- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ മാറി മാനം തെളിഞ്ഞു; കലാശപ്പോരില്‍ ടോസിന്റെ ഭാഗ്യം ദക്ഷിണാഫ്രിക്കയ്ക്ക്; ഇന്ത്യയെ ബാറ്റിംഗിനയച്ചു; സെമിയിലെ ടീമിനെ നിലനിര്‍ത്തി ഇരുടീമുകളും; കന്നിക്കിരീടം ലക്ഷ്യമിട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും
നവിമുംബൈ കലാശപ്പോരിന്റെ ആവേശത്തിലേക്ക്
നവിമുംബൈ: മഴ മാറി മാനം തെളിഞ്ഞതോടെ നവിമുംബൈ കലാശപ്പോരിന്റെ ആവേശത്തിലേക്ക്. നിര്‍ണ്ണായകമായ കലാശപ്പോരിലെ ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ അഞ്ച് മണിക്ക് മത്സരം ആരംഭിക്കും.
കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളത്തിലിറങ്ങുന്നത്. അതിനാല്‍ തന്നെ പരീക്ഷണത്തിന് മുതിരാതെ സെമിയില്‍ കളിച്ച അതേ ടീമിനെ ഇരുടീമുകളും നിലനിര്‍ത്തി. സെമി ഫൈനലില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ കലാശപ്പോരിനെത്തിയത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ടിന്റെ വെല്ലുവിളി മറികടന്നു.
ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.ഇന്ത്യ: ഷഫാലി വര്‍മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂര്‍.
ദക്ഷിണാഫ്രിക്ക: ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), ടാസ്മിന്‍ ബ്രിട്ട്‌സ്, അനെകെ ബോഷ്, സുനെ ലൂസ്, മരിസാന്‍ കാപ്പ്, സിനാലോ ജഫ്ത (വിക്കറ്റ് കീപ്പര്‍), ആനെറി ഡെര്‍ക്‌സെന്‍, ക്ലോ ട്രയോണ്‍, നദീന്‍ ഡി ക്ലര്‍ക്ക്, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ.
അതേസമയം വിജയകിരീടം ആര് സ്വന്തമാക്കിയാലും വനിതാ ക്രിക്കറ്റിന് പുതിയ ചാമ്പ്യന്‍മാരെ ലഭിക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ആദ്യമായാണ് ഇംഗ്ലണ്ടോ ഓസ്‌ട്രേലിയയോ ഇല്ലാതെ ഒരു വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ നടക്കുന്നത്.പുതുചരിത്രം രചിച്ച് കന്നിക്കിരീടത്തിനായി ഇന്ത്യ മൂന്നാം ഫൈനലിന് ഇറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഫൈനലാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ മൂന്ന് വിക്കറ്റ് തോല്‍വിക്ക് പകരംവീട്ടാന്‍ കൂടിയുണ്ട് ടീം ഇന്ത്യക്ക്.ജമീമ റോഡ്രിഗ്‌സിന്റെ ഐതിഹാസിക സെഞ്ച്വറി ടീം ഇന്ത്യക്കും ആരാധകര്‍ക്കും നല്‍കിയത് വാനോളം ആവേശവും പ്രതീക്ഷകളും. ഇതോടെ ടീമും സെറ്റായി. ഷെഫാലി വര്‍മ്മയും സ്മൃതി മന്ദാനയും നല്ല തുടക്കം നല്‍കിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവും. മധ്യനിരയ്ക്ക് കരുത്തായി ജമീമയും ഹര്‍മന്‍പ്രീത് കൗറും ദീപ്തി ശര്‍മ്മയും റിച്ച ഘോഷും. ക്രാന്തി ഗൗഡിന്റെയും ശ്രീ ചരണിയുടെയും രേണുക സിംഗിന്റെയും ബൗളിംഗ് മികവും കലാശപ്പോരില്‍ നിര്‍ണായകമാകും.




