കൊളംബോ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി-യിലെ നിർണ്ണായക മത്സരത്തിൽ പാകിസ്ഥാൻ ഇന്ന് അമേരിക്കയെ നേരിടും. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഇതിനുമുമ്പ് 2024-ലെ ടി20 ലോകകപ്പിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് പാകിസ്ഥാനെ പരാജയപ്പെടുത്തിയ അമേരിക്ക അവരെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു.

നെതർലൻഡ്‌സിനെതിരായ ആദ്യ മത്സരത്തിൽ കഷ്ടിച്ച് വിജയിച്ച പാകിസ്ഥാൻ വലിയ സമ്മർദ്ദത്തോടെയാണ് ഈ മത്സരത്തിന് ഇറങ്ങുന്നത്. നെതർലൻഡ്‌സിനെതിരെ പാക് മധ്യനിരയുടെ തകർച്ച വലിയ രീതിയിൽ ചർച്ചയായിരുന്നു. ബൗളിംഗ് നിര മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ചെറിയ സ്കോർ പിന്തുടരുന്നതിനിടെ ബാറ്റിംഗ് നിര പതറിയത് ആശങ്കയുണ്ടാക്കുന്നുണ്ട്. ടി20 ടീമിലേക്കുള്ള തിരിച്ചുവരവിന് ശേഷം ബാബർ അസം കടുത്ത സമ്മർദ്ദത്തിലാണ്. ഈ മത്സരത്തിൽ താരം ഒരു മികച്ച ഇന്നിംഗ്സ് കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ടോപ് ഓർഡറിൽ ഓപ്പണർ സയിം അയൂബും റൺസ് കണ്ടെത്തേണ്ടതുണ്ട്, ഈ അടുത്ത കാലത്തായി താരം ബാറ്റിംഗിനേക്കാൾ കൂടുതൽ ബൗളിംഗിലാണ് തിളങ്ങിയത്. ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച നായകൻ സൽമാൻ അലി ആഗ, സമ്മർദ്ദങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരുന്നു. ബാറ്റിംഗിലൂടെ ടീമിന് മാതൃകയാകാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. പാകിസ്ഥാൻ ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലെങ്കിലും, ബാറ്റിംഗ് നിരയെ ശക്തമാക്കുന്നതിനായി താരങ്ങളുടെ റോളുകളിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാം.

ഇന്ത്യക്കെതിരായ മത്സരത്തിൽ ബൗളിംഗിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും, ബാറ്റിംഗിൽ അത് മുതലാക്കാൻ കഴിയാതെ പോയത് പരിഹരിക്കാനായിരിക്കും അമേരിക്കയുടെ ശ്രമം. ക്യാപ്റ്റൻ മോനാങ്ക് പട്ടേലിന്റെ നേതൃത്വത്തിലുള്ള ടോപ് ഓർഡർ പവർപ്ലേയിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുകയും മോശം ഷോട്ടുകളിലൂടെ കളിയിലെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് ഇത് തിരുത്താനായിരിക്കും അവർ ഇറങ്ങുക.

ഷാഡ്ലി വാൻ ഷാൽക്വിക്ക് നയിക്കുന്ന ബൗളിംഗ് നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലും, ആദ്യ മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാതിരുന്ന സീനിയർ പേസർ സൗരഭ് നേത്രവാൾക്കർ ഇന്ന് ശക്തമായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തുപോയ അലി ഖാന്റെ കായികക്ഷമത ഇപ്പോഴും ആശങ്കയായി തുടരുന്നു. താരത്തെ നിരീക്ഷിച്ചു വരികയാണ്. നേരത്തെ തന്നെ ശ്രീലങ്കയിൽ പരിശീലനം നടത്തിയതിനാൽ അവിടുത്തെ സാഹചര്യങ്ങൾ അമേരിക്കയ്ക്ക് പരിചിതമാണ്. പാകിസ്ഥാനെതിരെയുള്ള ആ ചരിത്ര വിജയത്തിന്റെ ഓർമ്മകൾ അവർക്ക് വലിയ ആവേശമാണ് നൽകുന്നത്.

പാകിസ്ഥാൻ പ്ലേയിംഗ് 11 (സാധ്യതാ പട്ടിക):

സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, സൽമാൻ ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ ഷാ അഫ്രീദി, സൽമാൻ മിർസ, അബ്രാർ അഹമ്മദ്.

അമേരിക്കൻ പ്ലേയിംഗ് 11 (സാധ്യതാ പട്ടിക:

ആൻഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പർ), സായ്തേജ മുക്കമല്ല, മൊനാങ്ക് പട്ടേൽ (ക്യാപ്റ്റൻ), മിലിന്ദ് കുമാർ, സഞ്ജയ് കൃഷ്ണമൂർത്തി, ശുഭം രഞ്ജനെ, ഹർമീത് സിംഗ്, മുഹമ്മദ് മുഹ്സിൻ, ഷാഡ്ലി വാൻ ഷാൽക്വിക്ക്, ഇഹ്സാൻ ആദിൽ, സൗരഭ് നേത്രവാൾക്കർ.