ എന്നുപോലും തോന്നിയെങ്കിലും സിറാജിനെ കൂട്ടുപിടിച്ച് ആ നേട്ടം നിതീഷ് കുമാര്‍ നേടിയെടുത്തു.ഒരിക്കലും ഒരു വണ്‍ ടൈം വണ്ടര്‍ അല്ല നിതീഷ് കുമാര്‍.ഈ പരമ്പരയിലും അതിന് മുന്നെ തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെ തന്നെയും തന്റെ പ്രതിഭ തെളിയിക്കാന്‍ നിതിഷിന് കഴിഞ്ഞിട്ടുണ്ട്.2017-18ലെ വിജയ് ഹസാരെ ട്രോഫിയിലാണ് ആന്ധ്രാപ്രദേശിനായി ട്രിപ്പിള്‍ സെഞ്ച്വറി നേടിക്കൊണ്ട് 21-കാരന്‍ വരവറിയിച്ചത്.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍, 26 മത്സരങ്ങള്‍ കളിച്ച അദ്ദേഹം ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 958 റണ്‍സ് നേടിയിട്ടുണ്ട്.

ടെസ്റ്റില്‍ മാത്രമല്ല ഏത് ഫോര്‍മാറ്റിലും അതിനനുസരിച്ച് കളിക്കാന്‍ കഴിയുന്നതാണ് നിതീഷിനെ യുവനിരയിലെ ശ്രദ്ധേയ താരമാക്കി മാറ്റുന്നത്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി അസാധാരണമായ പ്രകടനം നടത്തിയതിന് ശേഷമാണ് റെഡ്ഡി ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്.13 മത്സരങ്ങളില്‍ നിന്ന് 13 മത്സരങ്ങളില്‍ നിന്ന് 303 റണ്‍സാണ് അദ്ദേഹം നേടിയത്. 11.62 എന്ന എക്കോണമി റേറ്റില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.ബാറ്റിങ്ങിനൊപ്പം തന്നെ ബോളിങ്ങില്‍ നിര്‍ണ്ണായക അവസരങ്ങളില്‍ തിളങ്ങാന്‍ കഴിയുന്നുവെന്നതും നിതീഷിനെ വേറിട്ടതാക്കുന്നു.

അരങ്ങേറ്റ പരമ്പരയായിരുന്നിട്ടു കൂടി അതിന്റെ ഒരു പരിഭ്രമവും കാട്ടാതെയാണ് ഓസ്ട്രേലിയ പോരൊലു ടീമിനെതിരെ അവരുടെ നാട്ടില്‍ നിതിഷ് അസൂയാവഹമായ പ്രകടനം നടത്തുന്നത്.ആദ്യ രണ്ട് ടെസ്റ്റുകളില്‍ മൂന്ന് ഇന്നിംഗ്‌സുകളിലായി ഇന്ത്യ 150, 180, 175 റണ്‍സിന് പുറത്തായപ്പോള്‍ അദ്ദേഹം 41, 42, 42 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു.ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ബോര്‍ഡില്‍ 487/6 റണ്‍സ് നേടുകയും ചെയ്തപ്പോള്‍ യുവ ക്രിക്കറ്റ് താരം 27 പന്തില്‍ പുറത്താകാതെ 38 റണ്‍സ് നേടി.




ഇന്ത്യ ഏറ്റവും കാത്തിരുന്ന ടെസ്റ്റിലെ ഒരു ഓള്‍ റൗണ്ടറുടെ റോളാണ് തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തെ അതുപോലെ കാത്തുകൊണ്ട് നിതീഷ് നിറവേറ്റുന്നത്.ഓസ്‌ട്രേലിയയ്‌ക്കെതിരായ തന്റെ ആദ്യ മത്സരത്തില്‍ അദ്ദേഹം 41 ഉം പുറത്താകാതെ 38 ഉം സ്‌കോര്‍ ചെയ്തു. ഇന്ന് അത്രയും നിര്‍ണ്ണായക സമയത്ത് തന്റെ കന്നി സെഞ്ച്വറിയിലേക്കെത്തുമ്പോള്‍ 21 കാരനായ വലംകൈയ്യന്‍ ബാറ്ററുടെ ഇന്നിങ്ങ്സില്‍ 10 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നുണ്ട്.171 പന്തില്‍ നിന്നുംനിതീഷ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

സെഞ്ച്വറിക്കൊപ്പം നേടിയ റെക്കോഡുകളും എലൈറ്റ് ക്ലബും

മെല്‍ബണിലെ സെഞ്ച്വറി പ്രകടനത്തോടെ നിരവധി റെക്കോഡുകളും നിതീഷ് കുമാര്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്.എട്ടാം നമ്പറില്‍ ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി നിതീഷ് കുമാര്‍ മാറിയിരിക്കുകയാണ്. അരങ്ങേറ്റ താരങ്ങള്‍ക്ക് അത്ര പെട്ടെന്നൊന്നും സാധ്യമാകാത്ത നേട്ടമാണ് നിതീഷ് നേടിയെടുത്തിരിക്കുന്നത്.ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യക്കാരനായി നിതീഷ് കുമാര്‍ മാറിയിരിക്കുകയാണ്.

18 വയസില്‍ സച്ചിന്‍ രണ്ട് തവണ ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.റിഷഭ് പന്ത് 21 വയസും 91 ദിവസവും പ്രായമുള്ളപ്പോള്‍ സിഡ്‌നിയില്‍ സെഞ്ച്വറി നേടി.ഇപ്പോഴിതാ 21 വയസും 214 ദിവസവും പ്രായമുള്ളപ്പോള്‍ ഈ ചരിത്ര നേട്ടത്തിലേക്ക് നിതീഷും എത്തിയിരിക്കുകയാണ്.എട്ടാം നമ്പറില്‍ വിദേശത്ത് സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് നിതീഷ്.കപില്‍ ദേവ്, അജയ് റാത്ര, അജിത് അഗാര്‍ക്കര്‍, അനില്‍ കുംബ്ലെ എന്നിവരാണ് നിതീഷിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയ ഇന്ത്യക്കാര്‍.

ബോക്‌സിങ് ഡേ ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെ എലൈറ്റ് ക്ലബ്ബിലേക്കും നിതീഷ് കുമാര്‍ പേരുചേര്‍ത്തിരിക്കുകയാണ്. വെങ്‌സര്‍ക്കാര്‍, കപില്‍ദേവ്, അസ്ഹറുദ്ദീന്‍, സച്ചിന്‍, സെവാഗ്, രഹാനെ, പുജാര, കോലി, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട പട്ടികയിലേക്കാണ് നിതീഷ് പേര് ചേര്‍ത്തിരിക്കുന്നത്. ഏറെ നാളുകളായി ഇന്ത്യ മികച്ചൊരു പേസ് ഓള്‍റൗണ്ടറെ കാത്തിരിക്കുകയായിരുന്നു. ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

കാത്തിരുന്ന താരം.. സ്ഥാനം കയറ്റം നല്‍കണമെന്ന് ആരാധകര്‍

ഇന്ത്യന്‍ ടീമിന് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നിതീഷ് കുമാറിനെപ്പോലൊരു താരത്തെ ലഭിക്കുന്നത്.ഹാര്‍ദിക് പാണ്ഡ്യക്ക് ശേഷം മറ്റൊരു പേസ് ഓള്‍റൗണ്ടറാരെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ചോദ്യമയമായിരുന്നു.വെങ്കടേഷ് അയ്യര്‍, ശിവം ദുബെ തുടങ്ങി പലരേയും ഇന്ത്യ പരിഗണിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.എന്നാല്‍ ഐപിഎല്ലിലൂടെ പ്രതിഭ തെളിയിച്ച നിതീഷ് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടിരിക്കുകയാണ്.

നിതീഷ് കുമാറിനെ നേരത്തെ കളിപ്പിക്കണമെന്നാണ് കൂടുതല്‍ ആളുകളും ആവശ്യപ്പെടുന്നത്. എന്നാല്‍ എവിടെയാണ് നിതീഷിനെ കളിപ്പിക്കേണ്ടതെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ആരാധകര്‍ ആവശ്യപ്പെടുന്നത് വിരാട് കോലി കളിക്കുന്ന നാലാം നമ്പറിലേക്ക് നിതീഷിനെ പരിഗണിക്കണമെന്നാണ്. വിരാട് കോലി മോശം ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ കോലിക്ക് വിശ്രമം നല്‍കാവുന്നതാണ്. ഈ പൊസിഷനിലേക്ക് നിതീഷ് വന്നാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവും.




അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നതോടൊപ്പം ആത്മവിശ്വാസത്തോടെ കളിക്കാനും നിതീഷിന് സാധിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും സാധിക്കും.ഇത് ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കും ഗുണകരമായി മാറും.ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യ നിതീഷിനെ ടോപ് ഓഡറിലേക്ക് മാറ്റാന്‍ ഇന്ത്യ ധൈര്യം കാട്ടണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നേടാന്‍ നിതീഷിന് സാധിക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.