ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് പാക്കിസ്ഥാനില്‍ കളിക്കുമോ എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങിയിട്ട് കാലം കുറച്ചായി. അടുത്ത ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് പാക്കിസ്ഥാനില്‍ വെച്ചു നടക്കവേ ഇന്ത്യന്‍ ടീം അവിടെ എത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ഇത് നടക്കണമെങ്കില്‍ ബിസിസിഐക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ തീരുമാനം കൂടി കൈക്കൊള്ളേണ്ട അവസ്ഥയുണ്ട്. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമും പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്.

ഇതിനിടെ സൂപ്പര്‍ താരം വിരാട് കോലി പാകിസ്താനില്‍ കളിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് തുറന്നു പറഞ്ഞ് പാകിസ്താന്‍ മുന്‍ താരം യൂനിസ് ഖാന്‍ രംഗത്തുവന്നു. അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് എത്തുമോയെന്ന് തീരുമാനമാകാത്ത സാഹചര്യത്തിലാണ് യൂനിസ് ഖാന്റെ പ്രതികരണം.

ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുന്നതിനായി ഇന്ത്യന്‍ ടീമിനെ പാക്കിസ്ഥാനിലേക്ക് ബിസിസിഐ അയക്കണമെന്നും പാകിസ്താന്‍ മുന്‍ താരം അഭ്യര്‍ത്ഥിച്ചു. ഇതിഹാസതാരം വിരാട് കോലിയുടെ കരിയറില്‍ അവശേഷിക്കുന്ന ഒരേയൊരു കാര്യം പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കുക എന്നതാണ്. ഇത്തവണ അത് സാധ്യമാക്കണം. ഇത് പാകിസ്താന്‍ ക്രിക്കറ്റിന്റെ ഒരു ആഗ്രഹം കൂടിയാണ്. പാകിസ്താനിലും കോലിക്ക് ഒട്ടേറെ ആരാധകര്‍ ഉണ്ടെന്ന് യൂനിസ് ഖാന്‍ പ്രതികരിച്ചു.

2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് പോയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിന് പാകിസ്താന്‍ ആയിരുന്നു വേദി. എങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശ്രീലങ്ക വേദിയായി. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് വേദിമാറ്റം അനുവദനീയമല്ലെന്നാണ് പാക് ക്രിക്കറ്റിന്റെ നിലപാട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിന് ശേഷം തീരുമാനിക്കാമെന്നാണ് ബിസിസിഐ അറിയിക്കുന്നത്.