- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോൽവിയറിയാതെ ഇംഗ്ലണ്ട് ലോകകപ്പിന്; ലാറ്റ്വിയയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക്; ഹാരി കെയിന് ഇരട്ട ഗോൾ; ആഫ്രിക്കയിൽനിന്ന് സെനഗൽ, ഐവറി കോസ്റ്റ്, ദക്ഷണാഫ്രിക്ക ടീമുകൾക്കും യോഗ്യത
ലണ്ടൻ: യൂറോപ്പിൽ നിന്ന് 2026 ഫിഫ ലോകകപ്പിനായി യോഗ്യത നേടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ലാറ്റ്‌വിയക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ തകർപ്പൻ വിജയത്തോടെയാണ് ഇംഗ്ലീഷ് പട ലോകകപ്പ് യോഗ്യത നേടിയത്. ക്യാപ്റ്റൻ ഹാരി കെയിൻ ഇരട്ട ഗോളുമായി കാലം നിറഞ്ഞപ്പോൾ, ആന്റണി ഗോർഡൻ, എബറെച്ചി എസെ എന്നിവരും ഇംഗ്ലണ്ടിനായി വല കുലുക്കി. ലാത്വിയയുടെ മാക്സിംസ് ടോണിസെവ്സ് വഴങ്ങിയ സെൽഫ് ഗോളായിരുന്നു ഇംഗ്ലണ്ടിന്റെ മറ്റൊരു ഗോൾ. ആഫ്രിക്കയിൽ നിന്ന് സെനഗലും ഐവറി കോസ്റ്റും ദക്ഷണാഫ്രിക്കയും ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ട്.
ഗ്രൂപ്പ് കെയിൽ ആറ് കളികളിൽ നിന്ന് 18 പോയിന്റ് നേടിയാണ് ഇംഗ്ലണ്ട് ലോകകപ്പിന് യോഗ്യത നേടിയത്. ഗ്രൂപ്പിൽ രണ്ടാമതുള്ള അൽബേനിയക്ക് 11 പോയിന്റ് മാത്രമാണുള്ളത്. 2009 മുതൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അപരാജിതരായി കുതിക്കുന്ന ഇംഗ്ലണ്ടിന് 1966-ന് ശേഷം ഒരു പ്രധാന കിരീടം നേടാനായിട്ടില്ല. ഇത്തവണ അമേരിക്കൻ മണ്ണിൽ കിരീടം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഗ്രൂപ്പ് സി മത്സരത്തിൽ റുവാണ്ടയെ 3-0ന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക രണ്ടാം ലോകകപ്പ് ബർത്ത് ഉറപ്പാക്കിയത്. 2010-ൽ ആദ്യമായി ലോകകപ്പ് കളിച്ച ദക്ഷിണാഫ്രിക്ക, ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്.അതേ ഗ്രൂപ്പിൽ, ബനിനെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയ നൈജീരിയയും മികച്ച പ്രകടനം കാഴ്ചവെച്ചു. 17 പോയിന്റോടെ മുന്നേറിയ ബനിൻ, നിർണായക മത്സരത്തിൽ നൈജീരിയയോട് തോറ്റതോടെ ലോകകപ്പ് സ്വപ്നം വിദൂരമായി. ഇത് ഗ്രൂപ്പ് സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി.
അതുവരെ ഒന്നാമതായി കുതിച്ച ബനിൻ 17 പോയന്റുമായി മൂന്നിലേക്ക് പതിച്ചപ്പോൾ, നിർണായക ജയത്തോടെ ദക്ഷിണാഫ്രിക്ക (18 പോയന്റ്) ഒന്നാം സ്ഥാനവുമായി ലോകകപ്പ് യോഗ്യത നേടി. രണ്ടാം സ്ഥാനക്കാരായ നൈജീരിയ രണ്ടാം സ്ഥാനക്കാരുടെ പട്ടികയിൽ നാലിൽ ഒരു ടീമായി രണ്ടാം റൗണ്ട് കളിക്കാനും യോഗ്യത നേടി.ഗ്രൂപ് ‘ബി’യിലെ നിർണായക മത്സരത്തിൽ മോറിത്താനിയയെ വീഴ്ത്തിയാണ് സെനഗാൾ ടിക്കറ്റ് ഉറപ്പിച്ചത്.
സാദിയോ മാനെ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ 4-0ത്തിനായിരുന്നു ജയം. ഗ്രൂപ് ‘എഫി’ൽനിന്നും ഐവറി കോസ്റ്റ് അവസാന മത്സരത്തിൽ കെനിയയെ 3-0ത്തിന് വീഴ്ത്തി. രണ്ടാം സ്ഥാനത്തുള്ള ഗാബോണും അവസാന മത്സരം ജയിച്ചപ്പോൾ ഒരു പോയന്റ് വ്യത്യാസത്തിലായിരുന്നു ഐവറി കോസ്റ്റിന്റെ കുതിപ്പ്. കേപ് വെർഡെ, ഈജിപ്ത്, മൊറോക്കോ, തുനീഷ്യ, അൽജീരിയ, ഘാന ടീമുകൾ ഇതിനകം ആഫ്രിക്കയിൽ നിന്നും ലോകകപ്പ് ബർത്തുറപ്പിച്ചിട്ടുണ്ട്.