ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബെര്‍ണാഡ് ജൂലിയന്‍ (75) അന്തരിച്ചു. വടക്കന്‍ ട്രിനിഡാഡിലെ വല്‍സിന്‍ ടൗണിലായിരുന്നു അന്ത്യം. 1975-ല്‍ ആദ്യമായി ഏകദിന ലോകകപ്പ് സ്വന്തമാക്കിയ കരീബിയന്‍ ടീമിലെ പ്രധാന അംഗമായിരുന്നു ജൂലിയന്‍. ലോകകപ്പ് വിജയത്തിന്റെ 50-ാം വാര്‍ഷികവേളയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ നിര്യാണം എന്നത് ആരാധകര്‍ക്ക് ഏറെ വേദനാജനകമായി.

ശക്തമായ ഇടംകൈ പെയ്‌സറും ആക്രാമകാരിയായ ബാറ്ററുമായ ബെര്‍ണാഡ് ജൂലിയന്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന് ഏറെ സംഭാവന നല്‍കി. ശ്രീലങ്കക്കെതിരെയും ന്യൂസിലന്‍ഡിനെതിരെയും നാല് വീതം വിക്കറ്റുകള്‍ നേടി ലോകകപ്പില്‍ തിളങ്ങിയ അദ്ദേഹം, ഫൈനലില്‍ വേഗത്തിലുള്ള 37 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സഹായിച്ചു.

1973 മുതല്‍ 1977 വരെ 24 ടെസ്റ്റുകളും 12 ഏകദിന മത്സരങ്ങളും അദ്ദേഹം കളിച്ചു. ടെസ്റ്റുകളില്‍ 866 റണ്‍സും 50 വിക്കറ്റും, ഏകദിനങ്ങളില്‍ 86 റണ്‍സും 18 വിക്കറ്റും നേടി. ''ടീമിനായി എല്ലാം നല്കുന്ന പോരാളിയായിരുന്നു ബെര്‍ണാഡ്,'' എന്ന് മുന്‍ ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ് അദ്ദേഹത്തെ അനുസ്മരിച്ചു.