ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിൽ യുഎഇയ്ക്ക് തകർപ്പൻ ജയം. ഒമാനെതിരെ 42 റൺസിനാണ് യുഎഇയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് 18.4 ഓവറിൽ 130 റൺസെടുക്കാനേ സാധിച്ചുള്ളൂ.

യുഎഇയുടെ വിജയത്തിൽ അലിഷാൻ ഷറഫുവും മുഹമ്മദ് വസീമും നിർണായക പങ്കുവഹിച്ചു. ഇരുവരും അർധ സെഞ്ച്വറി നേടി. 38 പന്തുകളിൽ നിന്ന് ഏഴ് ഫോറുകളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 51 റൺസെടുത്ത മലയാളി താരമായ ഷറഫു, 54 പന്തുകളിൽ നിന്ന് ആറ് ഫോറുകളും മൂന്ന് സിക്സറുമടക്കം 69 റൺസ് നേടിയ വസീമിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. അലിഷാൻ ഷറഫു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഒമാന് വേണ്ടി ജതീന്ദർ സിങ് (20), ആര്യൻ ബിഷ്ത് (24), വിനായക് ശുക്ല (20) എന്നിവർക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത്. യുഎഇക്ക് വേണ്ടി ബൗളിങ്ങിൽ ജുനൈദ് സിദ്ദീഖ് നാലോവറിൽ 23 റൺസ് മാത്രം വഴങ്ങി നിർണായക വിക്കറ്റുകൾ വീഴ്ത്തി.