- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാനിഷ് മലേവറിന്റെ സെഞ്ചുറി; കരുണ്‍ നായര്‍ക്കൊപ്പം ഇരട്ടസെഞ്ചറി കൂട്ടുകെട്ടും; രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭ 379 റണ്‍സിന് പുറത്ത്; മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഏദനും നിധീഷും; ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ട് കേരളം
രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭ 379 റണ്‍സിന് പുറത്ത്
നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭ ഒന്നാം ഇന്നിംഗ്‌സില്‍ 379 റണ്‍സിന് പുറത്ത്. 153 റണ്‍സെടുത്ത ഡാനിഷ് മലേവറാണ് വിദര്‍ഭയുടെ ടോപ് സ്‌കോറര്‍. പത്താം വിക്കറ്റില്‍ നചികേത് ഭൂട്ടെ ഹര്‍ഷ് ദുബെ സഖ്യം കൂട്ടിച്ചേര്‍ത്ത 44 റണ്‍സ് കൂട്ടുകെട്ടാണ് 370 കടക്കാന്‍ വിദര്‍ഭയെ സഹായിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 123.1 ഓവറിലാണ് വിദര്‍ഭ 379 റണ്‍സെടുത്തത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഏദന്‍ ആപ്പിള്‍ ടോം, എം.ഡി. നിധീഷ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ എന്‍.പി. ബേസില്‍ എന്നിവരാണ് കേരള നിരയില്‍ തിളങ്ങിയത്. രണ്ടാം ദിനം രണ്ടാം സെഷന്റെ തുടക്കത്തില്‍ വിദര്‍ഭയുടെ ബാറ്റിങ് നിരയെ പുറത്താക്കിയ കേരളം, ഇനി ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യമിട്ട് ബാറ്റിങ്ങിന് ഇറങ്ങും.
ഫൈനലിന്റെ ആദ്യ ദിനം 69 ഓവറുകള്‍ പ്രതിരോധിച്ചുനിന്ന് ഇരട്ടസെഞ്ചറി കൂട്ടുകെട്ട് തീര്‍ത്ത ഡാനിഷ് മലേവര്‍ കരുണ്‍ നായര്‍ സഖ്യം സൃഷ്ടിച്ച ഭീഷണി ഒഴിച്ചുനിര്‍ത്തിയാല്‍, വിദര്‍ഭയെ വിറപ്പിക്കുന്ന ബോളിങ് പ്രകടനമാണ് കേരളം പുറത്തെടുത്തത്. നാലു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച വിദര്‍ഭയ്ക്ക്, 125 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച ആറു വിക്കറ്റുകളും നഷ്ടമായി. ഒരു ഘട്ടത്തില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സ് എന്ന നിലയിലായിരുന്നു വിദര്‍ഭ.
ആദ്യദിനം സെഞ്ചറി പൂര്‍ത്തിയാക്കി കേരളത്തിന് തലവേദന സൃഷ്ടിച്ച ഡാനിഷ് മലേവര്‍ (285 പന്തില്‍ 15 ഫോറും മൂന്നു സിക്‌സും സഹിതം 153), യഷ് ഠാക്കൂര്‍ (60 പന്തില്‍ രണ്ടു ഫോറുകളോടെ 25), യഷ് റാത്തോഡ് (13 പന്തില്‍ മൂന്ന്), ക്യാപ്റ്റന്‍ അക്ഷയ് വാഡ്കര്‍ (49 പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 23), അക്ഷയ് കര്‍നേവര്‍ (22 പന്തില്‍ രണ്ടു ഫോറുകളോടെ 12), നചികേത് ഭൂട്ടെ (38 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 32) എന്നിവരാണ് രണ്ടാം ദിനം പുറത്തായത്.
നാലിന് 254 റണ്‍സുമായി ഇന്ന് ബാറ്റിങ് പുനരാരംഭിച്ച വിദര്‍ഭ കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ 290 റണ്‍സ് വരെ എത്തിയതാണ്. അതിനു ശേഷം എട്ടു റണ്‍സിന്റെ ഇടവേളയില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടമാക്കിയതാണ് നിര്‍ണായകമായത്. ഡാനിഷ് മലേവറിനെ പുറത്താക്കി എന്‍.പി. ബേസില്‍ തുടക്കമിട്ട തകര്‍ച്ച, ഏദന്‍ ആപ്പിള്‍ ടോമും ജലജ് സക്‌സേനയും ഉള്‍പ്പെടെയുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു.
കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം 31 ഓവറില്‍ 102 റണ്‍സ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്. എം.ഡി. നിധീഷ് 28.1 ഓവറില്‍ 61 റണ്‍സ് വഴങ്ങിയും മൂന്നു വിക്കറ്റെടുത്തു. എന്‍.പി. ബേസില്‍ 24 ഓവറില്‍ 60 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്ത്തി. 20 ഓവറുകള്‍ ബോള്‍ ചെയ്ത ജലജ് സക്‌സേന, 72 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.
നേരത്തെ, വന്മതിലായി മാറിയ ഡാനിഷ് കരുണ്‍ നായര്‍ കൂട്ടുകെട്ടു പൊളിക്കാന്‍ പല ആയുധങ്ങളും മാറിമാറി പ്രയോഗിച്ചിട്ടും ഫലംകാണാതെ വന്നപ്പോള്‍ രഞ്ജി ക്രിക്കറ്റ് ഫൈനലിന്റെ ആദ്യദിനം വിദര്‍ഭയ്ക്കു മുന്നില്‍ കേരളം പതറിയിരുന്നു. അപരാജിത സെഞ്ചറിയുമായി ഡാനിഷ് മലേവറും (138*) ക്ലാസിക് അര്‍ധ സെഞ്ചറിയുമായി കരുണ്‍ നായരും (86) 215 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ കേരളത്തെ കുഴപ്പിച്ചെങ്കിലും അവസാന സെഷനില്‍ കരുണിനെ റണ്ണൗട്ടാക്കി കേരളം കളിയിലേക്കു തിരിച്ചെത്തുകയായിരുന്നു. 3ന് 24 എന്ന നിലയില്‍ തകര്‍ന്നിടത്തു നിന്നാണു കരുണ്‍ മലേവര്‍ സഖ്യം വിദര്‍ഭയുടെ പ്രതീക്ഷകള്‍ കെട്ടിപ്പൊക്കിയത്. ഒന്നാംദിനം അവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന നിലയിലായിരുന്നു വിദര്‍ഭ.