- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ മത്സരങ്ങളിലെ താരം; 6 കിരീടങ്ങളിലൂടെ അറുതിവരുത്തിയത് മെസിയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്; അര്‍ജന്റീനയുടെ കാവല്‍മാലാഖ ബൂട്ടഴിക്കുമ്പോള്‍
മിയാമി: ഇത്തവണ ഗോള്‍ നേടാനായില്ലെങ്കിലും ഫൈനലില്‍ അര്‍ജന്റീനയ്ക്ക് ആനന്ദക്കണ്ണീര്‍ സമ്മാനിച്ച് കാവല്‍ മാലാഖ കളമൊഴിഞ്ഞു.. ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ക്കും ഫുട്ബോളില്‍ ലയണല്‍മെസ്സിക്കും സാമ്യതകള്‍ ഏറെയാണ്.കളിക്കളത്തില്‍ ചരിത്രാഖ്യായികള്‍ രചിക്കുമ്പോഴും അകന്ന് നിന്നത് ലോകകിരീടം എന്ന മോഹമായിരുന്നു.ഇന്ത്യയില്‍ നടന്ന ലോകകപ്പിലൂടെ സച്ചിന്‍ അത് യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ ഫുട്ബോളില്‍ മെസിയെ ഭാഗ്യം തുണച്ചത് ഖത്തറിലായിരുന്നു.സച്ചിന്റെ കിരീടമോഹത്തെ സാക്ഷാത്കരിക്കാന്‍ ഒരു യുവരാജ് അവതരിച്ചത് പോലെയാണ് അര്‍ജന്റീനയില്‍ മെസിക്ക് വേണ്ടി എയ്ഞ്ചല്‍ ഡി മരിയ അവതരിച്ചത്.മെസിയുടെയും അര്‍ജന്റീനയുടെയും കിരീട മോഹങ്ങളെയെല്ലാം അയാള്‍ സാര്‍ത്ഥകമാക്കി.
അങ്ങിനെ വലിയ മത്സരങ്ങളിലെ താരമായി..അര്‍ജന്റീനയുടെ കാവല്‍ മാലാഖയായി.. മെസിയെന്ന നായകന്റെ വിശ്വസ്തനായ പടയാളിയായി അര്‍ജന്റീനിയന്‍ ജേഴ്സിയില്‍ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി അയാള്‍ ബൂട്ടഴിച്ചു.ഒരു ഫുട്ബോള്‍ താരത്തിന് അയാളുടെ കരിയറില്‍ എത്തിപിടിക്കാന്‍ കഴിയുന്ന നേട്ടങ്ങള്‍ ഒക്കെത്തന്നെയും സ്വന്തമാക്കിയാണ് അര്‍ജന്റീനയുടെ കാവല്‍ മാലാഖ കളമൊഴിയുന്നത്.
വര്‍ണ്ണച്ചുമരില്‍ നിന്ന് കരിപുരണ്ട വീട്ടിലേക്ക്..ഡി മരിയ പറഞ്ഞ സ്വന്തം ജീവിതം
വര്‍ണ്ണാഭമായിരുന്ന തന്റെ ബാല്യത്തെക്കുറിച്ചും അച്ഛന് കാലിടറിയപ്പോള്‍ ജീവിതം കരിപുരണ്ടതും തുടര്‍ന്ന് അച്ഛനെയും അമ്മയെയും തന്റെ രണ്ടുതോളിലുമേറ്റി കാല്‍പന്ത് കളിയിലൂടെ തിരിച്ചുപിടിച്ച ജീവിതത്തെക്കുറിച്ചുമൊക്കെ ഒരിക്കല്‍ ഡി മരിയ വാചാനലായിട്ടുണ്ട്.തന്റെ ജീവിതത്തെക്കുറിച്ച് ഡി മരിയ പറയുന്നത് ഇങ്ങനെയാണ്..
ഞങ്ങളുടെ വീടിന്റെ ചുവരുകള്‍ക്ക് വെള്ള നിറമായിരുന്നു.പതിയെ പതിയെ അവയ്ക്ക് ചാര നിറമായി. പിന്നീടത് കറുപ്പായി. കരിയുണ്ടാക്കുന്ന ജോലിയായിരുന്നു അച്ഛന്.വീടിന് പിറകിലായിരുന്നു പണിപ്പുര. വീടിന് മുന്നില്‍ കരി കയറ്റാന്‍ വണ്ടി വന്നുനില്‍ക്കും. കരിയുമായി അച്ഛനും ഞാനും അനിയത്തിയും മുറിയിലൂടെ മുറ്റത്തേക്കിറങ്ങി വണ്ടിയില്‍ കയറ്റും. ആ കരി യാത്രയിലാണ് വീടിന്റെ ചുവരുകളുടെ നിറം വെള്ള മങ്ങിമങ്ങി കറുപ്പ് പടര്‍ന്നത്.
സത്യത്തില്‍ അച്ഛന് കരിയുണ്ടാക്കുന്ന ജോലിയായിരുന്നില്ല. ഒരാളെ വിശ്വസിച്ച് ചതിയില്‍ പെട്ടതാണ്. അയാളുടെ ബാങ്ക് ലോണിന്
ജാമ്യം നിന്നു.പണം തിരിച്ചടക്കുന്നതില്‍ അയാള്‍ പിഴവു വരുത്തി.അത് തിരിച്ചടക്കുന്നതും അച്ഛന്റെ ചുമലിലായി. വീടിനോട് ചേര്‍ന്നുള്ള ഒരു മുറിയില്‍ പലതരം സാധനങ്ങളുടെ കച്ചവടമായിരുന്നു ഞങ്ങള്‍ക്ക്.സോപ്പ്, ബ്ലീച്ചിഗ് പൗഡര്‍, ക്ലോറിംഗ് അങ്ങിനെയുള്ളവയുടെ വലിയ ഡ്രമുകള്‍ വാങ്ങി ചെറിയ കുപ്പികളിലാക്കി ആവശ്യക്കാര്‍ക്ക് വില്‍ക്കും.നഗരത്തില്‍ ഇതു വാങ്ങാനായി പോകുന്നത് തന്നെ
ചെലവേറിയതായിരുന്നു.
അ കച്ചവടം നിര്‍ത്താന്‍ കാരണവും ഞാന്‍ തന്നെയായിരുന്നു.ഹൈപ്പര്‍ ആക്ടീവായിരുന്നു ഞാന്‍. ഒരു ദിവസം അമ്മ കടയില്‍ സാധനം വിറ്റുകൊണ്ടിരിക്കെ, വാക്കറില്‍ ഞാന്‍ പുറത്തേക്ക് നടന്നു.നടന്നുനടന്ന് തെരുവിലെത്തി.ഒരു കാറില്‍ വന്നു മുട്ടുന്നത് വരെ നടന്നു.അമ്മ അലറിവിളിച്ച് ഓടിവന്നു.അതോടെ ആ കച്ചവടം നിര്‍ത്തി.അങ്ങിനെയാണ് അച്ഛന്‍ കരി വില്‍ക്കാന്‍ തുടങ്ങിയത്. സ്‌കൂളില്‍ പോകുന്നത് വരെ ഞാന്‍ അച്ഛനെ സഹായിക്കും. അച്ഛന്‍ കരിയുടെ പണി തുടര്‍ന്നുകൊണ്ടേയിരിക്കും. ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഭക്ഷണത്തിന് ഒന്നുമുണ്ടാകില്ല.
ഞാന്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് പിറകിലോടി അമ്മ തളര്‍ന്നു. അമ്മ എന്നെയുമായി ഡോക്ടറെ കണ്ടു. ഇവന്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്നുവെന്ന് അമ്മ ഡോക്ടറോട് പറഞ്ഞു. എന്തായാലും ഓടുകയല്ലെ അവന് ഫുട്‌ബോള്‍ കൊടുക്കൂ എന്നായിരുന്നു ഡോക്ടറുടെ മറുപടി.അന്നു മുതല്‍ എനിക്ക് മുന്നില്‍ ഫുട്‌ബോളുണ്ടായിരുന്നു.ഓരോ രണ്ടു മാസം കൂടുമ്പോഴും എന്റെ ബൂട്ടുകള്‍ പൊട്ടും. പുതിയത് വാങ്ങാന്‍ അമ്മയുടെ കയ്യില്‍ കാശില്ല.അവര്‍ അത് ഒട്ടിച്ചു തരും.
അങ്ങിനെ സമീപത്തെ ക്ലബുകള്‍ക്ക് വേണ്ടി ഞാന്‍ ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങി.ക്ലബ് മത്സരങ്ങളില്‍ എന്റെ ടീമിന് വേണ്ടി ഞാന്‍ 64 ഗോളുകള്‍ അടിച്ചു കൂട്ടി.പിന്നാലെയാണ് റൊസാരിയോ സെന്‍ട്രലിലെ യൂത്ത് സെന്ററില്‍നിന്ന് കളിക്കാന്‍ ക്ഷണം വന്നത്. അച്ഛന് ന്യൂ വെല്‍സ് ഓള്‍ഡ് പ്ലയേഴ്‌സിന്റെ ആരാധകനായിരുന്നു.അമ്മ സെന്‍ട്രലിന്റെയും.ഇത് വീട്ടില്‍ വഴക്കുകളിലേക്ക് വരെ എത്തിച്ചു.പക്ഷെ
സെന്‍ട്രലിലേക്ക് കുറെ ദൂരമുണ്ട്.പോകാനാകില്ലെന്ന് അച്ഛന്‍ ശഠിച്ചു.അമ്മ വിട്ടുകൊടുത്തില്ല..സൈക്കിളുണ്ട്. ഞാന്‍ കൊണ്ടുപോകാമെന്നായി.ആ പോരില്‍ അമ്മ ജയിച്ചു.
അങ്ങിനെ സൈക്കിളില്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് അമ്മയും ഞാനും അനിയത്തിയും സെന്‍ട്രലിലെത്തും.എന്റെ കളി ജീവിതം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത് അവിടെയായിരുന്നു.ഒരു ദിവസം ഗോള്‍ പോസ്റ്റിന് സമീപത്തുനിന്ന് ഹെഡ് ചെയ്യാനാകാത്തതിന് കോച്ച് വല്ലാതെ ശകാരിച്ചു.ഞാന്‍ വീട്ടിലെത്തി കരഞ്ഞു. എന്തിന് കരയുന്നുവെന്ന് അമ്മ ചോദിച്ചിട്ടും പറഞ്ഞില്ല. എന്നെ ആരെങ്കിലും വേദനിപ്പിച്ചാല്‍ അവന്റെ മുഖം അമ്മ ഇടിച്ചു പരത്തുമായിരുന്നു. എങ്കിലും അമ്മ അറിഞ്ഞു. കരയുന്ന എന്നെ തലോടി അമ്മ പറഞ്ഞു. നീ തിരിച്ചുപോകുന്നു എയ്ഞ്ചല്‍. അവന്റെ മുന്നില്‍ നീ ജയിക്കേണ്ടതുണ്ട്.ആ വാക്കില്‍ നിന്നാണ് അര്‍ജന്റീനയുടെ കാവല്‍ മാലാഖ പിറക്കുന്നത്.
മെസിയെന്ന നായകന്റെ വിശ്വസ്തനായ പടയാളി..ഒന്നരപതിറ്റാണ്ട് നീണ്ട കൂട്ടുകെട്ട്
കോപ്പ ഫൈനലിന് മുന്‍പുള്ള പത്രസമ്മേളനത്തില്‍ മെസി പറഞ്ഞത് ഡി മരിയയ്ക്ക് വേണ്ടി ഈ കപ്പ് ഞങ്ങള്‍ക്ക് നേടിയെ തീരു എന്നാണ്.കാരണം അത്രകണ്ട് അര്‍ജന്റീന എന്ന രാജ്യത്തിന്റെയും മെസിയെന്ന താരത്തിന്റെയും കിരീട മോഹങ്ങളെ ശമിപ്പിച്ചിട്ടുണ്ട് ഡി മരിയ.ഒരേ നാട്ടുകാര്‍, സമപ്രായക്കാര്‍. കളിക്കളത്തിലെ പ്രകടനങ്ങളിലും നേട്ടങ്ങളിലും എല്ലാം സമാനതകള്‍.ക്ലബ് ഫുട്്ബോളില്‍ പോലും തുടര്‍ന്നു ഈ സാമ്യതകള്‍. ഒരേകാലത്ത് യൂറോപ്യന്‍ ക്ലബ്ബുകളിലെ വിലകൂടിയ താരങ്ങളായി. അങ്ങിനെ എല്ലാം കൊണ്ടും മെസ്സിയുടെ നിഴലിലൊതുങ്ങിപ്പോയ കരിയറാണ് മരിയയുടേത്.
കിരീട നേട്ടത്തിന്റെ പഴയ പ്രൗഡിമാത്രം പറയാനുണ്ടായിരുന്ന അര്‍ജന്റീനയുടെ കാലം.അന്നാണ് 2007-ലെ യൂത്ത് ലോകകപ്പില്‍ ടീമിന് കിരീടം സമ്മാനിച്ച് ഡി മരിയ തുടങ്ങുന്നത്.ആ കിരീടത്തിനുശേഷം അര്‍ജന്റീന നേടിയ എല്ലാ കിരീടങ്ങളിലും കിരീടനഷ്ടങ്ങളിലും മെസ്സിക്കൊപ്പം മരിയയുമുണ്ട്. മെസ്സിയുള്‍പ്പെട്ട അര്‍ജന്റീന കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നേടിയത് നാലു കിരീടങ്ങളാണ്.2008-ലെ ഒളിമ്പിക് സ്വര്‍ണമായിരുന്നു ആദ്യം. പിന്നീട് മൂന്നു ഫൈനല്‍ ദുരന്തങ്ങള്‍ക്കുശേഷം 2021-ലെ കോപ്പയിലൂടെ കിരീടവഴിയിലേക്കു തിരിച്ചുവന്നു. 2022-ലെ ഖത്തര്‍ ലോകകപ്പിലും യൂറോപ്യന്‍ ചാമ്പ്യന്മാര്‍ക്കെതിരായ ഫൈനലിസീമയിലും മെസ്സി കപ്പുയര്‍ത്തി.ഇപ്പോഴിത കോപ്പ നിലനിര്‍ത്തിയിരിക്കുന്നു.
അര്‍ജന്റീന ജേതാക്കളായ ഈ നാലു ഫൈനലുകള്‍ക്കും ഒരു പ്രത്യേകതയുണ്ടായിരുന്നു.ആ നാല് മത്സരങ്ങളിലും ഗോള്‍ സ്‌കോര്‍ ചെയ്തയാള്‍ എയ്ഞ്ചല്‍ ഡി മരിയയായിരുന്നു.അങ്ങിനെ വലിയ മത്സരങ്ങളിലെ താരമെന്നും കാവല്‍ മാലാഖയെന്നുമൊക്കെ അദ്ദേഹത്തെ അരാധകര്‍ വിളിച്ചു.ഒളിമ്പിക്സില്‍ നൈജീരിയക്കെതിരേയും കോപ്പയില്‍ ബ്രസീലിനെതിരേയും അര്‍ജന്റീന നേടിയ ഏക ഗോള്‍ മരിയയുടെ വകയായിരുന്നു.ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരേ ഒരു ഗോള്‍ നേടിയപ്പോള്‍ അര്‍ജന്റീനയുടെ ആദ്യഗോള്‍ പിറന്നത് ഡി മരിയയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടിയിലൂടെയായിരുന്നു.ഫൈനലിസീമയില്‍ ഇറ്റലിക്കെതിരേയും ആ ബൂട്ടുകള്‍ ഗോള്‍ കണ്ടെത്തി.
2014ല്‍ ജര്‍മ്മനിക്കെതിരായ ഫൈനലില്‍ ഡി മരിയ ഉണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ എന്ന് വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്.കാരണം ഫോമിന്റെ പരകോടിയിലായിരുന്നു അന്ന് താരം.രണ്ടാം റൗണ്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ എക്‌സ്ട്രാ ടൈമില്‍ മരിയ നേടിയ ഗോള്‍ അതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു.ആ മത്സരത്തില്‍ അര്‍ജന്റീനയെ തുണച്ചത്.അര്‍ജന്റീനയുടെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി അത് ഇന്നും വാഴ്ത്തപ്പെടുന്നു.
ഫൈനലില്‍ പക്ഷെ പരിക്കിന്റെ രൂപത്തില്‍ ദൗര്‍ഭാഗ്യമെത്തി.ഫൈനല്‍ നഷ്ടമായ ആ ദിവസത്തെ ഡി മരിയ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്..ജര്‍മനിക്കെതിരായ ഫൈനല്‍ ദിവസമാണ്. എനിക്ക് കളിക്കണമായിരുന്നു. എന്നാല്‍ അന്ന് രാവിലെ റയല്‍ മഡ്രീഡില്‍നിന്ന് കത്തുവന്നു. എന്നെ കളിപ്പിക്കരുതെന്ന്. എന്നെ വില്‍ക്കാന്‍ തയ്യാറെടുത്തു നില്‍ക്കുകയായിരുന്നു ക്ലബ്. പക്ഷെ എനിക്ക് കളിക്കണമായിരുന്നു.ഞാന്‍ സെബെല്ലയുടെ അടുത്തേക്ക് വന്നു. നോക്കൂ, എന്നെ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.എനിക്ക് പകരം എല്‍സോ പെരസിനെയാണ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. എങ്കിലും പിന്നീട് എന്നെ വിളിക്കുമെന്നോര്‍ത്ത് ഞാന്‍ സൈഡ് ബെഞ്ചിലിരുന്നു. പക്ഷെ വിളിച്ചില്ല. ആ കളിയില്‍ അര്‍ജന്റീന തോറ്റു.അസാധ്യമായ ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് തൊട്ടടുത്തുവെച്ച് ഞങ്ങള്‍ ചിതറി വീണു.
അര്‍ജന്റീനയ്ക്കായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരങ്ങളിലൊരാളാണ് മരിയ.അന്താരാഷ്ട്ര ഗോള്‍നേട്ടത്തില്‍ ആറാം സ്ഥാനത്തുമുണ്ട്.
ക്ലബ് ഫുട്ബോളിലെ ഡി മരിയ എഫക്ട്.. മെസിക്കും ക്രിസ്റ്റ്യാനോക്കും പിന്നില്‍ മൂന്നാമന്‍
നീണ്ടുമെലിഞ്ഞതു കാരണം നൂഡില്‍സ് എന്ന് അര്‍ഥം വരുന്ന ഫിഡിയോ എന്നൊരു വിളിപ്പേരു കൂടിയുണ്ട് ഡി മരിയയ്ക്ക്.അവന്റെ വേഗവും പന്തടക്കവും ശ്രദ്ധിക്കപ്പെട്ടതോടെ നന്നേ ചെറുപ്പത്തില്‍ തന്നെ ക്ലബുകള്‍ അവനുവേണ്ടി പിടിവലി തുടങ്ങി. മുപ്പത്തിയഞ്ച് പന്തുകള്‍ പകരം കൊടുത്താണ് ടൊറിറ്റോയില്‍ നിന്ന് റൊസാരിയോ സെന്‍ട്രല്‍ തന്നെ ആദ്യമായി വാങ്ങിയതെന്ന് ഡി മരിയ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.ഇതേ റൊസാരിയോ പിന്നീട് മുതിര്‍ന്ന ഡി മരിയയെ ബെനിഫിക്കയ്ക്ക് വിറ്റതാവട്ടെ ആറ് ദശലക്ഷം യൂറോയ്ക്കും.
രാജ്യങ്ങള്‍ മാറിമാറിയുള്ള കരിയറില്‍ ചുവടുറപ്പിക്കാന്‍ താന്‍ നന്നായി പാടുപെട്ടിരുന്നുവെന്ന് ഡി മരിയ തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.പോര്‍ച്ചുഗലും ഇംഗ്ലണ്ടും സ്പെയിനും ഫ്രാന്‍സുമായി മാറിമാറിയുള്ള ക്ലബ് കരിയറില്‍ കയറ്റിറക്കങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട് ഡി മരിയക്ക്.ബെന്‍ഫിക്കയിലും റയല്‍ മാഡ്രിഡിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും പി.എസ്.ജിയിലുമൊക്കെ താരം ബുട്ടുകെട്ടി.ഏറ്റവും കുറച്ച് മത്സരങ്ങള്‍ കളിച്ച മാഞ്ചെസ്റ്ററിലായിരുന്നു ഡിമരിയ ഫോം കണ്ടെത്താന്‍ ഏറ്റവും അധികം വിഷമിച്ചത്.
27 കളികളില്‍ നിന്ന് മൂന്ന് ഗോള്‍ മാത്രം നേടി ഒരൊറ്റ കൊല്ലം കൊണ്ട് തന്നെ ജോര്‍ജ് ബെസ്റ്റും ബ്രയാന്‍ റോബ്സണും എറിക് കന്റോണയും ഡേവിഡ് ബെക്കാമും അണിഞ്ഞ ഏഴാം നമ്പര്‍ ഉപേക്ഷിച്ച് പി. എസ്.ജിയിലേയ്ക്ക് മാറി.
59.7 ദശക്ഷം പൗണ്ട് എന്ന റെക്കോഡ് തുകയുടെ കരാറിനെ കണക്കറ്റ് പരിഹസിച്ചു അന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍.നാലു വര്‍ഷത്തെ കരാറിന് പി.എസ്.ജിയിലെത്തിയതോടെയാണ് വീണ്ടും താളം കണ്ടെത്തുന്നത്.അവിടെ അവരുടെ വിശ്വസ്തനായി.ഇന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും കഴിഞ്ഞാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അസിസ്റ്റുള്ളത് ഡി മരിയയുടെ പേരിലാണ്.സ്ട്രൈക്കര്‍മാര്‍ക്ക് സഹായം എത്തിക്കുക മാത്രമല്ല, ഗോളടിച്ച് പടനയിക്കാനും താന്‍ ഒട്ടും മോശമല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു ഡി മരിയ.
136 മത്സരങ്ങളിലാണ് അര്‍ജന്റീനയ്ക്കായി എയ്ഞ്ചല്‍ ഡി മരിയ കളത്തിലിറങ്ങിയത്..അതില്‍ ഒരു വിശ്വകിരീടവും,2 കോപ്പയും,ഫൈനലിസ്മയും,യൂത്ത് ലോകകപ്പും, ഒളിമ്പിക്സ് സ്വര്‍ണ്ണവുമടക്കം 6 കിരീടങ്ങളാണ് ടീമിന് സമ്മാനിച്ചത്.വരും തലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ ത്രസിപ്പിക്കുന്ന നിരവധി കഥകളള്‍ സമ്മാനിച്ചാണ് ഡി മരിയ കളം വിടുന്നത്..വെറും വാക്കല്ല..തന്റെ കാലൊപ്പിനാല്‍ പലയാവര്‍ത്തി അദ്ദേഹം അത് തെളിയിച്ചതാണ്.. അത്ഭുതങ്ങളുടെ മാലാഖയായിരുന്നു ഡി മരിയ… വി മിസ്സ് യു ഡിയര്‍ എയ്ഞ്ചല്‍