ഇൻഡോർ: വനിതാ ഏകദിന ലോകകപ്പിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കടുത്ത സമ്മർദ്ദത്തിലാണ്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ മത്സരങ്ങൾ തോറ്റതോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ തുലാസിലാണ്. ഇനി അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ഇന്ത്യയ്ക്ക് നിർണായകമാണ്.

നിലവിൽ ഇന്ത്യ നാലാം സ്ഥാനത്തും, ന്യൂസിലൻഡ് അഞ്ചാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകൾ ഇതിനോടകം സെമിഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. അതിനാൽ, സെമിഫൈനൽ സ്ഥാനം നേടാൻ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. വരുന്ന 23ന് ന്യൂസിലൻഡിനെതിരെയും 26ന് ബംഗ്ലാദേശിനെതിരെയും നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചാൽ, മറ്റ് ടീമുകളുടെ ഫലങ്ങളോ നെറ്റ് റൺറേറ്റോ പരിഗണിക്കാതെ തന്നെ സെമിഫൈനലിലേക്ക് മുന്നേറാം. അത് തന്നെയാവും ഇന്ത്യൻ വനിതകൾ ലക്ഷ്യമിടുന്നതും.

ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തുകയും ബംഗ്ലാദേശിനോട് തോൽക്കുകയും ചെയ്താൽ, നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് സെമിഫൈനൽ സാധ്യതയുണ്ട്. ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാൽ പോലും അത് ഇന്ത്യക്ക് ഭീഷണിയാകില്ല. എന്നാൽ, ഇന്ത്യ ന്യൂസിലൻഡിനോട് തോൽക്കുകയും ബംഗ്ലാദേശിനോട് ജയിക്കുകയും ചെയ്താൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. അത് ന്യൂസിലൻഡ്-ഇംഗ്ലണ്ട് മത്സരത്തിന്റെ ഫലം ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകളെ നിർണ്ണയിക്കും.

ഇംഗ്ലണ്ട് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാൽ മാത്രമേ ഇന്ത്യക്ക് സാധ്യതയുണ്ടാവുകയുള്ളൂ. ന്യൂസിലൻഡിനെതിരായ മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടാൽ, ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. നിലവിൽ ഇരു ടീമുകൾക്കും 4 പോയിന്റാണുള്ളത്. മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ഇരുവർക്കും 5 പോയിന്റാകും. അത്തരം സാഹചര്യത്തിൽ, മികച്ച നെറ്റ് റൺറേറ്റുള്ള ഇന്ത്യക്ക് സെമിഫൈനൽ സാധ്യതയുണ്ട്.