ദുബായ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനും തിരിച്ചടി. ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇംഗ്ലണ്ടിന്റെയും ന്യൂസിലന്‍ഡിന്റെയും പോയന്റുകള്‍ വെട്ടിക്കുറച്ചതോടെ അഞ്ചാം സ്ഥാനത്തായിരുന്ന ശ്രീലങ്ക പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാലാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡ് അഞ്ചാം സ്ഥാനത്തേക്ക് വീണു. ഇതേടെ പോയിന്റ് പട്ടികയില്‍ വീണ്ടും മാറ്റം.

പോയന്റുകള്‍ വെട്ടിക്കുറച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്താനുള്ള ന്യൂസിലന്‍ഡിന്റെ നേരിയ സാധ്യതകള്‍ക്കും തിരിച്ചടിയേറ്റു. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകളില്‍ ജയിച്ചാലും ന്യൂസിലന്‍ഡ് ഫൈനലിലെത്താന്‍ നേരിയ സാധ്യത മാത്രമാണുള്ളത്.

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും നിശ്ചിത സമയത്ത് മൂന്നോവര്‍ കുറച്ചാണ് എറിഞ്ഞിരുന്നത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരു ടീമുകള്‍ക്ക് 3 പോയന്റ് വീതം നഷ്ടമായി. ഇതോടെ ന്യൂസിലന്‍ഡ് 47.92 പോയന്റ് ശതമാനവുമായി അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍, ഇംഗ്ലണ്ട് 42.50 പോയന്റ് ശതമാവുമായി ആറാം സ്ഥാനത്ത് തുടരുന്നു. 61.11 പോയന്റ് ശതമാനവുമായി ഇന്ത്യയാണ് ഒന്നാമത്. ഓസ്‌ട്രേലിയക്കെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന പെര്‍ത്ത് ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ സാധ്യത കൂട്ടാം.

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിലെ ജയത്തോടെ 59.26 പോയന്റ് ശതമാവുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 57.69 പോയന്റ് ശതമാവുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്താണ്. 50 പോയന്റ് ശതമാവുമായാണ് ശ്രീലങ്ക നാലാം സ്ഥാനത്തെത്തിയത്. എന്നാല്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പോയന്റുകള്‍ വെട്ടിക്കുറച്ചതിനെതിരെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉന്നയിച്ചു. 10 മണിക്കൂറിനുള്ളില്‍ മത്സരം പൂര്‍ത്തിയായെന്നും പിന്നെയും സമയം ബാക്കി ഉണ്ടായിരുന്നുവെന്നും സ്റ്റോക്‌സ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.