- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്ത്; ; അഡ്‌ലെയ്ഡിൽ നേരിടാനായത് വെറും നാല് പന്തുകൾ; ഓസ്ട്രേലിയൻ മണ്ണിൽ വിരാട് കോഹ്ലിക്ക് നാണക്കേടിന്റെ റെക്കോർഡ്
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്തായതോടെ വിരാട് കോഹ്ലിക്ക് കരിയറിലെ നാണക്കേടിൻറെ റെക്കോർഡ്. ഓസ്ട്രേലിയയിൽ തുടർച്ചയായി രണ്ട് ഏകദിനങ്ങളിൽ ആദ്യമായാണ് താരക്ക് പൂജ്യത്തിന് പുറത്താകുന്നത്. പെർത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ എട്ട് പന്തുകൾ നേരിട്ട കോഹ്ലിക്ക് ഒരു റൺ പോലും നേടാൻ കഴിഞ്ഞിരുന്നില്ല.
ഇന്ന് അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ വെറും നാല് പന്തുകൾ നേരിട്ടാണ് കോലി മടങ്ങിയത്. ഓസീസ് പേസർ സേവിയർ ബാർട്‌ലെറ്റാണ് കോഹ്ലിയെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്. പെർത്തിലെ ആദ്യ ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ പോയിന്റിൽ ക്യാച്ച് നൽകിയാണ് കോഹ്ലി പുറത്തായത്.
അഡ്‌ലെയ്ഡിലെ രണ്ടാം മത്സരത്തിലും കോലിക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. അവസാനം അഡ്‌ലെയ്ഡില്‍ കളിച്ച രണ്ട് കളികളിലും സെഞ്ചുറി നേടിയ കോഹ്ലിക്ക് ഇത്തവണ പക്ഷെ അക്കൗണ്ട് തുറക്കാനുള്ള ഭാഗ്യമുണ്ടായില്ല. 2015ലെ ഏകദിന ലോകകപ്പില്‍ അഡ്‌ലെയ്ഡില്‍ പാക്കിസ്ഥാനെതിരെ 107 റണ്‍സടിച്ച കോഹ്ലി 2019ല്‍ അവസാനം അഡ്‌ലെയ്ഡില്‍ കളിച്ചപ്പോള്‍ ഓസ്ട്രേലിയക്കെതിരെ 104 റണ്‍സടിച്ചിരുന്നു.
ഏകദിന കരിയറിൽ കോഹ്ലിയുടെ പതിനെട്ടാമത്തെ പൂജ്യമാണിത്. ഇതോടെ ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ ബാറ്റർമാരിൽ കോഹ്ലി മൂന്നാം സ്ഥാനത്തെത്തി. സച്ചിൻ ടെണ്ടുൽക്കർ (463 മത്സരങ്ങളിൽ 20 പൂജ്യം), ജവഗൽ ശ്രീനാഥ് (229 മത്സരങ്ങളിൽ 19 പൂജ്യം) എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്. ശ്രീലങ്കൻ താരം സനത് ജയസൂര്യയാണ് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ (445 മത്സരങ്ങളിൽ 34 പൂജ്യം) പൂജ്യത്തിന് പുറത്തായ താരം.