ധാക്ക: ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടവുമായി വെസ്റ്റ് ഇൻഡീസ്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ, വെസ്റ്റ് ഇൻഡീസ് ടീം ഒരു കളിയിൽ 50 ഓവറുകളും സ്പിൻ ബോളർമാരെക്കൊണ്ട് എറിപ്പിച്ച് ലോക റെക്കോർഡിന് ഉടമകളായി. അന്താരാഷ്ട്ര ഏകദിനത്തിൽ ഒരു മുഴുവൻ ഇന്നിംഗ്‌സിലും സ്പിന്നർമാരെ മാത്രം ആശ്രയിക്കുന്ന ആദ്യ മുഴുവൻ അംഗ രാജ്യമായി വെസ്റ്റ് ഇൻഡീസ്.

ഷെർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനെ 213 റൺസിൽ ഒതുക്കാൻ വിൻഡീസ് സ്പിന്നർമാർക്ക് സാധിച്ചു. ടീമിൽ ജസ്റ്റിൻ ഗ്രീവ്സ് എന്ന ഓൾറൗണ്ടർ പേസറായി ഉണ്ടായിരുന്നിട്ടും, ഒരു ഓവറിൽ പോലും പരീക്ഷിക്കാൻ വിൻഡീസ് തയ്യാറായില്ല.

പകരം, പാർട്ട് ടൈം സ്പിന്നറായ അലിക് അതനാസെ തിളങ്ങി. 10 ഓവറുകൾ എറിഞ്ഞ് താരം 14 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഇടംകയ്യൻ സ്പിന്നർ ഗുഡകേഷ് മോട്ടിയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. അഖിൽ ഹൊസൈൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഖാരി പിയറി, റോസ്‌റ്റൺ ചെയ്‌സ് എന്നിവരാണ് 10 ഓവർ പൂർത്തിയാക്കിയ മറ്റ് സ്പിൻ ബൗളർമാർ.