ന്യൂഡൽഹി: 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ ഒരുങ്ങി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി. ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകണമെന്ന ബിസിസിഐയുടെ കർശന നിർദേശത്തിന് വഴങ്ങിയാണ് കോഹ്‌ലിയുടെ ഈ തീരുമാനം. ബോർഡിനെയും സെലക്ടർമാരെയും വെല്ലുവിളിച്ച് മുന്നോട്ട് പോകേണ്ടന്ന ഉപദേശം ഉൾക്കൊണ്ടാണ് താരം വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ തയ്യാറായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രോഹൻ ജെയ്റ്റ്‌ലിയാണ് കോഹ്‌ലിയുടെ പങ്കാളിത്തം സംബന്ധിച്ച വിവരങ്ങൾ സ്ഥിരീകരിച്ചത്. നേരത്തെ, വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ കോഹ്‌ലി സന്നദ്ധനല്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, പിന്നീട് താരം നിലപാട് മാറ്റുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് ഏകദിന ടീമിലേക്ക് പരിഗണിക്കുന്ന എല്ലാ കളിക്കാരും ആഭ്യന്തര ക്രിക്കറ്റിൽ കായികക്ഷമത തെളിയിക്കണമെന്ന് നിർബന്ധമാക്കിയിരുന്നു.

ഏകദിന ലോകകപ്പ് ഉൾപ്പെടെയുള്ളവ അടുത്തിരിക്കെയാണ് ബിസിസിഐയുടെ ഈ നീക്കം. കായികക്ഷമത നിലനിർത്തുക എന്നതിനൊപ്പം, മത്സരപരിചയം ഉറപ്പാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. ടെസ്റ്റും, ട്വന്റി20യും അവസാനിപ്പിച്ച കോഹ്‌ലിയും രോഹിത്തും നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. ഈ സാഹചര്യത്തിൽ, ബോർഡിന്റെ നിർദേശം കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

ഓസ്‌ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ആഭ്യന്തര ക്രിക്കറ്റ് പങ്കാളിത്തം സംബന്ധിച്ച് നിലപാട് കടുപ്പിച്ചത്. ഇതിന് മുൻപും വിരാട് കോഹ്‌ലിയോടും രോഹിത് ശർമ്മയോടും സമാനമായ നിർദേശങ്ങൾ ബിസിസിഐ നൽകിയിട്ടുണ്ട്. എന്നാൽ ഇത്തവണ അത് നിർബന്ധിത സ്വഭാവത്തിലേക്ക് എത്തുകയായിരുന്നു.

നിലവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചുകൊണ്ടിരിക്കുന്ന കോഹ്‌ലി, പരമ്പരയ്ക്ക് ശേഷം ലണ്ടനിലുള്ള കുടുംബത്തിനടുത്തേക്ക് മടങ്ങും. തുടർന്ന് വിജയ് ഹസാരെ ട്രോഫിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തും.