മയാമി: ലോകകിരീട നേട്ടത്തിന് മുമ്പും ശേഷവും കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടവും ചൂടി ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന അര്‍ജന്റീന, എക്കാലവും ടീമിന്റെ കാവല്‍മാലാഖയായി നിലയുറപ്പിച്ച 'ഏയ്ഞ്ചല്‍ ഡി മരിയയ്ക്ക് ഒരുക്കിയത് അര്‍ഹിക്കുന്ന കിരീടനേട്ടത്തോടെയുള്ള വിടവാങ്ങല്‍. ലൗറ്റാരോ മാര്‍ട്ടിനസ് എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്താനും ഡി മരിയയുടെ വിരമിക്കല്‍ അവിസ്മരണീയമാക്കാനുമായത്. ലോകമെമ്പാടുമുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ആരാധകരുടെ മനസുനിറച്ചാണ് ഡി മരിയ വിടവാങ്ങുന്നത്.

വര്‍ഷങ്ങള്‍ നീണ്ട കിരീട വരള്‍ച്ചയ്ക്കും കാത്തിരിപ്പിനും ശേഷം 2021ലെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കിരീടം ചൂടി സൂപ്പര്‍താരം ലയണല്‍ മെസ്സിയും സംഘവും തുടക്കമിട്ട ജൈത്രയാത്ര ഒടുവില്‍ വീണ്ടും കോപ്പ നിറയെ ആനന്ദം നിറച്ച് അര്‍ജന്റീന ആരാധകരെ ത്രില്ലടിപ്പിക്കുകയാണ്. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ കൊളംബിയന്‍ വെല്ലുവിളി മറികടന്നാണ് അര്‍ജന്റീനയുടെ കീരട നേട്ടം.

'ലയണല്‍ മെസ്സിക്കൊരു കിരീടം' എന്നതായിരുന്നു കഴിഞ്ഞ കോപ്പ അമേരിക്കയ്ക്കു മുന്‍പ് അര്‍ജന്റീന ടീമിന്റെ ആഗ്രഹമെങ്കില്‍, ഏയ്ഞ്ചല്‍ ഡി മരിയയ്ക്കായി ഒരു കപ്പ് എന്നതാണ് ടീമിന്റെ ഇത്തവണത്തെ ലക്ഷ്യമെന്ന് ലയണല്‍ മെസ്സി തന്നെ വ്യക്തമാക്കിയിരുന്നു. കോപ്പയിലും യൂറോ കോപ്പ ജേതാക്കള്‍ ഏറ്റുമുട്ടിയ ഫൈനലിസിമയിലും ലോകകപ്പിലുമെല്ലാം ടീമിന്റെ വിജയശില്‍പിയായ ഡി മരിയയ്ക്കു വിടവാങ്ങല്‍ മത്സരത്തില്‍ അര്‍ജന്റീന ഇതിലപ്പുറം ഇനി എന്തു നല്‍കാന്‍!

ഫൈനലില്‍ അര്‍ജന്റീനയ്ക്കായി നേടിയ വിജയഗോളോടെ ലൗട്ടാരോ മാര്‍ട്ടിനസ് ടോപ്സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ മാര്‍ട്ടിനസിന്റെ അഞ്ചാം ഗോളായിരുന്നു ഫൈനലില്‍ പിറന്നത്. കലാശപ്പോരില്‍ പകരക്കാരനായി എത്തിയാണ് ലൗട്ടാരോ മാര്‍ട്ടിനസ് അര്‍ജന്റീനയ്ക്ക് കിരീടം സമ്മാനിച്ചത്.

അതേസമയം ഫൈനലില്‍ ടീം പരാജയപ്പെട്ടപ്പോഴും കൊളംബിയയുടെ നായകന്‍ ജയിംസ് റോഡ്രിഗസ് കോപ്പ അമേരിക്ക 2024ലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഗോള്‍ ഒന്നും നേടിയില്ലെങ്കിലും ആറ് അസിസ്റ്റുകളാണ് റോഡ്രിഗസിനെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആദ്യമായാണ് ഒരു താരം ഒരു കോപ്പ ടൂര്‍ണമെന്റില്‍ ഇത്രയേറെ അസിസ്റ്റുകള്‍ നല്‍കുന്നത്.

കൊളംബിയയുടെ ഫൈനല്‍ പ്രവേശനത്തില്‍ ജയിംസ് റോഡ്രിഗസിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. അഞ്ച് ക്ലീന്‍ ഷീറ്റുകളോടെ അര്‍ജന്റീനന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കി. ഫൈനലിലും എമി തിളങ്ങിയിരുന്നു. ഫൈനലില്‍ ഫിസിക്കല്‍ ഗെയിം പുറത്തെടുത്തെങ്കിലും കൊളംബിയക്കാണ് ഫെയര്‍പ്ലേ പുരസ്‌കാരം.

കോപ്പയില്‍ കൊളംബിയയെ 1-0ന് തോല്‍പിച്ച് അര്‍ജന്റീന 16-ാം കിരീടമാണ് നേടിയത്. അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടം കൂടിയാണിത്. എക്സ്ട്രാടൈമിലെ 112-ാം മിനുറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്റീനക്കായി വിജയഗോള്‍ നേടിയത്. ആദ്യ 90 മിനുറ്റുകളില്‍ ഇരു ടീമിനും ലക്ഷ്യം കാണാനാവാതെ വന്നതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്.

മത്സരത്തിന്റെ 66-ാം മിനുറ്റില്‍ അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലിയോണല്‍ മെസി കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ് മൈതാനം വിടുന്ന കണ്ണീര്‍കാഴ്ചയ്ക്ക് ഫുട്‌ബോള്‍ ലോകം സാക്ഷിയായി. മെസിയുടെ കാല്‍ക്കുഴയില്‍ കനത്ത നീര് വീഡിയോകളില്‍ ദൃശ്യമായിരുന്നു.

ടീമിന്റെ നെടുന്തൂണായ ലയണല്‍ മെസ്സി പരുക്കേറ്റ് കണ്ണീരോടെ കളം വിട്ടിട്ടും, ഡഗൗട്ടില്‍ അതേ മെസ്സിയെ സാക്ഷിയാക്കി നീലപ്പട കിരീടം നേടിയത് അവരുടെ പോരാട്ടവീര്യത്തിന്റെ കൂടി സാക്ഷ്യമാകുന്നുണ്ട്. ലിയാന്‍ഡ്രോ പരേദസില്‍നിന്ന് ജിയോവാനി ലൊസെല്‍സോയിലൂടെ വന്ന പന്തിന് കരുത്തുറ്റൊരു ഷോട്ടിലൂടെ ലൗത്താരോ മാര്‍ട്ടിനസ് ഗോളിലേക്കു വഴികാട്ടുമ്പോള്‍, ആഹ്ലാദാരവങ്ങള്‍ക്കു നടുവില്‍ എയ്ഞ്ചല്‍ ഡി മരിയയുമുണ്ടായിരുന്നു. പരുക്കിന്റെ വേദന മറന്ന് ഡഗൗട്ടില്‍ സാക്ഷാല്‍ ലയണല്‍ മെസ്സിയും. ടീം വിജയവഴിയിലാണെന്ന് ഉറപ്പാക്കിയ ശേഷമാണ് 117ാം മിനിറ്റില്‍ മരിയയെ പരിശീലകന്‍ ലയണല്‍ സ്‌കലോനി സബ്സ്റ്റിറ്റിയൂട്ട് ചെയ്തത്.

ഇതിനെല്ലാം പുറമേ ഈ കിരീടവിജയത്തില്‍ മെസ്സിക്കൊരു സ്വകാര്യ സന്തോഷം കൂടിയുണ്ട്. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ താരമെന്ന നിലയില്‍ മെസ്സിയുടെ ഇപ്പോഴത്തെ 'ഹോം' കൂടിയാണ് മയാമി. മയാമിയിലെ 'ഹോം' ഗ്രൗണ്ടില്‍ നേടിയ ഈ വിജയം മെസ്സിക്കു സമ്മാനിക്കുന്ന സന്തോഷം ചെറുതാകില്ലല്ലോ. കോപ്പയില്‍ 16 തവണ ജേതാക്കളാവുകയെന്ന റെക്കോര്‍ഡിന്റെ അകമ്പടിയും ഈ വിജയത്തിനും കിരീടധാരണത്തിനുമുണ്ട്.