ചെന്നൈ: ഇന്ത്യന്‍ ടീമിലേക്ക് ഒട്ടേറെ യുവതാരങ്ങള്‍ക്ക് വഴിതുറന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മിന്നുന്ന പ്രകടനങ്ങളായിരുന്നു. ഒട്ടേറെ താരങ്ങള്‍ക്ക് അവരുടെ കഴിവ് പുറത്തെടുക്കാനുള്ള അവസരമാണ് ഐപിഎല്‍ ഒരുക്കുന്നത്. അത്തരത്തില്‍ മിന്നുന്ന പ്രകടനത്തിലൂടെ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കളിച്ച ഒട്ടേറെതാരങ്ങളുണ്ട്. അവരിലൊരാളാണ് ലെഗ് സ്പിന്നര്‍സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായുള്ള മിന്നും പ്രകടനമാണ് താരത്തിന് ഇന്ത്യയുടെ വൈറ്റ്ബോള്‍ ക്രിക്കറ്റ് ടീമില്‍ ഇടംനേടിക്കൊടുത്തത്.

ക്രിക്കറ്റ് താരമായി മാറുന്നതിന് മുമ്പ് താന്‍ പിന്നിട്ട വഴികളെക്കുറിച്ച് തുറന്നുപറഞ്ഞ് വരുണ്‍ ചക്രവര്‍ത്തി. ക്രിക്കറ്റ് താരമാവുന്നതിന് മുമ്പ് സിനിമയിലും ഭാഗ്യപരീക്ഷണം നടത്തിയിരുന്നതായാണ് വരുണിന്റെ വെളിപ്പെടുത്തല്‍. ഗിറ്റാറിസ്റ്റായും ആര്‍ക്കിടെക്റ്റായും ജോലി നോക്കിയ ഓര്‍മകള്‍ക്കൊപ്പമാണ് സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച ഓര്‍മ പങ്കുവെച്ചത്. വിരമിച്ച ക്രിക്കറ്റ് താരം ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലിലാണ് വരുണ്‍ മനസുതുറന്നത്.

കോളേജ് പഠനകാലത്ത് പ്രതിമാസം 14,000 രൂപ ശമ്പളത്തില്‍ ഒരു ആര്‍കിടെക്ച്വറല്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചതായി വരുണ്‍ പറഞ്ഞു. അവിടെനിന്ന് ഇറങ്ങുമ്പോള്‍ 18,000 രൂപയായിരുന്നു ശമ്പളം. 24-ാം വയസ്സില്‍ സിനിമയില്‍ സംവിധാന സഹായിയായി. സംവിധായകന്‍ സുശീന്ദ്രന്റെ സഹായിയായി പ്രവര്‍ത്തിക്കുന്നതിനിടെ, 2014-ല്‍ ജീവ പ്രധാനകഥാപാത്രമായ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി.

ദിവസം 600 രൂപയായിരുന്നു പ്രതിഫലമെന്ന് വരുണ്‍ ചക്രവര്‍ത്തി പറഞ്ഞു. ഇപ്പോഴത്തെ ഡെയ്ലി അലവന്‍സ് എത്രയാണ് എന്ന അശ്വിന്റെ ചോദ്യത്തിന് 25,000 എന്ന് ചെറുചിരിയോടെ വരുണ്‍ മറുപടി നല്‍കി. ടെന്നിസ് ബോള്‍ ക്രിക്കറ്റ് കളിക്കുന്ന സമയത്താണ് താന്‍ സിനിമയില്‍ ക്രിക്കറ്റ് താരമായി അഭിനയിച്ചത്. ഒരുസിക്സ് അടിച്ചാല്‍ 300 രൂപയും ഒരു യോര്‍ക്കര്‍ എറിഞ്ഞാല്‍ 200 രൂപയും നല്‍കാമെന്ന് അവര്‍ അനൗണ്‍സ് ചെയ്യുമായിരുന്നുവെന്നും വരുണ്‍ ഓര്‍ത്തു. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നെറ്റ്ബോളറായി കടന്നുവന്നതിന് പിന്നാലെയാണ് ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചതെന്ന് വരുണ്‍ പറയുന്നു. എന്നാല്‍ താരം ചെന്നൈ സൂപ്പര്‍ കിങ്സില്‍ കളിച്ചിട്ടില്ല. പകരം കൊല്‍ക്കത്തയാണ് സ്പിന്നറെ റാഞ്ചിയത്.

ഐപിഎല്ലിലേക്ക് വഴിതുറന്നത് ആ യാത്രയില്‍

'രണ്ടുവര്‍ഷത്തോളം വിലക്ക് ലഭിച്ചതിന് പിന്നാലെ ചെന്നൈ ഐപിഎല്ലിലേക്ക് മടങ്ങിവരാനൊരുങ്ങുന്ന സമയമായിരുന്നു അത്. ടി.എസ് മോഹന്‍ എന്നയാളായിരുന്നു അന്ന് ചെന്നൈയുടെ നെറ്റ് ബൗളേഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഞാന്‍ ഒരിക്കല്‍ സ്‌കൂട്ടറില്‍ ചെന്നൈ ടീമിന്റെ ബസ്സിനെ പിന്തുടര്‍ന്നു. ശേഷം ചേപ്പോക്ക് സ്റ്റേഡിയത്തിന് പുറത്തുനിന്ന് അദ്ദേഹത്തെ വിളിച്ചു. സിഎസ്‌കെയുടെ നെറ്റ് ബോളറായി അവസരം കിട്ടുമോ എന്ന് ചോദിച്ചു. '- വരുണ്‍ പറഞ്ഞു

'ഏത് ഡിവിഷനിലായിരുന്നു ഞാന്‍ കളിച്ചതെന്നാണ് അദ്ദേഹം തിരിച്ചുചോദിച്ചത്. അഞ്ചാം ഡിവിഷനിലെന്ന് മറുപടി നല്‍കി. എന്നാല്‍ ഒന്നാം ഡിവിഷനിലെ താരങ്ങളെ മാത്രമേ പരിഗണിക്കാറുള്ളൂ എന്നാണ് പറഞ്ഞത്. എന്നെ എളുപ്പത്തില്‍ ഒഴിവാക്കാമായിരുന്നിട്ടും അദ്ദേഹം അത് ചെയ്തില്ല. പകരം അടുത്ത ദിവസം വന്നുകാണാനാണ് പറഞ്ഞത്. അടുത്ത ദിവസം പോയപ്പോള്‍ അവിടെയുണ്ടായിരുന്ന ബൗളര്‍മാരെല്ലാം ഒന്നാം ഡിവിഷനിലുള്ളവരായിരുന്നു. ഞാന്‍ മാത്രമായിരുന്നു താഴെയുള്ള ഡിവിഷനില്‍ നിന്ന്.'

'അദ്ദേഹം എനിക്കാണ് ആദ്യം പന്ത് തന്നത്. എല്ലാവരും ഞാന്‍ പന്തെറിയുന്നതും കാത്തുനില്‍ക്കുകയായിരുന്നു. ആദ്യം ബ്രാവോയ്ക്കാണ് പന്തെറിഞ്ഞത്. പിന്നീട് ഞാന്‍ ധോനിക്കും റെയ്നയ്ക്കുമെല്ലാം പന്തെറിഞ്ഞു. അവരില്‍ മതിപ്പുളവാക്കുന്നതായിരുന്നു എന്റെ പ്രകടനം. ശേഷം ഐപിഎല്ലില്‍ രജിസ്റ്റര്‍ ചെയ്തിരുന്നോ എന്ന് ചോദിച്ചു. ഒന്നാം ഡിവിഷനില്‍ പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. ഇതെല്ലാം ആദ്യദിനം തന്നെ സംഭവിച്ച കാര്യങ്ങളാണ്. പിന്നാലെ സിഎസ്‌കെയ്ക്കായി നെറ്റ്സില്‍ പന്തെറിയാന്‍ പറഞ്ഞു. അതിന് ശേഷമാണ് ദിനേശ് കാര്‍ത്തിക്കിനെ കാണുന്നതും കൊല്‍ക്കത്തയുടെ നെറ്റ് ബൗളറാകുന്നതും. അവിടെ നന്നായി പന്തെറിഞ്ഞതോടെ കാര്യങ്ങള്‍ മാറിമറഞ്ഞെന്നും' വരുണ്‍ പറഞ്ഞു.

കര്‍ണാടകയിലെ ബീദറിലാണ് വരുണിന്റെ ജനനം. വിനോദിന്റെ അമ്മ വിമല ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനിയാണ്. വിനോദിന്റെ പിതാവും തമിഴ്‌നാട് സ്വദേശിയുമായ വിറ്റല്‍ ചക്രവര്‍ത്തിയില്‍ നിന്നാണ് വരുണിനും 'ചക്രവര്‍ത്തി' പദവി ലഭിച്ചത്. കാട്ടാംകുളത്തൂരിലെ എസ്ആര്‍എം സര്‍വകലാശാലയില്‍ ആര്‍ക്കിടെക്ചര്‍ പഠിച്ച ശേഷം ഫ്രീലാന്‍സ് ആര്‍ക്കിടെക്റ്റായി ജോലി ചെയ്തിരുന്ന വരുണ്‍, മുത്തശ്ശിയുടെ അടുത്ത ബന്ധുക്കളെ മാവേലിക്കരയിലും കിളിമാനൂരിലും വന്നു സന്ദര്‍ശിക്കാറുണ്ട്. വരുണിനു മലയാളം നന്നായി മനസ്സിലാകുമെങ്കിലും സംസാരത്തില്‍ വഴങ്ങില്ല.


ആര്‍ക്കിടെക്റ്റ് ജോലി വിട്ടാണ് വരുണ്‍ ക്രിക്കറ്റിലെത്തിയത്. 2018-ല്‍ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയപ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ 2019-ല്‍ കിങ്സ് ഇലവന്‍ പഞ്ചാബ് വഴി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചു. 2020-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി. കഴിഞ്ഞ സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ 12 കോടിക്കാണ് കൊല്‍ക്കത്ത വരുണിനെ നിലനിര്‍ത്തിയത്.