- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ മികച്ചൊരു ബോളറായി മാറിയത് സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ'; ഡെത്ത് ഓവറുകൾ എറിയിപ്പിക്കാൻ പോലും മടി കാണിച്ചില്ല; മലയാളി താരത്തെ പ്രശംസിച്ച് യുസ്‍വേന്ദ്ര ചഹൽ
മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ താൻ കളിച്ച ടീമുകളിലെ ഏറ്റവും മികച്ച ക്യാപ്റ്റനായി വിശേഷിപ്പിച്ച് ഇന്ത്യൻ സ്പിന്നർ യുസ്‍വേന്ദ്ര ചഹൽ. മുൻ ക്യാപ്റ്റൻമാരായ വിരാട് കോലിയേയും ശ്രേയസ് അയ്യരേയും മറികടന്നാണ് സഞ്ജുവിനെ ചഹൽ പ്രശംസിച്ചത്. ഡെത്ത് ഓവറുകളിൽ സ്പിന്നർമാരെ ഉപയോഗിക്കാനുള്ള സഞ്ജുവിന്റെ ധൈര്യമാണ് തന്നെ മികച്ച ബോളറാക്കി മാറ്റിയതെന്നും ചഹൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
സഞ്ജുവിന്റെ ക്യാപ്റ്റൻസി ശൈലിയെക്കുറിച്ച് ചഹൽ പറഞ്ഞതിങ്ങനെ: "സഞ്ജുവിനു കീഴിലാണ് ഞാൻ മികച്ചൊരു ബോളറായി മാറിയത്. മറ്റൊരു ക്യാപ്റ്റനും ഡെത്ത് ഓവറുകൾ എറിയാൻ സ്പിന്നർമാരെ ഉപയോഗിച്ചിട്ടുണ്ടാകില്ല. സഞ്ജു എന്നെ ശരിക്കുമൊരു ഡെത്ത് ഓവർ ബോളറാക്കി മാറ്റി. ആ സമയത്താണ് എനിക്ക് ഡെത്ത് ഓവറുകളിൽ കൂടുതൽ വിക്കറ്റുകൾ ലഭിച്ചിട്ടുള്ളതും. സഞ്ജു ഒരിക്കലും നിങ്ങളെ ശല്യം ചെയ്യില്ല. നമുക്കു തോന്നുന്ന രീതിയിൽ പന്തെറിയാൻ അനുവദിക്കും. അതാണ് അദ്ദേഹത്തിന്റെ ശൈലി."
ഐപിഎല്ലിൽ 2022 മുതൽ 2024 വരെ രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ വിശ്വസ്ത ബോളറായിരുന്നു ചഹൽ. ഈ മൂന്നു സീസണുകളിലായി യഥാക്രമം 27, 21, 18 വിക്കറ്റുകൾ വീതം ചഹൽ നേടിയിരുന്നു. 2025ലെ മെഗാ ലേലത്തിനു മുൻപ് രാജസ്ഥാൻ ചെഹലിനെ റിലീസ് ചെയ്തിരുന്നു. പിന്നീട്, പഞ്ചാബ് കിങ്സ് 18 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി. കഴിഞ്ഞ ഐപിഎൽ സീസണിൽ (2025) ശ്രേയസ് അയ്യർ നയിച്ച പഞ്ചാബിനു വേണ്ടിയാണ് ചഹൽ കളിച്ചത്.
2026 സീസണിലും ചഹൽ പഞ്ചാബിന്റെ താരമായി കളിക്കാനിറങ്ങും. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിൽ വിരാട് കോലിക്കു കീഴിലും ചഹൽ കളിച്ചിട്ടുണ്ട്. എന്നിരുന്നാലും സഞ്ജു തന്നെയാണ് മികച്ച നായകനെന്ന തന്റെ നിലപാടിൽ ചെഹലിന് സംശയമൊന്നുമില്ല. അതേസമയം, 2025 മിനി ലേലത്തിനു മുൻപ് രാജസ്ഥാൻ റോയൽസ് വിട്ട സഞ്ജു സാംസൺ ഇനി ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയാകും കളിക്കുക.




