- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന നാല് പന്തിൽ വേണ്ടത് 18 റൺസ്; പിന്നെ കണ്ടത് നാദിൻ ഡി ക്ലർക്കിന്റെ അവിശ്വസനീയ ബാറ്റിങ്; വനിതാ പ്രീമിയർ ലീഗിലെ ത്രില്ലർ പോരിൽ മുംബൈയെ വീഴ്ത്തി ബെംഗളൂരു
നവി മുംബൈ: വനിത പ്രീമിയർ ലീഗിന്റെ (ഡബ്ല്യുപിഎൽ) നാലാം പതിപ്പിലെ ആദ്യ മത്സരത്തിൽ നദീൻ ഡി ക്ലർക്കിന്റെ അവിശ്വസനീയ ബാറ്റിങ് മികവിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസിനെ 3 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച നവി മുംബൈയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ അവസാന ഓവറിലെ ഡി ക്ലർക്കിന്റെ ഒറ്റയാൾ പ്രകടനമാണ് ആർസിബിക്ക് ത്രില്ലിങ് ജയം സമ്മാനിച്ചത്. പുറത്താകാതെ 44 പന്തിൽ 63 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരം, മുംബൈയുടെ സൂപ്പർ താരം നാറ്റ് സീവർ-ബ്രന്റിനെതിരെ അവസാന ഓവറിൽ 18 റൺസാണ് അടിച്ചു കൂട്ടിയത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് അടിച്ചത്. ആര്‍സിബി 7 വിക്കറ്റ് നഷ്ടത്തില്‍ 157 അടിച്ചെടുത്താണ് വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണു നേടിയത്. മലയാളി ഓൾറൗണ്ടർ സജനാ സജീവനാണ് മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോറർ. 25 പന്തുകൾ നേരിട്ട സജന 45 റൺസെടുത്തു പുറത്തായി. ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു സജനയുടെ ഇന്നിങ്സ്.
നിക്കോള കാരി (29 പന്തിൽ 40), ഗുണാലൻ കമാലിനി (28 പന്തിൽ 32), ഹർമൻപ്രീത് കൗർ (17 പന്തിൽ 20) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ. 67 റൺസടിക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായ മുംബൈയെ നിക്കോള– സജന സഖ്യമാണ് സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത്.
അവസാന ഓവറിൽ ആർസിബിക്ക് ജയിക്കാൻ 18 റൺസ് വേണ്ടിയിരുന്നു. മുംബൈയുടെ വിശ്വസ്ത ബൗളറായ നാറ്റ് സീവർ-ബ്രന്റിനെയാണ് ഹർമൻപ്രീത് പന്തേൽപ്പിച്ചത്. ഓവറിലെ ആദ്യ രണ്ട് പന്തുകളും ഡോട്ട് ബോളുകളാക്കി നാറ്റ് സീവർ മുംബൈക്ക് മേൽക്കൈ നൽകി. ഇതോടെ നാല് പന്തിൽ 18 റൺസ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. മുംബൈ ജയം ഉറപ്പിച്ചെന്ന് തോന്നിച്ച നിമിഷങ്ങൾ. എന്നാൽ, മൂന്നാം പന്തിൽ നാറ്റ് സീവറിന് പിഴച്ചു. സ്ലോട്ട് ബോളായി വന്ന പന്തിനെ ലോങ് ഓഫിന് മുകളിലൂടെ നദീൻ ബൗണ്ടറി കടത്തി. അടുത്തത് ഒരു സ്ലോ ബൗൺസറായിരുന്നു, അതിനെ സ്ക്വയർ ലെഗിന് പിന്നിലൂടെ ഹുക്ക് ഷോട്ട് വഴി മറ്റൊരു ബൗണ്ടറിയാക്കി ഡി ക്ലെർക്ക് സ്കോറിങ് വേഗത കൂട്ടി.
ഇതോടെ രണ്ട് പന്തിൽ എട്ട് റൺസ് എന്ന നിലയിലേക്ക് മത്സരം മാറി. അഞ്ചാം പന്ത് വീണ്ടും ഒരു സ്ലോ ബോളായിരുന്നു. മിഡ് വിക്കറ്റിന് മുകളിലൂടെ ഗ്യാലറിയിലേക്ക് പായിച്ച് നദീൻ മുംബൈ താരങ്ങളുടെ മുഖത്തെ ചിരി മായ്ച്ചു. ഒരു പന്തിൽ രണ്ട് റൺസ് എന്ന നിലയിലെത്തിയപ്പോൾ മത്സരം ആവേശത്തിന്റെ കൊടുമുടിയിലായി. വിജയമുറപ്പിക്കാൻ സുരക്ഷിതമായ ഒരു ഷോട്ടിന് ശ്രമിക്കാതെ, നാറ്റ് സീവറിന്റെ യോർക്കർ ശ്രമത്തെ ബൗളറുടെ തലയ്ക്ക് മുകളിലൂടെ ലോഫ്റ്റഡ് ഷോട്ട് അടിച്ച് ലോങ് ഓഫിനും ലോങ് ഓണിനും പിടിക്കാനാവാത്ത വേഗത്തിൽ നദീൻ ബൗണ്ടറിയിലെത്തിച്ച് ആർസിബിക്ക് ത്രില്ലിങ് ജയം സമ്മാനിച്ചു. ഗ്രേസ് ഹാരിസ് (12 പന്തിൽ 25), അരുന്ധതി റെഡ്ഡി (25 പന്തിൽ 20), സ്മൃതി മന്ധാന (13 പന്തിൽ 18) എന്നിവരും ആർസിബിക്കായി ബാറ്റിങ്ങില്‍ തിളങ്ങി.




