- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നി കിരീടം ലക്ഷ്യമിട്ട് ജെമീമയുടെ ഡൽഹി ക്യാപിറ്റൽസ്; എതിരാളികൾ ഒന്നാം സ്ഥാനക്കാരായി ഫൈനലിലെത്തിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു; വനിതാ പ്രീമിയർ ലീഗ് കലാശപ്പോര് ഇന്ന്

മുംബൈ: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ഫൈനൽ ഇന്ന്. കലാശപ്പോരിൽ ഡൽഹി ക്യാപിറ്റൽസ് മുൻ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) നേരിടും. രാത്രി 7:30-നാണ് മത്സരം ആരംഭിക്കുക. എല്ലാ സീസണുകളിലും ഫൈനലിലെത്തിയ ഡൽഹി തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമിടുമ്പോൾ, രണ്ടാം കിരീടമാണ് ആർസിബി ലക്ഷ്യമിടുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലിന് യോഗ്യത നേടിയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കലാശപ്പോരാട്ടത്തിനെത്തുന്നത്.
ഡൽഹി ക്യാപിറ്റൽസ് ആകട്ടെ, എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ തോൽപിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. ഡൽഹിയെ ജെമീമ റോഡ്രിഗസും ആർസിബിയെ സ്മൃതി മന്ദാനയുമാണ് നയിക്കുന്നത്. ആർസിബിയോട് ഉൾപ്പെടെ, കഴിഞ്ഞ മൂന്ന് ഫൈനലുകളിലേറ്റ തോൽവിക്ക് പകരം വീട്ടാനുറച്ചാണ് ജെമീമയുടെ ഡൽഹി ടീം കളത്തിലിറങ്ങുന്നത്. എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയിരുന്നു.
ഗുജറാത്ത് നേടിയ 168 റൺസ് 26 പന്തുകൾ ശേഷിക്കേ ഡൽഹി മറികടന്നു. ലീഗ് ഘട്ടത്തിൽ ഗുജറാത്തിനോടേറ്റ തോൽവിക്ക് ഇത് ഡൽഹിക്ക് മധുരപ്രതികാരമായി. ഈ വിജയത്തോടെ തുടർച്ചയായ നാലാം ഫൈനലാണ് ഡൽഹി കളിക്കുന്നത്. ഡൽഹിക്കായി ലിസേലെ ലീ (24 പന്തിൽ 43 റൺസ്), ഷെഫാലി വർമ്മ (21 പന്തിൽ 31 റൺസ്) എന്നിവർ ഒന്നാം വിക്കറ്റിൽ 89 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കം നൽകി.
ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് 23 പന്തിൽ 41 റൺസ് നേടി. ലോറ വോൾവാർട്ടിന്റെ അപരാജിത 41 റൺസ് ഡൽഹിയുടെ വിജയത്തിൽ നിർണ്ണായകമായി. ബോളിങ്ങിൽ ചിനേലെ ഹെൻറി മൂന്ന് വിക്കറ്റും നന്ദനി ശർമ്മ രണ്ട് വിക്കറ്റും വീഴ്ത്തി ഗുജറാത്തിനെ 168 റൺസിൽ ഒതുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ഗുജറാത്തിനായി 62 റൺസെടുത്ത ബെത്ത് മൂണിയാണ് ടോപ് സ്കോറർ.


