വഡോദര: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പരുക്കേറ്റതിനെത്തുടർന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ഒഴിവാക്കിയിരുന്നു. നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ പന്തിന് പേശീവലിവ് അനുഭവപ്പെടുകയായിരുന്നു. പന്തിന് പകരക്കാരനായി യുവതാരം ധ്രുവ് ജുറേലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പന്തിന്റെ പരുക്കിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചില വിവാദങ്ങളും ഉയർന്നിട്ടുണ്ട്.

ബാറ്റിങ് പരിശീലനത്തിനിടെയാണ് പന്തിന് പരുക്കേറ്റത്. എംആർഐ സ്കാനിൽ പേശിക്കു പൊട്ടലുണ്ടെന്ന് വ്യക്തമായതോടെയാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. കടുത്ത വേദന സഹിക്കാനാകാതെ ഋഷഭ് പന്ത് ഗ്രൗണ്ടിൽ കഷ്ടപ്പെടുമ്പോഴും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഇതൊക്കെ കണ്ടു നിൽക്കുകയായിരുന്നെന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം. പരുക്കേറ്റ സമയത്ത് ഗ്രൗണ്ടിൽ വേദനയിൽ പുളഞ്ഞ പന്തിനെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും തിരിഞ്ഞുനോക്കിയില്ലെന്ന് ഒരു വിഭാഗം ആരാധകർ ആരോപിച്ചിരുന്നു.

എന്നാൽ പന്തിനെ ഗില്ലും ഗംഭീറും ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നാണു വിവരം. പരുക്കേറ്റതിനു പിന്നാലെ പന്തിന് അരികിലെത്തി ഗംഭീർ താരത്തിന്റെ ആരോഗ്യനില പരിശോധിച്ചിരുന്നു. ഈ വർഷം വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹി ടീമിനെ നോക്കൗട്ട് ഘട്ടത്തിലേക്ക് നയിച്ചശേഷമാണ് പന്ത് ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് അർധസെഞ്ചുറികൾ നേടിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമാണെങ്കിലും, 2024 ഓഗസ്റ്റിൽ ശ്രീലങ്കൻ പര്യടനത്തിലാണ് പന്ത് അവസാനമായി പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചത്.

ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, അദ്ദേഹത്തെ ടീമിൽ നിലനിർത്തുകയായിരുന്നു. 2022-ൽ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ താരമാണ് പന്ത്. കഴിഞ്ഞ വർഷം മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ കാലിന് പരുക്കേറ്റതും താരത്തിന് തിരിച്ചടിയായിരുന്നു. ഈ പരുക്കുകളിൽ നിന്ന് മുക്തനായാണ് അദ്ദേഹം വീണ്ടും ഇന്ത്യൻ ടീമിന്റെ ഭാഗമായത്.