ക്വിറ്റോ: ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്കും മുൻ ലോക ചാമ്പ്യന്മാരായ ബ്രസീലിനും ഞെട്ടിക്കുന്ന തോൽവി. ലാറ്റിനമേരിക്കൻ മേഖലയിൽ നടന്ന മത്സരങ്ങളിൽ ഇക്വഡോർ അർജന്റീനയെയും ബൊളീവിയ ബ്രസീലിനെയും പരാജയപ്പെടുത്തി.

ഇക്വഡോറിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെട്ടത്. എന്നർ വലൻസിയയുടെ പെനാൽറ്റി ഗോളാണ് ഇക്വഡോറിന് വിജയമൊരുക്കിയത്. സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ അർജന്റീനയ്ക്ക് മത്സരത്തിൽ കാര്യമായ മുന്നേറ്റം നടത്താനായില്ല. 31-ാം മിനിറ്റിൽ പ്രതിരോധനിര താരം നിക്കോളാസ് ഒട്ടമെൻഡിക്ക് ചുവപ്പ് കാർഡ് ലഭിച്ചത് അർജന്റീനയ്ക്ക് തിരിച്ചടിയായി.

പിന്നീട് മൊയ്‌സെസ് കൈസെഡോയും ചുവപ്പ് കാർഡ് കണ്ടതോടെ ഇരു ടീമുകളും പത്ത് പേരുമായി ചുരുങ്ങി. പരാജയപ്പെട്ടെങ്കിലും അർജന്റീന ലാറ്റിനമേരിക്കൻ മേഖലയിൽ ഒന്നാം സ്ഥാനക്കാരായാണ് യോഗ്യതാ മത്സരങ്ങൾ അവസാനിപ്പിച്ചത്. ഒട്ടമെൻഡിക്ക് ലഭിച്ച ചുവപ്പ് കാർഡ് കാരണം അദ്ദേഹത്തിന് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടപ്പെടും.

മറ്റൊരു മത്സരത്തിൽ ബൊളീവിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീലിനെ അട്ടിമറിച്ചു. മിഗ്വെൽ ടെർസെറോസ് നേടിയ പെനാൽറ്റി ഗോളാണ് ബൊളീവിയക്ക് നിർണായകമായത്. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ ബ്രസീൽ മുന്നിട്ടുനിന്നെങ്കിലും കൂടുതൽ ഷോട്ടുകൾ ഉതിർത്തത് ബൊളീവിയയായിരുന്നു. ഈ തോൽവിയോടെ ബ്രസീൽ യോഗ്യതാ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.