ഗുവാഹത്തി: കനത്ത മഴ വെല്ലുവിളി ഉയർത്തിയ ഐപിഎൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് വെടിക്കെട്ട് തുടക്കം. മഴയെത്തുടർന്ന് 11 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പവർപ്ലേ ഓവറുകൾ 3.2 ആയി നിശ്ചയിച്ച മത്സരത്തിൽ രാജസ്ഥാൻ ഓപ്പണർമാർ ആഞ്ഞടിച്ചതോടെ സ്കോർ അതിവേഗം കുതിച്ചു.

മത്സരത്തിലെ പ്രധാന ആകർഷണമായിരുന്ന 15-കാരൻ വൈഭവ് സൂര്യവൻഷിയും പേസ് കരുത്ത് ജസ്പ്രീത് ബുംറയും തമ്മിലുള്ള പോരാട്ടത്തിൽ കൗമാരതാരം മേധാവിത്വം നേടി. ബുംറയെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയ വൈഭവ്, ആ ഓവറിൽ മറ്റൊന്നു കൂടി നേടി ആരാധകരെ ആവേശത്തിലാക്കി. 14 പന്തിൽ അഞ്ച് സിക്സും ഒരു ഫോറും സഹിതം 39 റൺസെടുത്ത ശേഷമാണ് വൈഭവ് മടങ്ങിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രാജസ്ഥാൻ 6 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുത്തിട്ടുണ്ട്. യശസ്വി ജയ്‌സ്വാളും (45), ക്യാപ്റ്റൻ റിയാൻ പരാഗും (1) ആണ് ക്രീസിൽ. 2 റൺസെടുത്ത ധ്രുവ് ജുറെലാണ് പുറത്തായ മറ്റൊരു താരം.

പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ഹാർദിക് പാണ്ഡ്യ മുംബൈ നിരയിലേക്ക് തിരിച്ചെത്തി. ഹാർദിക്കിനൊപ്പം ട്രെന്റ് ബോൾട്ടും ടീമിലുണ്ട്. ഡൽഹി ക്യാപിറ്റൽസിനോടേറ്റ തോൽവിയിൽ നിന്ന് കരകയറാനാണ് മുംബൈ ശ്രമിക്കുന്നത്. മറുവശത്ത്, മാറ്റങ്ങളില്ലാതെയാണ് രാജസ്ഥാൻ കളത്തിലിറങ്ങിയത്. ടോസ് ലഭിച്ചിരുന്നെങ്കിൽ തങ്ങളും ബൗളിംഗ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് പറഞ്ഞു.

ടീം അംഗങ്ങൾ:

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, റയാൻ റിക്കൽടൺ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ധിർ, ഷാർദുൽ താക്കൂർ, ദീപക് ചാഹർ, ഗസൻഫർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ.

രാജസ്ഥാൻ റോയൽസ്: വൈഭവ് സൂര്യവൻഷി, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിംറോൺ ഹെറ്റ്മെയർ, ഡോണോവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ.