ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോട് ആറു വിക്കറ്റിന് തോറ്റതില്‍ ആരാധക രോഷം കെട്ടടങ്ങുന്നതിനു മുമ്പാണ് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായത്. ഗ്രൂപ്പ് റൗണ്ടില്‍ ഒരു മത്സരം ബാക്കി നില്‍ക്കെയാണ് മുന്‍ ചാമ്പ്യന്മാരുടെ പുറത്താകല്‍. ഇതോടെ മുന്‍ താരങ്ങളെല്ലാം കൂട്ടത്തോടെ പാക് ടീമിനെതിരെ വാളെടുത്തു കഴിഞ്ഞു.

താരങ്ങളുടെ പ്രകടനത്തെയും ടീം തെരഞ്ഞെടുപ്പിനെയും വരെ വിമര്‍ശിച്ച് ആരാധകരും മുന്‍ താരങ്ങളും രംഗത്തുണ്ട്. ഇപ്പോഴിതാ താരങ്ങളുടെ ഭക്ഷണ രീതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ നായകനും പേസറുമായ വസീം അക്രം. ഇന്ത്യക്കെതിരായ മത്സരത്തിനിടെ പാക് താരങ്ങളുടെ ഭക്ഷണരീതി ചൂണ്ടിക്കാട്ടിയായിരുന്നു അക്രത്തിന്റെ വിമര്‍ശനം.

'ഇന്ത്യക്കെതിരായ മത്സരത്തിന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ ഞാന്‍ കണ്ടത് പാക് കളിക്കാരുടെ മുമ്പില്‍ ഒരു പ്ലേറ്റ് നിറയെ നേന്ത്രപ്പഴം കൊണ്ടുവെച്ചതാണ്. കുരങ്ങുകള്‍പോലും അത്രയും നേന്ത്രപ്പഴം കഴിക്കില്ല. ഇതാണ് അവരുടെ ഭക്ഷണരീതി. ഇംറാന്‍ ഖാന്‍ ക്യാപ്റ്റനായിരുന്ന കാലത്തായിരുന്നു ഞങ്ങളൊക്കെ ഇത് ചെയ്തതെങ്കില്‍ അദ്ദേഹം തല്ലുമായിരുന്നു' -അക്രം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

കളിയുടെ വേഗത പതിമടങ്ങ് വര്‍ധിച്ച ഇക്കാലത്തും പാകിസ്താന്‍ ടീം പുരാതന കാലത്തെ ക്രിക്കറ്റാണ് കളിക്കുന്നത്. കടുത്ത നടപടികള്‍ ആവശ്യമാണ്. കൂടുതല്‍ യുവാക്കളെ ടീമില്‍ ഉള്‍പ്പെടുത്തണം, ഭയമില്ലാതെ ക്രിക്കറ്റ് കളിക്കുന്നവരാകണം, അഞ്ചോ, ആറോ മാറ്റങ്ങള്‍ വരുത്തണം. ദയവായി അതിനു തയാറാകണം. അടുത്ത ആറ് മാസവും ടീം തോല്‍ക്കുന്നത് തുടര്‍ന്നേക്കാം. പക്ഷേ 2026 ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ടുള്ള ടീമിനെ ഇപ്പോള്‍ തന്നെ വളര്‍ത്തിക്കൊണ്ടുവരണം. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍നിന്ന് പാകിസ്താന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത് 60 വിക്കറ്റാണ്. അതും 60.60 ശരാശരിയില്‍. അഥവാ ഒരു വിക്കറ്റിന് 60 റണ്‍സ് വിട്ടുകൊടുത്തു. ഞെട്ടിക്കുന്ന കണക്കുകളാണിതെന്നും അക്രം വിമര്‍ശിച്ചു.

ഒമാന്‍, യു.എസ്.എ എന്നീ ടീമുകളുടെ ശരാശരിയേക്കാള്‍ താഴെയാണ് പാകിസ്താനെന്നും അക്രം കുറ്റപ്പെടുത്തി. 2017 ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ് പാകിസ്താന്റെ അവസാന സുപ്രധാന കിരീട നേട്ടങ്ങളിലൊന്ന്. അന്ന് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചാണ് ടീം കിരീടം നേടിയത്.