ന്യൂഡൽഹി: അനധികൃത ഓൺലൈൻ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രമുഖ താരങ്ങളായ യുവരാജ് സിംഗ്, റോബിൻ ഉത്തപ്പ, സോനു സൂദ് എന്നിവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.

റോബിൻ ഉത്തപ്പ സെപ്റ്റംബർ 22-നും യുവരാജ് സിംഗ് 23-നും സോനു സൂദ് 24-നും ഇ.ഡിക്ക് മുന്നിൽ ഹാജരാകണം. കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്ന് പരാതിയുയർന്ന വൺഎക്സ്ബെറ്റ് (1xBet) എന്ന വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ടാണ് നടപടി.

നേരത്തെയും സമാനമായ കേസുകളിൽ ഇ.ഡി താരങ്ങളെ ചോദ്യം ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ, സുരേഷ് റെയ്ന എന്നിവരെ ഇതിനോടകം ഇ.ഡി ചോദ്യം ചെയ്തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് എം.പി മിമി ചക്രബർത്തി, ബോളിവുഡ് നടി ഉർവശി റൗട്ടേല, ബംഗാളി നടി അങ്കുഷ് ഹസ്ര എന്നിവർക്കും അടുത്തിടെ ഇ.ഡി നോട്ടീസ് നൽകിയിരുന്നു. വൺഎക്സ്ബെറ്റ് ആപ്പിന്റെ ഇന്ത്യൻ അംബാസഡറായിരുന്നു ഉർവശി റൗട്ടേല.