ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും ലണ്ടനിലേക്ക് സ്ഥിരതാമസം മാറുന്നുവെന്ന വാര്‍ത്തകളെക്കുറിച്ച് പുതിയ പ്രതികരണവുമായി കോലിയുടെ സഹോദരന്‍ വികാസ് രംഗത്തെത്തി. മാധ്യമങ്ങളില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സമൂഹമാധ്യമത്തിലൂടെ വികാസ് പരിഹാസരൂപത്തില്‍ കുറിച്ചു: ''ഇന്നത്തെ കാലത്ത് തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും എത്ര എളുപ്പത്തില്‍ പ്രചരിക്കുന്നുവെന്ന് കാണുമ്പോള്‍ അതിശയിക്കാനില്ല... ചിലര്‍ക്ക് അതിനായി വളരെ സമയം ലഭ്യമാണ്. ആശംസകള്‍ അവര്‍ക്ക്.''

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിരാട് കോലി ലണ്ടനിലേക്ക് താമസം മാറ്റുന്നതിനായി ഗുരുഗ്രാമിലെ 80 കോടി രൂപ വിലമതിക്കുന്ന വീടിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സഹോദരന്‍ വികാസിന് കൈമാറിയെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വികാസ് ഈ ആരോപണം തള്ളി.

അനുഷ്‌കയും കുട്ടികളും കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ലണ്ടനിലാണ്. കോലി ക്രിക്കറ്റ് മത്സരങ്ങളില്ലാത്ത സമയങ്ങളില്‍ അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതായാണ് അറിയപ്പെടുന്നത്. ഐപിഎലിന് ശേഷം കോലി ലണ്ടനിലേക്കുപോയിരുന്നു; ഇപ്പോഴാണ് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കായി അദ്ദേഹം തിരിച്ചെത്തിയത്.

ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്ന് വിരമിച്ച കോലി ഇപ്പോള്‍ ഏകദിന മത്സരങ്ങളിലാണ് ഇന്ത്യന്‍ ടീമിനായി ഇറങ്ങുന്നത്. അടുത്ത ഓസ്ട്രേലിയ പരമ്പരയില്‍ കോലിയും രോഹിത് ശര്‍മയും വീണ്ടും ഒരുമിച്ച് കളിക്കാനിറങ്ങുന്നുവെന്നതും ആരാധകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.