- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറ്റിംഗ് വെടിക്കെട്ടുമായി ജയ്സ്വാള്‍; നായകന്റെ ഇന്നിംഗ്സുമായി ഗില്ലും; സിംബാബ്വെക്കെതിരെ 10 വിക്കറ്റ് ജയം; ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക്
ഹരാരെ: സിംബാബ്വെയ്ക്കെതിരായ നാലാം മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക്. ശേഷിക്കുന്ന മത്സരം ഞായറാഴ്ച നടക്കും. പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ട ശേഷം തുടരെ മൂന്ന് മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയത്.
ഹരാരെ, സ്പോര്‍ട്സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്വെയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 15.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. യശസ്വി ജയ്സ്വാള്‍ (93), ശുഭ്മാന്‍ ഗില്‍ (58) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
53 പന്തുകള്‍ നേരിട്ട് രണ്ട് സിക്സും 13 ഫോറുമടക്കം 93 റണ്‍സോടെ പുറത്താകാതെ നിന്ന ജയ്സ്വാളാണ് ടീമിന്റെ ടോപ് സ്കോറര്‍. 39 പന്തുകള്‍ നേരിട്ട ഗില്‍ രണ്ട് സിക്സും ആറ് ഫോറുമടക്കം 58 റണ്‍സെടുത്തു.
പവര്‍ പ്ലേയില്‍ തന്നെ ഇന്ത്യ 61 രണ്സ് അടിച്ചെടുത്തിരുന്നു. ഇതില്‍ 47 റണ്‍സും ജയ്സ്വാളിന്റേതായിരുന്നു. ജയ്സ്വാളിന് സെഞ്ചുറി നേടാന്‍ സാധിച്ചില്ലെന്നുള്ളത് മാത്രമാണ് ആരാധകരെ നിരാശരാക്കിയത്. 53 പന്തുകള്‍ നേരിട്ട ജയ്സ്വാള്‍ രണ്ട് സിക്സും 13 ഫോറും നേടി. ഗില്ലിന്റെ ഇന്നിംഗ്സില്‍ രണ്ട് സിക്സും ആര് ഫോറുമുണ്ടായിരുന്നു. 10 വിക്കറ്റിന് ജയിച്ചതോടെ മലയാളി താരം സഞ്ജു സാംസണ് ഇന്ന് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചില്ല.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ, ഓപ്പണര്‍മാരായ റ്റഡിവനാഷെ മറുമാനി, വെസ്ലി മധെവെരെ എന്നിവരുടെ ഇന്നിങ്സുകളാണ് സിംബാബ്വെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 28 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 46 റണ്‍സെടുത്ത റാസയാണ് സിംബാബ്വെയുടെ ടോപ് സ്കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന സിംബാബ്വെയ്ക്കായി മധെവെരെ - മറുമാനി ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. 8.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സ് ചേര്‍ത്തു. 31 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 32 റണ്‍സെടുത്ത മറുമാനിയെ പുറത്താക്കി അഭിഷേക് ശര്‍മയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ മധെവെരെയെ ശിവം ദുബെയും പുറത്താക്കി. 24 പന്തില്‍ നിന്ന് മാല് ബൗണ്ടറിയടക്കം 25 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
തുടര്‍ന്ന് ബ്രയാന്‍ ബെന്നെറ്റിനെയും (9), ജൊനാഥന് കാംബെല്ലിനെയും (3) പെട്ടെന്ന് മടക്കി ഇന്ത്യ കളിയില്‍ പിടിമുറുക്കി. എന്നാല്‍ മികച്ച ഇന്നിങ്സ് പുറത്തെടുത്ത റാസയാണ് സിംബാബ്വെ സ്കോര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
ഇന്ത്യയ്ക്കായി ഖലീല്‍ അഹമ്മദ് രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ അരങ്ങേറ്റം കുറിച്ചു.