അഡ്ലെയ്ഡ്: ഓസീസിനെതിരെ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് നാളെ തുടക്കമാവുകയാണ്. അഡ്‌ലെയ്ഡില്‍ നടക്കുന്ന മത്സരം പരമ്പരയിലെ പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയാണിത്. പെര്‍ത്തില്‍ വമ്പന്‍ ജയത്തോടെ നല്ല ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. കഴിഞ്ഞ കളി ബുംറ നയിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ മത്സരത്തിന് തിരികെ ടീമില്‍ ചേര്‍ന്നിട്ടുണ്ട്. പരിക്ക് മാറിയെത്തിയ ശുഭ്മാന്‍ ഗില്ലും പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്.

പെര്‍ത്തില്‍ സെഞ്ചുറി നേടിയ വിരാട് കോലി തകര്‍പ്പന്‍ ഫോമിലാണ്. ഇതിനിടെ ഒരു റെക്കോര്‍ഡ് കൂടി കോലിക്കായി കാത്തിരിക്കുന്നുണ്ട്. പിങ്ക് ബോള്‍ ടെസ്റ്റ് മത്സരങ്ങളില്‍ 277 റണ്‍സാണ് കോലി ഇതുവരെ നേടിയിട്ടുള്ളത്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോലി തന്നെ. വരാനിരിക്കുന്ന മത്സരത്തില്‍ അദ്ദേഹം 23 റണ്‍സ് നേടിയാല്‍, പകല്‍-രാത്രി ടെസ്റ്റുകളില്‍ 300 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാവും കോലി. 173 റണ്‍സുമായി രോഹിതും, 155 റണ്‍സുമായി ശ്രേയസും തൊട്ടുപിറകില്‍ ഉണ്ട്.

അഡ്‌ലെയ്ഡില്‍, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന സന്ദര്‍ശക ബാറ്ററാവാനുള്ള അവസരവും കോലിക്കുണ്ട്. ബ്രയാന്‍ ലാറയുടെ പേരിലുള്ള റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്ക് 102 റണ്‍സ് കൂടി മതി. 611 റണ്‍സാണ് ലാറയുടെ സമ്പാദ്യം. 44 റണ്‍സ് നേടിയാല്‍ കോഹ്‌ലി, വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ (552) മുന്നിലെത്തും. വാലി ഹാമണ്ട് 482, ലിയോനാര്‍ഡ് ഹട്ടണ്‍ എന്നിവരെ പിന്നാലിക്കയാണ് കോഹ് ലി ഈ നേട്ടത്തിനരികെ എത്തിയിരിക്കുന്നത്.