- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായകം; സെമി സാധ്യത നിലനിര്‍ത്താന്‍ ഹര്‍മ്മനും സംഘത്തിനും ജയം അനിവാര്യം; ജയത്തോടെ സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ടും; വിക്കറ്റ് നഷ്ടമില്ലാതെ അമ്പത് പിന്നിട്ട് ഇംഗ്ലണ്ട്
വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായകം
ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.മഴ കാരണം പല മത്സരങ്ങളിലും ഫലമുണ്ടാകാതെ പോയത് ഇന്ത്യക്ക് ഗുണമായിട്ടുണ്ട്.പക്ഷെ ഇന്ന് പരാജയപ്പെട്ടാല്‍ ആ സാധ്യത പോലും ഇല്ലാതാകും.
നാല് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് ഇന്ത്യക്കുള്ളത്.ബാറ്റിങില്‍ ഇന്ത്യ കരുത്ത് കാണിക്കുന്നുണ്ട്. ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ധാന ഫോമിലേക്ക് മടങ്ങിയെത്തിയത് ഇരട്ടി ബലം നല്‍കും. സഹ ഓപ്പണര്‍ പ്രതിക റാവലും മികവില്‍ തന്നെ. വണ്‍ ഡൗണ്‍ ഇറങ്ങുന്ന ഹര്‍ലീന്‍ ഡിയോള്‍ ഫോമിലേക്ക് ഉയരേണ്ടതുണ്ട്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും ഇതുവരെ തന്റെ ഫോമിലേക്ക് തിരികെയെത്താന്‍ സാധിച്ചിട്ടില്ല. റിച്ച ഘോഷ്, ദീപ്തി ശര്‍മ എന്നിവരുടെ മികവും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.
ബൗളിങിലെ ദൗര്‍ബല്യങ്ങളാണ് ഇന്ത്യക്കു തലവേദനയുണ്ടാക്കുന്ന പ്രധാന പ്രശ്നം. ഓസ്ട്രേലിയക്കെതിരെ 300നു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും അതു പ്രതിരോധിക്കുന്നതില്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടു. ക്രാന്തി ഗൗഡും ശ്രീചരണിയും ബൗളിങില്‍ മികവ് പുലര്‍ത്തുന്നുണ്ട്. ഇരുവരേയും മാറ്റി നിര്‍ത്തിയാല്‍ മറ്റാരും മികവിലേക്ക് വരുന്നില്ല.ഇംഗ്ലണ്ടിനെതിരെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജമീമ റോഡ്രിഗസിന് പകരം രേണുക സിംഗ് ടീമിലെത്തി.
അതേസമയം തോല്‍വി അറിയാതെ മുന്നേറുന്ന ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ ഏഴ് പോയിന്റ്. ഇന്ന് ജയിച്ചാല്‍ ഇംഗ്ലണ്ടിന് സെമി ഉറപ്പിക്കാം.ഇംഗ്ലണ്ട് രണ്ട് മാറ്റം വരുത്തി. സോഫി എക്ലെസ്റ്റോണ്‍, ലോറന്‍ ബെല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് 13 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 62 എന്ന നിലയിലാണ്.