- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
അർജന്റീനയോട് മേഴ്സി കാട്ടാതെ സൗദി അറേബ്യ! ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി ഏഷ്യൻ വമ്പന്മാരുടെ വക; മെസ്സിയെയും കൂട്ടരെ തോൽപ്പിച്ചത് 2-1ന്; സൗദിയുടെ വിജയ നായകരായി സാലിഹ് അൽ ശെഹ്രിയും സലിം അൽ ദൗസറിയും; മെസ്സി ഗോളടിച്ചെങ്കിലും അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി
ദോഹ: ഖത്തർ ലോകകപ്പിൽ ആദ്യ അട്ടിമറി ഏഷ്യൻ ശക്തികളായ സൗദി അറേബ്യ വക. അറബിനാട്ടിലേക്ക് എത്തിയ ലോകകപ്പിൽ വമ്പന്മാരായ അർജന്റീനയെ അട്ടിമറിച്ചാണ് സൗദി വരവറിയിച്ചത്. ഇതിഹാസ താരം ലയണൽ മെസ്സിയുടെ ടീമിനെതിരെ 2-1നാണ് സൗദി വിജയം കുറിച്ചത്. ആയിരക്കണക്കിന് മലയാളികളും മത്സരം കാണാൻ എത്തിയപ്പോൾ മെസ്സി ഗോളടിച്ചെങ്കിലും സൗദി വിജയവഴിയിൽ എത്തുകയായിരുന്നു. സാലിഹ് അൽ ശെഹ്രിയും സലിം അൽ ദൗസറിയുമാണ് അർജന്റീനയുടെ വിജയ ഗോളുകൾ നേടിയത്.
48-ാം മിനിറ്റിൽ സൗദിക്ക് വേണ്ടി സാലിഹ് അൽ ശെഹ്രിയാണ് ആദ്യ ഗോളടിച്ചത്. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. സൂപ്പർ താരം ലയണൽ മെസിയുടെ പെനാൽറ്റിയിലാണ് മത്സരത്തിലെ അർജന്റീനയുടെ കന്നി ഗോൾ പിറന്നത്. പരെഡെസിനെ ബോക്സിനകത്ത് വെച്ച് അൽ ബുലയാഹി ഫൗൾ ചെയ്തതിനാണ് റഫറി അർജന്റീനക്ക് പെനാൽട്ടി വിധിച്ചത്. ഈ പെനാൽറ്റി പാഴാക്കാതെ 10-ാം മിനിറ്റിൽ മെസി സൗദി ഗോൾവല ചലിപ്പിച്ചു.
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ മെസി എതിർ ഗോൾ പോസ്റ്റിലേക്ക് ഷോട്ട് ഉതിർത്ത് തുടങ്ങി. 21-ാം മിനിറ്റിൽ അർജന്റീനയുടെ ഗോമസ് നടത്തിയ ഗോൾ ശ്രമം വിജയിച്ചില്ല. 27-ാം മിനിറ്റിൽ ലൗട്ടാറോ മാർട്ടിനെസിലൂടെ അർജന്റീന എതിരാളിയുടെ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 42-ാം മിനിറ്റിൽ ഡി പോളും മാർട്ടിനെസും നടത്തിയ ശ്രമങ്ങളിലും ഗോൾ പിറന്നില്ല. എന്നാൽ, 45-ാം മിനിറ്റിൽ പരിക്കേറ്റ സൽമാൻ അൽ ഫറജിന് പകരം നവാഫ് അൽ ആബിദിനെ സൗദി കളത്തിലിറക്കി.
59-ാം മിനിറ്റിൽ അർജന്റീന രണ്ടു പേരെ മാറ്റിയിറക്കി. അലജാൻഡ്രിയ ഗോമസിന് പകരം ജുലിയൻ അൽവാരസിനെയും ലിയാൻഡ്രോ പരദേസിന് പകരം എൻസോ ഫർണാണ്ടസുമാണ് പകരമിറങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ ആയുധപ്പുരയിലെ വജ്രായുധങ്ങളെ തന്നെ അർജന്റീന പരിശീലകൻ സ്കലോണി മൈതാനത്ത് അണിനിരത്തിയിരുന്നു. ലിയോണൽ മെസിയെയും ലൗറ്റാരോ മാർട്ടിനസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിൽ ലാറ്റിനമേരിക്കൻ പട കളത്തിറങ്ങിയപ്പോൾ ഏഞ്ചൽ ഡി മരിയയും റോഡ്രിഗോ ഡി പോളും ലീയാൻഡ്രോ പരേഡസും പപു ഗോമസും മധ്യനിരയിൽ കരുക്കൾ നീക്കാനെത്തി.
പരിചയസമ്പന്നനായ ഒട്ടാമെൻഡിക്കൊപ്പം ക്രിസ്റ്റ്യൻ റൊമീറോയും നഹ്വേൽ മൊളീനയും നിക്കോളാസ് തഗ്ലൈഫിക്കോയും ഉൾക്കൊള്ളുന്നതായിരുന്നു അതിശക്തമായ പ്രതിരോധം. തുടക്കത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും മുന്നിലായിരുന്നു സൗദി. 22-ാം മിനുറ്റിൽ ലിയോ രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ലീഡ് രണ്ടായി ഉയർത്താനുള്ള അവസരം 28-ാം മിനുറ്റിലും അർജന്റീന കളഞ്ഞുകുളിച്ചു. ലൗറ്റാരോ മാർട്ടിനസിന്റെ ഗോളും ഓഫ്സൈഡിന് വഴിമാറി. 35-ാം മിനുറ്റിൽ മാർട്ടിസിന്റെ മറ്റൊരു ഓട്ടപ്പാച്ചിൽ വീണ്ടും ഓഫ്സൈഡിന് വഴിമാറി. അല്ലായിരുന്നെങ്കിൽ ആദ്യപകുതിയിൽ തന്നെ നാല് ഗോളിന് അർജന്റീന മുന്നിലെത്തുമായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ കത്തികയറുന്ന സൗദിയയൊണ് കണ്ടത്. കളത്തിൽ പരുക്കൻ പ്രകടനങ്ങളും ഇടക്ക് കണ്ടു. 67ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ മഞ്ഞ കാർഡ് സൗദി താരം അബ്ദുല്ല അൽ മാൽകിക്ക് കിട്ടി. 69-ാം മിനിറ്റിൽ മാർട്ടിനെസ് നടത്തിയ നീക്കം ഫലം കണ്ടില്ല. 71-ാം മിനിറ്റിൽ നികോളസ് തഗ്ലിയഫികോയെ മാറ്റി മാർകോസ് അകുനയെ അർജന്റീന കളത്തിലിറക്കി പരീക്ഷിച്ചു. 75-ാം മിനിറ്റിലും 79-ാം മിനിറ്റിലും 82 മിനിറ്റിലും സൗദിയുടെ അലി അൽ ബുലയിക്കും സലിം അൽ ദവാസരിക്കും സൗദ് അബ്ദുൽ ഹമീദും മഞ്ഞ കാർഡ് കിട്ടി.
78-ാം മിനിറ്റിൽ സാലിഹ് അൽ ഷെഹ്രിയെ തിരിച്ചു വിളിച്ച് സുൽത്താൻ അൽഘാനത്തെ ഇറക്കി സൗദി പ്രതിരോധം ശക്തമാക്കുകയാണ് ചെയ്തത്. ഇതോടെ അർജന്റീന താരങ്ങളുടെ മുന്നേറ്റം തടഞ്ഞു. അവസാന നിമിഷം മെസ്സി മത്സരം വീണ്ടെടുക്കാൻ കഠനമായി യത്നിച്ചെങ്കിലു ഗോളായി മാറിയില്ല. 84-ാം മിനിറ്റിൽ മെസി ഹെഡ്ഡറിലൂടെ നടത്തിയ ഗോൾ ശ്രമം സൗദി ഗോളി കൈയിൽ അവസാനിച്ചു. 88-ാം മിനിറ്റിൽ സൗദി താരം നവാഫ് അൽ ആബിദിന് മഞ്ഞ കാർഡ് കിട്ടി. പത്ത് മിനിറ്റോളം എക്സ്ട്രാ ടൈമിലും അർജന്റീന ആക്രമിച്ചു കളിച്ചെങ്കിലും സൗദി പ്രതിരോധത്തിൽ തട്ടിത്തകർന്നു. ഒടുവിൽ കണ്ണീരോടെ മടങ്ങേണ്ടി വന്നു ഇതിഹാസ താരം മെസ്സിക്ക്.
സ്പോർട്സ് ഡെസ്ക്