- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ധോണിയെ വിരമിക്കാൻ ഉപദേശിക്കാൻ നിങ്ങൾ ആര്?'; ഇനിയും 10 വർഷം കൂടി കളിക്കണം; വിമർശകരുടെ വായടപ്പിച്ച് യോഗ്‌രാജ് സിങ്; ചെന്നൈയിൽ 'തല' തന്നെ രാജാവെന്ന് യുവരാജിന്റെ പിതാവ്

ചെന്നൈ: ഐപിഎൽ 2026 സീസണിന് നാളെ തിരിതെളിയാനിരിക്കെ ക്രിക്കറ്റ് ലോകത്തെ ചൂടുപിടിച്ച ചർച്ചാവിഷയം ചെന്നൈ സൂപ്പർ കിങ്‌സ് താരം എം.എസ്. ധോണിയുടെ ഭാവി തന്നെയാണ്. ആരാധകർ 'തല'യുടെ അവസാന സീസണാണോ ഇതെന്ന് ആശങ്കപ്പെടുമ്പോൾ, ധോണിയെ പിന്തുണച്ചും ചെന്നൈയുടെ പുതിയ മാറ്റങ്ങളെ വിശകലനം ചെയ്തും പ്രമുഖർ രംഗത്തെത്തി.
ധോണിയുടെ വിരമിക്കലിനെക്കുറിച്ച് സംസാരിക്കുന്നവർക്ക് കടുത്ത മറുപടിയുമായാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ് എത്തിയത്. ധോണിയുടെ കായികക്ഷമതയും അച്ചടക്കവും അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. "ധോണി ഇനിയും പത്ത് വർഷം കൂടി കളിക്കണം. അദ്ദേഹത്തിന്റെ ഫോർ ആംസ് കാണുമ്പോൾ തന്നെ അത്ഭുതം തോന്നും. വിരമിക്കാൻ പറയാൻ മറ്റുള്ളവർ ആരാണ്? അദ്ദേഹത്തിന്റെ സമർപ്പണത്തിന് മുന്നിൽ തൊഴുതുനിൽക്കുന്നു," യോഗ്‌രാജ് സിങ് വ്യക്തമാക്കി.
അതേസമയം, ധോണിയിൽ നിന്ന് ചെന്നൈയുടെ ബാസ്‌റ്റൺ ഏറ്റെടുക്കാൻ ഏറ്റവും അനുയോജ്യനായ താരം സഞ്ജു സാംസണാണെന്ന് മുൻ താരം ഇർഫാൻ പത്താൻ നിരീക്ഷിച്ചു. 2026 ട്വന്റി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ചെന്നൈ പാളയത്തിലെത്തിയ സഞ്ജുവിനെ ആരാധകർക്ക് എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുമെന്ന് പത്താൻ പറഞ്ഞു. "ഇത് ധോണിയുടെ അവസാന സീസണായേക്കാം എന്നതിന്റെ സൂചനകൾ ചെന്നൈയുടെ നീക്കങ്ങളിലുണ്ട്. വരും വർഷങ്ങളിൽ ടീമിനെ നയിക്കാൻ കെല്പുള്ള ഒരു വിക്കറ്റ് കീപ്പർ ബാറ്ററെ (സഞ്ജു) അവർ എത്തിച്ചു കഴിഞ്ഞു" പത്താൻ കൂട്ടിച്ചേർത്തു.
ധോണി വെറുമൊരു 'ടു ഓവർ' പ്ലെയറായി ഒതുങ്ങരുതെന്നും ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു. പ്രായവും പരിക്കും ധോണിയുടെ ഫിനിഷിംഗ് മികവിനെ ബാധിച്ചിട്ടുണ്ടെന്ന് പത്താൻ ചൂണ്ടിക്കാട്ടി. "കഴിഞ്ഞ കുറച്ചു സീസണുകളിലായി അവസാന രണ്ട് ഓവറിൽ മാത്രം ഇറങ്ങുന്ന രീതിയാണ് ധോണി സ്വീകരിക്കുന്നത്. എന്നാൽ പഴയതുപോലെ മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ അദ്ദേഹത്തിന് പലപ്പോഴും കഴിയുന്നില്ല. അതുകൊണ്ട് ഇത്തവണ കുറഞ്ഞത് നാലോ അഞ്ചോ ഓവർ ബാറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തം ധോണി ഏറ്റെടുക്കണം. അത് ടീമിന് വലിയ ഗുണം ചെയ്യും," പത്താൻ വ്യക്തമാക്കി. അഞ്ച് കിരീടങ്ങൾ ചെന്നൈയ്ക്ക് സമ്മാനിച്ച ധോണി, ശനിയാഴ്ച തുടങ്ങുന്ന പുതിയ സീസണിലും മഞ്ഞക്കുപ്പായത്തിൽ വിസ്മയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


