ദോഹ: ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ പന്ത് തട്ടാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്ത് വന്നതോടെ രാജ്യത്തെ ഫുട്ബോൾ ആരാധകർ ആവേശത്തിൽ. റൊണാൾഡോയുടെ കളിക്കുന്ന സൗദി ക്ലബ്ബായ അൽ നസ്റും ഇന്ത്യൻ ക്ലബ്ബ് എഫ്‌സി ഗോവയും എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഒരേ ഗ്രൂപ്പിൽ ഇടം നേടിയതോടെയാണ് റൊണാൾഡോ ഇന്ത്യയിൽ മത്സരരത്തിനായി എത്താനുള്ള സാധ്യത തെളിഞ്ഞത്. ദോഹയിൽ നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പുകളിലെ ടീമുകളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ഗ്രൂപ്പ് ഡി-യിലാണ് അൽ നസ്റും എഫ്‌സി ഗോവയും ഇടംപിടിച്ചത്. ഇറാഖി ക്ലബ്ബായ അൽ സവാര എഫ്‌സി, തജിക്കിസ്ഥാൻ ക്ലബ്ബായ എഫ്‌സി ഇസ്തിക്ലോൽ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഹോം-എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുക. അതിനാൽ അൽ നസ്റിന് ഗോവയിലെത്തി ഒരു എവേ മത്സരം കളിക്കേണ്ടി വരും. ഇതോടെ റൊണാൾഡോ ഇന്ത്യൻ മണ്ണിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതേസമയം, എവേ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ റൊണാൾഡോയ്ക്ക് കരാറിൽ ഇളവുകളുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എവേ മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്ന് അല്‍ നസ്ർ റൊണാള്‍ഡോയുമായുള്ള കരാറില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നതിനാല്‍ താരത്തിന് വിട്ടു നില്‍ക്കുന്നതിന് തടസമില്ല. പ്രായം കണക്കിലെടുത്ത് യാത്രാഭാരവും മത്സരങ്ങളുടെ എണ്ണവും കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനാൽ നിർണായകമായ ഗോവ മത്സരത്തിന് പോർച്ചുഗീസ് ഇതിഹാസം ടീമിനൊപ്പം ചേരുമോ എന്ന ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ലോകം.

അടുത്തിടെ ക്ലബ്ബുമായുള്ള കരാർ രണ്ടു വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. ഇന്ത്യൻ സൂപ്പർ കപ്പിലെ കിരീടനേട്ടമാണ് എഫ്‌സി ഗോവയ്ക്ക് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിന് യോഗ്യത നേടിക്കൊടുത്തത്. നിർണായക പ്ലേ ഓഫ് മത്സരത്തിൽ ഒമാൻ ക്ലബ്ബായ അൽ സീബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോവ ഗ്രൂപ്പ് ഘട്ടത്തിലേക്ക് മുന്നേറിയത്. പെലെ, ഡീഗോ മറഡോണ, ലയണൽ മെസ്സി തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങൾ മുൻപ് ഇന്ത്യയിൽ കളിക്കാനെത്തിയിട്ടുണ്ട്. ഈ പട്ടികയിലേക്ക് റൊണാൾഡോയുടെ പേര് കൂടി എഴുതിച്ചേർക്കപ്പെടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഗോവയിൽ റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.