കൊല്‍ക്കത്ത: അന്താരാഷ്ട്ര ക്രിക്കറ്റിനു പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വൃദ്ധിമാന്‍ സാഹ. രഞ്ജി ട്രോഫി പോരാട്ടത്തില്‍ പഞ്ചാബിനെതിരെ ബംഗാള്‍ ഇന്നിങ്സ് ജയം സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് ക്രിക്കറ്റ് കളിക്കാരനെന്ന റോള്‍ അവസാനിപ്പിക്കുന്നതായി താരം പ്രഖ്യാപിച്ചത്. ഇന്നലെ എക്‌സിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 17 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് ഇപ്പോള്‍ താരം വിരാമമിട്ടിരിക്കുന്നത്.

'1997 ല്‍ ആദ്യമായി ക്രിക്കറ്റ് മൈതാനത്ത് ചുവടുവെച്ചതിന് ശേഷം ഇപ്പോള്‍ 28 വര്‍ഷം കഴിഞ്ഞു. രാജ്യത്തിനുവേണ്ടിയും സംസ്ഥാനത്തിനും ജില്ലയ്ക്കും കോളേജിനും സ്‌കൂളിനുവേണ്ടിയുമൊക്കെ കളിക്കാനായത് ജീവിതത്തിലെ വലിയ ആദരമായി കാണുന്നു. എന്റെ എല്ലാ നേട്ടങ്ങള്‍ക്കും ഞാന്‍ പഠിച്ച പാഠങ്ങള്‍ക്കുമെല്ലാം പിന്നില്‍ ക്രിക്കറ്റാണ്. മറക്കാനാവാത്ത വിജയങ്ങളും വിലമതിക്കാനാവാത്ത അനുഭവങ്ങളും ക്രിക്കറ്റ് സമ്മാനിച്ചു. എല്ലാത്തിനും അവസാനമുണ്ടെന്നതുപോലെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഞാന്‍ വിരമിക്കാന്‍ തീരുമാനിച്ചിരിക്കുന്നു'.- സാഹ എക്സില്‍ കുറിച്ചു. പുതിയ അധ്യായം തുടങ്ങാനുള്ള സമയം ആയെന്നും കുടുംബത്തിനും സുഹൃത്തുകള്‍ക്കുമൊപ്പം ജീവിതം ആസ്വദിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ 40 മത്സരത്തിലെ 56 ഇന്നിങ്സില്‍ നിന്ന് 1353 റണ്‍സും 117 റണ്‍സിന്റെ ഉര്‍ന്ന സ്‌കോറും നേടാന്‍ ബാറ്റര്‍ക്ക് സാധിച്ചിരു. 29.41 ആവറേജിലാണ് താരം റണ്‍സ് നേടിയത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും നേടാന്‍ താരത്തിന് സാധിച്ചു. ഏകദിനത്തില്‍ ഒമ്പത് മത്സരത്തിലും അഞ്ച് ഇന്നിങ്സില്‍ നിന്ന് 41 റണ്‍സും സാഹ രേഖപ്പെടുത്തി. ഫസ്റ്റ് ക്ലാസില് 142 മത്സരത്തിലെ 210 ഇന്നിങ്സില്‍ 7169 റണ്‍സാണ് താരം നേടിയത്. 203* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 41.43 ആവറേജും താരത്തിനുണ്ട്.

ലിസ്റ്റ് എയില്‍ 116 മത്സരത്തിലെ 103 ഇന്നിങ്സില്‍ നിന്ന് 3072 റണ്‍സും സാഹ തന്റെ അക്കൗണ്ടിലാക്കിയിട്ടുണ്ട്. മാത്രമല്ല ടി-20സില്‍ 225 മത്സരങ്ങളിലെ 227 ഇന്നിങ്സില്‍ നിന്ന് 4655 129 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. 2008ല്‍ ഐ.പി.എല്ലിലൂടെയാണ് സാഹ ക്രിക്കറ്റ് മൈതാനത്തേക്ക് കടന്നുവരുന്നത്. 170 മത്സരം 145 ഇന്നിങ്സില്‍ നിന്ന് 2934 റണ്‍സും 115* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടി.