- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരാശപ്പെടുത്തി വൈഭവ് സൂര്യവംശി; കരുത്തായത് മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ പ്രകടനം; അണ്ടര്‍ 19 ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍; പാക്കിസ്ഥാന് 241 റൺസ് വിജയലക്ഷ്യം
ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ 240 റൺസിന് പുറത്തായി. ദുബായിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പാക്കിസ്ഥാന് മുന്നിൽ 241 റൺസാണ് വിജയലക്ഷ്യം ഉയർത്തിയത്. മലയാളി താരം ആരോൺ ജോർജ് നേടിയ 85 റൺസാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ നേടാൻ തുണയായത്. മഴയെത്തുടർന്ന് 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ, 88 പന്തുകൾ നേരിട്ട ആരോൺ 12 ഫോറും ഒരു സിക്സും സഹിതമാണ് 85 റൺസ് നേടിയത്. കനിഷ്‌ക് ചൗഹാൻ (46), ആയുഷ് മാത്രെ (38) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി.
ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നാലാം ഓവറിൽ വെറും അഞ്ച് റൺസെടുത്ത ഓപ്പണർ വൈഭവ് സൂര്യവൻഷിയെ മുഹമ്മദ് സയ്യാം പുറത്താക്കി. തുടർന്ന് ആരോൺ ജോർജ് - ആയുഷ് മാത്രെ സഖ്യം 49 റൺസ് കൂട്ടിച്ചേർത്തെങ്കിലും, മാത്രെ 10-ാം ഓവറിൽ പുറത്തായി. പിന്നീട് വന്ന വിഹാൻ മൽഹോത്ര (12), വേദാന്ത് ത്രിവേദി (7) എന്നിവർക്കും സ്കോർ ഉയർത്താനായില്ല. ഒരു ഘട്ടത്തിൽ നാലിന് 113 എന്ന നിലയിലായിരുന്ന ഇന്ത്യയെ ആരോൺ ജോർജ് - അഭിഗ്യാൻ കുണ്ടു (22) സഖ്യം 60 റൺസ് കൂട്ടിച്ചേർത്ത് തകർച്ചയിൽ നിന്ന് കരകയറ്റി.
എന്നാൽ 32-ാം ഓവറിൽ ആരോണും അഭിഗ്യാനും പുറത്തായത് ഇന്ത്യക്ക് വീണ്ടും തിരിച്ചടിയായി. പാകിസ്ഥാന് വേണ്ടി മുഹമ്മദ് സയ്യാം, അബ്ദുൾ സുബാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പിന്നീട് വന്നവരിൽ കനിഷ്‌ക് ചൗഹാൻ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. മൂന്ന് സിക്സും രണ്ട് ഫോറും സഹിതമാണ് ചൗഹാൻ 46 റൺസ് നേടിയത്. ഖിലൻ പട്ടേൽ (6), ഹെനിൽ പട്ടേൽ (12), ദീപേഷ് ദേവേന്ദ്രൻ (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. കിഷൻ കുമാർ സിംഗ് പൂജ്യത്തിന് പുറത്താവാതെ നിന്നു.
ഇന്ത്യ: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, കിഷന്‍ കുമാര്‍ സിംഗ്, ഹെനില്‍ പട്ടേല്‍.




