മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് യുപി വാരിയേഴ്‌സ്. ആവേശകരമായ പോരാട്ടത്തിൽ 22 റൺസിനാണ് യുപി വാരിയേഴ്സ് വിജയം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിനെ തുടർച്ചയായ രണ്ടാം തവണയാണ് യുപി വാരിയേഴ്‌സ് പരാജയപ്പെടുത്തുന്നത്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായിക ഹർമൻപ്രീത് കൗർ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് യുപി വാരിയേഴ്സ് നേടിയത്. ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിന്റെയും ഫോബ് ലിച്ഫീല്‍ഡിന്റെയും തകര്‍പ്പൻ അര്‍ധസെഞ്ച്വറികളാണ് യുപിക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 188 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. മുംബൈ നിരയിൽ അമീലിയ കെർ (49*), അമൻജോത് കൗർ (41) എന്നിവർ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.

യുപി വാരിയേഴ്സിനായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപ്തി ശർമ്മ, സോഫി എക്ലസ്റ്റൺ, ക്രാന്തി ഗൗഡ്, ക്ലോ ട്രയൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി മുംബൈയെ പിടിച്ചുകെട്ടി. ആദ്യം ബാറ്റ് ചെയ്ത യുപിക്കായി മെഗ് ലാന്നിങ് 45 പന്തില്‍ 11 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 70 റണ്‍സ് അടിച്ചെടുത്തു. ഫോബ് ലിച്ഫീല്‍ഡ് 37 പന്തില്‍ 7 ഫോറും 3 സിക്‌സും സഹിതം 61 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി.

ഹര്‍ലീന്‍ ഡിയോള്‍ 16 പന്തില്‍ 25 റണ്‍സും, ക്ലോ ട്രിയോണ്‍ 13 പന്തില്‍ 21 റണ്‍സും നേടി യുപി സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. ഇന്നിങ്സിന്റെ അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് യുപിക്ക് നഷ്ടമായത്. മുംബൈ ഇന്ത്യന്‍സിനായി ബൗളിങ്ങിൽ അമേലിയ കെര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നാറ്റ് സീവര്‍ ബ്രാന്‍ഡ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍, നിക്കോള കാരി, ഹെയ്‌ലി മാത്യൂസ്, അമന്‍ജോത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.