മുംബൈ: വനിതാ പ്രീമിയർ ലീഗിന്റെ 2026 സീസണിന് നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ഏറ്റുമുട്ടും. ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ദാന മുംബൈയെ ബാറ്റിംഗിന് അയച്ചു. നേരത്തെ നിശ്ചയിച്ചതിലും വൈകിയാണ് മത്സരം ആരംഭിക്കുന്നത്.

പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങ് പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എടുത്തതിനാലാണ് മത്സരം 7:40 PM-ലേക്ക് മാറ്റിവെച്ചത്. ഗായകൻ ഹണി സിംഗ്, നടി ജാക്വലിൻ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്ത വർണ്ണാഭമായ ചടങ്ങാണ് മത്സരത്തിന് മുന്നോടിയായി നടന്നത്. 'ഈ പിച്ച് ഉയർന്ന സ്കോറിംഗിന് സാധ്യതയുള്ളതാണെന്ന് അറിയാവുന്നതുകൊണ്ട്, റൺസ് നിയന്ത്രിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,' ടോസ് നേടിയ ശേഷം ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ദാന പറഞ്ഞു.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ആദ്യം ഫീൽഡ് ചെയ്യാനായിരുന്നു താൽപ്പര്യപ്പെട്ടത്. "മഞ്ഞുവീഴ്ച ഒരു ഘടകമാകുമെന്ന് അറിയാവുന്നതുകൊണ്ട്, ഞങ്ങൾക്കും ആദ്യം ഫീൽഡ് ചെയ്യാനായിരുന്നു ആഗ്രഹം," ഹർമൻപ്രീത് വ്യക്തമാക്കി.ടീമിലെ പ്രധാന താരമായ ഹെയ്‌ലി മാത്യൂസ് ഇന്നത്തെ മത്സരത്തിൽ കളിക്കില്ലെന്നും, ഓസ്ട്രേലിയൻ താരം നിക്കോളാ കാരി അരങ്ങേറ്റം കുറിക്കുമെന്നും അവർ അറിയിച്ചു.

പിച്ചിൽ സ്വിംഗ് സാധ്യതയുണ്ടെങ്കിലും, ഇതൊരു ഉയർന്ന സ്കോറിംഗ് മത്സരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 മുതൽ ഈ ഗ്രൗണ്ടിലെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്കോർ ഏകദേശം 165 ആണ്. ഇന്ത്യക്ക് ആദ്യ വനിതാ 50 ഓവർ ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഡി വൈ പാട്ടീൽ സ്റ്റേഡിയം തന്നെയാണ് ഇത്തവണയും ഡബ്ല്യുപിഎല്ലിന് അരങ്ങേറ്റ മത്സരത്തിന് വേദിയാകുന്നത്.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: സ്മൃതി മന്ദാന (സി), ഗ്രേസ് ഹാരിസ്, ഡി. ഹേമലത, റിച്ച ഘോഷ്, രാധാ യാദവ്, നദീൻ ഡി ക്ലർക്ക്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, പ്രേമ റാവത്ത്, ലിൻസി സ്മിത്ത്, ലോറൻ ബെൽ

മുംബൈ ഇന്ത്യൻസ്: ഹർമൻപ്രീത് കൗർ (സി), ജി കമാലിനി, നാറ്റ് സ്കീവർ-ബ്രണ്ട്, അമേലിയ കെർ, അമൻജോത് കൗർ, നിക്കോള കാരി, പൂനം ഖേംനാർ, ഷബ്നിം ഇസ്മായിൽ, സംസ്‌കൃതി, എസ് സജന, സൈക ഇസ്ഹാഖ്