- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ നായകന്മാരായി രോഹിത്തും സൂര്യയും; വൈസ് ക്യാപ്റ്റന്‍ ഗില്‍; സഞ്ജു ട്വന്റി20 ടീമില്‍; ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ട്വന്റി 20 ടീമുകളെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. ട്വന്റി 20 ടീമിന്റെ നായകനായി സൂര്യകുമാര്‍ യാദവിനെ നിയമിച്ചു. ഏകദിനത്തില്‍ രോഹിത് ശര്‍മ തന്നെ ടീമിനെ നയിക്കും. രണ്ടു ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍ എന്നതും ശ്രദ്ധേയമായി. വിരാട് കോലിയടക്കം ഏകദിന ലോകകപ്പിലെ പ്രമുഖ താരങ്ങള്‍ സ്ഥാനം നിലനിര്‍ത്തി. സഞ്ജു സാംസണിനെ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ സിംബാബ്വെയില് സെഞ്ചുറിയടിച്ച് വിസ്മയിപ്പിച്ച അഭിഷേക് ശര്‍മ പുറത്തായി.
ഹാര്‍ദിക് പാണ്ഡ്യയെ മറികടന്നാണ് സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി നിശ്ചയിച്ചത്. രോഹിത് ക്യാപ്റ്റനായിരുന്നപ്പോള്‍ ഹാര്‍ദിക്കായിരുന്നു വൈസ് ക്യാപ്റ്റന്‍. രോഹിത് ഇല്ലാതിരുന്ന സമയങ്ങളിലും ഹാര്‍ദിക് തന്നെയായിരുന്നു ക്യാപ്റ്റന്‍. പക്ഷേ, രോഹിത് ശര്‍മ വിരമിച്ചതോടെ ഹാര്‍ദിക്കിന് പകരം സൂര്യകുമാറിനെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയായിരുന്നു. സൂര്യകുമാര്‍ മുന്‍പ് ഏഴ് ട്വന്റി 20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്.
അവയില്‍ അഞ്ചിലും ഇന്ത്യ വിജയിക്കുകയും വ്യക്തിഗത സ്കോര്‍ 300 റണ്‍സ് നേടുകയും ചെയ്തു. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെയാണിത്. ക്യാപ്റ്റനായിരുന്നപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സൂര്യകുമാറിനെ തിരഞ്ഞെടുത്തത്. അതേസമയം വൈസ് ക്യാപ്റ്റനായും ഹാര്‍ദിക് ഇല്ല. ശുഭ്മാന്‍ ഗില്ലാണ് ഏകദിനത്തിലും ട്വന്റി 20യിലും വൈസ് ക്യാപ്റ്റന്‍.
ഏകദിന പരമ്പരയില്‍ കളിക്കില്ലെന്ന് കരുതിയിരുന്ന രോഹിത് ശര്‍മ, നിയുക്ത പരിശീലകന് ഗൗതം ഗംഭീറിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കളിക്കാന്‍ തയാറായത്. ഇടവേളയ്ക്കു ശേഷമാണ് കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. അതേസമയം, ഇരുവരെയും ട്വന്റി20 ടീമിലേക്ക് പരിഗണിച്ചില്ല.
ഋഷഭ് പന്ത് ഏകദിന, ട്വന്റി 20 ടീമുകളില്‍ വിക്കറ്റ് കീപ്പറായി ഇടം നേടി. റിയാന്‍ പരാഗ് ഏകദിന, ട്വന്റി 20 ടീമുകളില്‍ ഇടം നേടിയതും ശ്രദ്ധേയമായി. സിംബാബ്വെക്കെതിരെ സെഞ്ചുറിയുമായി തിളങ്ങിയ അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കും ട്വന്റി 20 ടീമില്‍ ഇടമില്ല.
പ്രതീക്ഷിച്ചിരുന്നതുപോലെ ജസ്പ്രീത് ബുമ്രയ്ക്ക് ഇരു ഫോര്‍മാറ്റുകളിലും വിശ്രമം അനുവദിച്ചു. വിരാട് കോലി ഏകദിന പരമ്പരയില്‍ കളിക്കും. രോഹിത് ശര്‍മ വിരമിച്ച സാഹചര്യത്തിലാണ് ട്വന്റി20 ടീമിന്റെ നായകനായി സൂര്യകുമാര്‍ യാദവിന്റെ വരവ്. പരിശീലകന് ഗൗതം ഗംഭീറിന്റെ പിന്തുണയും സൂര്യയുടെ നായകലബ്ധിക്ക് കാരണമായി.
രാജ്യാന്തര ട്വന്റി20യില്നിന്ന് വിരമിച്ച രവീന്ദ്ര ജഡേജ ഏകദിന ടീമില്‍ മാത്രം ഇടംപിടിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ഏകദിന പരമ്പരയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്ന ഹാര്‍ദിക് പാണ്ഡ്യയും ട്വന്റി20 ടീമില്‍ മാത്രമേയുള്ളൂ.
ടി20 ടീം സ്ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹ്മദ്, മുഹമ്മദ് സിറാജ്.
ഏകദിന ടീം സ്ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്ഷര്‍ പട്ടേല്‍, ഖലീല്‍ അഹ്മദ്, ഹര്‍ഷിത് റാണ.